കൊച്ചി: ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില കുത്തനെ ഇടിയുന്നു. വ്യാഴാഴ്ച ബ്രെന്റ് ക്രൂഡ് വീപ്പയ്ക്ക് 1.33 ഡോളര്‍ കുറഞ്ഞ് 72.32 ഡോളറിലേക്കു ചുരുങ്ങി. വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് (ഡബ്ല്യു.ടി.ഐ. ക്രൂഡ്) വില വീപ്പയ്ക്ക് 1.38 ഡോളര്‍ കുറഞ്ഞ് 66.23 ഡോളറിലേക്കെത്തി. 15 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്.
ആഗോള ബാങ്കിങ് രംഗത്തെ സമ്മര്‍ദം മറ്റൊരു സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനയാണെന്നും അങ്ങനെയെങ്കില്‍ ഉപഭോഗം കുറയുമെന്നുമുള്ള ആശങ്കയാണ് എണ്ണ വിപണിയെ ബാധിച്ചിട്ടുള്ളത്. അതേസമയം, കേരളത്തിൽ അടുത്ത മാസം മുതൽ ഇന്ധനവില വർധിക്കും. സംസ്ഥാന ബജറ്റിൽ സർക്കാർ പ്രഖ്യാപിച്ച അധിക സെസ് വരുന്നതോടെ പെട്രോൾ, ഡീസൽ വില ലിറ്ററിന് രണ്ട് രൂപയാണ് കൂടുക.
തിരുവനന്തപുരത്ത് ഇപ്പോൾ പെട്രോളിന് 108 രൂപയും ഡീസലിന് 96.79 രൂപയുമാണ്. കൊച്ചിയിൽ പെട്രോളിന് 105.72 രൂപയും ഡീസലിന് 94.66 രൂപയുമാണ് നിലവിലെ നിരക്ക്. 2 രൂപ കൂടുന്നതോടെ തിരുവനന്തപുരത്തും പെട്രോൾ വില 110 രൂപയിലേക്കും ഡീസൽ വില 99 രൂപയിലേക്കുമെത്തും.
ബെംഗളൂരുവിൽ പെട്രോൾ വില തിരുവനന്തപുരത്തേക്കാൾ ഏകദേശം 7 രൂപ കുറവാണ് (ഇന്നത്തെ വില -101.4). ഡീസൽ വിലയിലെ കുറവ് 8.96 രൂപ (87.89). കഴിഞ്ഞ നവംബറിൽ കർണാടക വിൽപന നികുതി കുറച്ചതോടെ വാറ്റ് വിഹിതം 35 ശതമാനത്തിൽ നിന്ന് 25.9% ആയി കുറച്ചിരുന്നു.
മറ്റ് പ്രധാന നഗരങ്ങളിലെ ഇന്നത്തെ ഇന്ധനവില | പെട്രോൾ വില | ഡീസൽ വില |
മാഹി | 93.80 | 83.72 |
പുതുച്ചേരി | 96.16 | 86.33 |
ശ്രീനഗർ | 101.2 | 86.5 |
ഗുവാഹത്തി | 97.56 | 88.83 |
ഹൈദരാബാദ് | 109.66 | 97.82 |
ബെംഗളൂരു | 101.4 | 87.89 |
ഇറ്റാനഗര്‍ | 93.29 | 82.36 |
പട്ന | 107.22 | 94.02 |
ഡൽഹി | 96.76 | 89.66 |
ഭോപ്പാല്‍ | 108.63 | 93.88 |
ഭുവനേശ്വർ | 103.17 | 94.74 |
ചെന്നൈ | 102.63 | 94.24 |
മുംബൈ | 106.31 | 94.27 |
കൊൽക്കത്ത | 106.03 | 92.76 |
അമൃത്സർ | 96.85 | 87.19 |
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.