HOME /NEWS /Money / Paytm | ബിറ്റ്കോയിൻ ഇന്ത്യയിൽ നിയമവിധേയമാക്കിയാൽ ഇടപാടുകൾ സ്വീകരിക്കുമെന്ന് പേടിഎം; IPO നവംബർ 8ന് ആരംഭിക്കും 

Paytm | ബിറ്റ്കോയിൻ ഇന്ത്യയിൽ നിയമവിധേയമാക്കിയാൽ ഇടപാടുകൾ സ്വീകരിക്കുമെന്ന് പേടിഎം; IPO നവംബർ 8ന് ആരംഭിക്കും 

Paytm

Paytm

നവംബർ 8 നാണ് പേടിഎം ഐപിഒ ആരംഭിക്കുക. നവംബർ 10 വരെ സബ്‌സ്‌ക്രിപ്‌ഷൻ ലഭ്യമായിരിക്കും.

  • Share this:

    ഇന്ത്യയിലെ ഏറ്റവും വലിയ പ്രാരംഭ പബ്ലിക് ഓഫറിംഗ് (IPO) ആരംഭിക്കാൻ തയ്യാറെടുക്കുകയാണ് പേടിഎം. ഐപിഒയിലൂടെ 20 ബില്യണ്‍ ഡോളര്‍ മൂല്യത്തിലേക്കുയരാനാണ് രാജ്യത്തെ ഏറ്റവും വലിയ സ്റ്റാർട്ടപ്പുകളിലൊന്നായ പേടിഎം ലക്ഷ്യമിടുന്നതെന്ന് കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ മധുർ ദിയോറ ബ്ലൂംബെർഗ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

    ലോകം ഇന്ന് ഏറെ ചർച്ച ചെയ്യുന്ന ക്രിപ്‌റ്റോകറൻസി എന്ന ഡിജിറ്റൽ ഇടപാടുകൾ പേടിഎമ്മും പരിഗണിച്ചേക്കാമെന്ന സൂചനകളും ദിയോറ നൽകി. എന്നാൽ ഇന്ത്യൻ സർക്കാർ ബിറ്റ്‌കോയിന്‍ അടക്കമുള്ള ക്രിപ്‌റ്റോകറന്‍സികള്‍ക്കെതിരെ സ്വീകരിക്കുന്ന നിലപാട് തീർക്കുന്ന അനിശ്ചിതത്വത്തെ മറികടക്കാൻ കമ്പനി ശ്രമിച്ച് വരികയാണെന്നും ദിയോറ പറയുന്നു. പേടിഎം എപ്പോഴും നിയമങ്ങൾ പാലിക്കുന്നതിൽ വിട്ടുവീഴച്ച വരുത്താറില്ല. നിയമങ്ങൾ വിട്ട് ഒരു കാര്യവും കമ്പനി ചെയ്യാറില്ല. ഞങ്ങൾ എല്ലായ്പ്പോഴും നിയമങ്ങൾ പാലിക്കുന്നതിന് മുൻഗണന നൽകുന്നു എന്നും ദിയോറ വ്യക്തമാക്കി.

    ഇന്ത്യയിൽ ബിറ്റ്‌കോയിൻ പൂർണ്ണമായും നിയമാനുസൃതമായാൽ പേടിഎമ്മിനും ഉപയോക്താക്കൾക്ക് പ്രയോജനപ്പെടുന്ന ചില ഡീലുകളും ഓഫറുകളും ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമിൽ വാഗ്ദാനം ചെയ്യുമെന്നും അഭിമുഖത്തിൽ ദിയോറ പറഞ്ഞു. ഡിജിറ്റൽ കറൻസികളെ പ്രോത്സാഹിപ്പിക്കാൻ പേടിഎം എല്ലായ്പ്പോഴും ശ്രമിക്കാറുണ്ട്. എന്നാൽ ഇന്ത്യയിൽ ഇവ പൂർണമായി നിയമാനുസൃതമായാൽ മാത്രമേ കമ്പനി ഇവ അവതരിപ്പിക്കാൻ ആലോചിക്കുന്നുള്ളൂവെന്നും ദിയോറ വ്യക്തമാക്കി. ഇന്ത്യൻ സാങ്കേതിക ഇടം ബിറ്റ്‌കോയിൻ, ഡിജിറ്റൽ ടോക്കണുകൾ എന്നിവയിൽ വ്യാപാരം നടത്താൻ ആളുകളെ അനുവദിക്കുന്ന സംരംഭങ്ങളാൽ നിറയുന്നുണ്ടെങ്കിലും പേടിഎം ഈ കാര്യങ്ങൾ തിടുക്കത്തിൽ കൈകാര്യം ചെയ്യാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ കമ്പനി ഈ ഡിജിറ്റൽ അസറ്റ് ആശയത്തോട് വിമുഖത കാണിക്കുന്നില്ലെന്നും കമ്പനിയുടെ സിഎഫ്ഒ വ്യക്തമാക്കി.

    ബിറ്റ്‌കോയിന്‍ അടക്കമുള്ള ക്രിപ്‌റ്റോകറന്‍സികള്‍ക്കെതിരെ ശക്തമായ നിലപാടാണ് ഇന്ത്യ നിലവിൽ കൈകൊണ്ടിരിക്കുന്നത്. ക്രിപ്റ്റോകറൻസിക്കെതിരെയുള്ള ലോകത്തിലെ തന്നെ ഏറ്റവും കടുത്ത ശിക്ഷാ നടപടി ഇന്ത്യയിലാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇന്ത്യൻ വിപണിയിലെ ക്രിപ്‌റ്റോകറൻസിയുടെ വളർച്ച റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മരവിപ്പിച്ചിരുന്നു. എന്നാൽ 2020 മാർച്ചിൽ സുപ്രീം കോടതി ഈ നിരോധനം നീക്കി. ഇക്കാര്യത്തില്‍ പുതിയ നിയമനിര്‍മാണം നടത്താനും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. നിരോധനം പിൻവലിച്ചതു മുതൽ ബിറ്റ്‌കോയിൻ ക്രമപ്പെടുത്താനുള്ള പദ്ധതികളെക്കുറിച്ച് ഇന്ത്യൻ സർക്കാർ ആലോചിക്കുകയും നിയനിർമ്മാണത്തിനായുള്ള ബില്ല് രൂപീകരിക്കാനും ശ്രമിച്ചിരുന്നു.

    നവംബർ 8 നാണ് പേടിഎം ഐപിഒ ആരംഭിക്കുക. നവംബർ 10 വരെ സബ്‌സ്‌ക്രിപ്‌ഷൻ ലഭ്യമായിരിക്കും. ഷെയറൊന്നിന് 2080 രൂപ മുതൽ 2150 രൂപ വരെ എന്ന പ്രൈസ് ബാൻഡ് ആണ് കമ്പനി കണക്കാക്കിയിരിക്കുന്നത്. ഗോൾഡ്‌മാൻ സാഷെ, മോർഗൻ സ്റ്റാൻലി, സിറ്റി, ഐസിഐസിഐ തുടങ്ങിയ ബാങ്കുകൾ ഇതിന്റെ ഭാഗമായേക്കും.

    First published:

    Tags: Bitcoin, Paytm