ന്യൂഡൽഹി: പെട്രോളിന്റെയും ഡീസലിന്റെയും (Petrol-Diesel price) എക്സൈസ് തീരുവ (Excise Duty) കുറച്ച് കേന്ദ്രസർക്കാർ. പെട്രോൾ ലിറ്ററിന് യഥാക്രമം 8 രൂപയും ഡീസലിന് 6 രൂപയുമാണ് എക്സൈസ് തീരുവയിൽ കുറവ് വരുത്തിയത്. ഇതോടെ ഫലത്തിൽ പെട്രോളിന് ലിറ്ററിന് 9.5 രൂപയും ഡീസലിന് 7 രൂപയും കുറയും. പുതുക്കിയ വില നാളെ മുതൽ പ്രാബല്യത്തിൽ വരും.
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ (Financial Minister Nirmala Sitharaman) ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് പണപ്പെരുപ്പം വര്‍ധിച്ച സാഹചര്യത്തിലാണ് ഇന്ധനവിലയുടെ എക്സൈസ് തീരുവ കുറയ്ക്കുവാൻ കേന്ദ്രം തീരുമാനിച്ചത്.
നേരത്തെ പല പല ഘട്ടങ്ങളിലായി നിർത്തലാക്കിയ പാചകവാതക സിലിണ്ടറുകൾക്കുണ്ടായിരുന്ന സബ്‌സിഡി വീണ്ടും പുനഃസ്ഥാപിക്കുമെന്നും ധനമന്ത്രി അറിയിച്ചു. 200 രൂപയാകും സബ്‌സിഡി നൽകുക. ഉജ്വല യോജന പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് പ്രതിവർഷം 12 സിലിണ്ടറുകൾക്കായിരിക്കും സബ്‌സിഡി ലഭിക്കുക.
We are reducing the Central excise duty on Petrol by Rs 8 per litre and on Diesel by Rs 6 per litre. This will reduce the price of petrol by Rs 9.5 per litre and of Diesel by Rs 7 per litre: Union Finance Minister Nirmala Sitharaman
(File Pic) pic.twitter.com/13YJTpDGIf
— ANI (@ANI) May 21, 2022
“ഞങ്ങൾ പെട്രോളിന്റെ കേന്ദ്ര എക്സൈസ് തീരുവ ലിറ്ററിന് 8 രൂപയും ഡീസലിന് ലിറ്ററിന് 6 രൂപയും കുറയ്ക്കുന്നു. ഇതോടെ പെട്രോൾ വില ലിറ്ററിന് 9.5 രൂപയും ഡീസലിന് 7 രൂപയും കുറയും,” നിർമല സീതാരാമൻ ട്വിറ്ററിൽ പറഞ്ഞു. ഇത് കേന്ദ്ര സർക്കാരിന് പ്രതിവർഷം ഒരു ലക്ഷം കോടി രൂപയോളം വരുമാന നഷ്ടമുണ്ടാകുമെന്ന് ധനമന്ത്രി പറഞ്ഞു. എന്നാൽ, നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരമേറ്റതുമുതൽ പാവപ്പെട്ടവരുടെ ക്ഷേമത്തിനായി അർപ്പണബോധത്തോടെയാണ് പ്രവർത്തിക്കുന്നതെന്ന് അവർ കൂട്ടിച്ചേർത്തു.
യുക്രെയ്ൻ സംഘർഷം മൂലമുണ്ടായ വിതരണ ശൃംഖലയിലെ തടസ്സങ്ങളും കോവിഡ് -19 മഹാമാരിയിൽ നിന്ന് ലോകം കരകയറുന്നതും കണക്കിലെടുത്താണ് സീതാരാമൻ പ്രഖ്യാപനം നടത്തിയത്. ഈ രണ്ട് സംഭവങ്ങളും പല രാജ്യങ്ങളിലും പണപ്പെരുപ്പത്തിനും സാമ്പത്തിക പ്രതിസന്ധിക്കും കാരണമായെന്ന് അവർ പറഞ്ഞു.
അതിനാൽ, വെല്ലുവിളി നിറഞ്ഞ അന്താരാഷ്ട്ര സാഹചര്യം കണക്കിലെടുത്ത് അവശ്യ വസ്തുക്കളുടെ വില നിയന്ത്രണത്തിൽ നിലനിർത്താൻ കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്നും സീതാരാമൻ പറഞ്ഞു.
Also read- LPG price | ഗ്യാസ് സിലിണ്ടറിന് 200 രൂപ സബ്സിഡി; പെട്രോൾ-ഡീസൽ വിലയും കുറയും
“ദരിദ്രരെയും ഇടത്തരക്കാരെയും സഹായിക്കാൻ ഞങ്ങൾ നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. തൽഫലമായി, ഞങ്ങളുടെ ഭരണകാലത്തെ ശരാശരി പണപ്പെരുപ്പം മുൻ സർക്കാരുകളെ അപേക്ഷിച്ച് കുറവായിരുന്നു, ”സീതാരാമൻ പറഞ്ഞു.
ഉത്തർപ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നവംബർ 4 മുതൽ വില വർദ്ധിപ്പിക്കുന്നത് മരവിപ്പിച്ചിരുന്നു. നാലര മാസത്തേക്ക് പിന്നീട് കൂടാതിരുന്ന ഇന്ധനവില പിന്നീട് മാർച്ച് 22 നാണ് വർധിച്ചത്. പ്രതിദിന വില വർധനവ് പുനരാരംഭിച്ച ശേഷം പെട്രോളിനും ഡീസലിനും 14 തവണയാണ് വില വർധിച്ചത്. ലിറ്ററിന് ഏകദേശം 10 രൂപയുടെ വർധനവാണ് ഇക്കാലയളവിലുണ്ടായത്. ഏപ്രിൽ ആറിനാണ് ഈ വർധനവ് നിലച്ചത്. പിന്നീട് ഏകദേശം ഒന്നര മാസത്തോളം മാറ്റമില്ലാതെ തുടർന്ന ഇന്ധനവിലയാണ് ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ ഇടപെടലിലൂടെ കുത്തനെ കുറഞ്ഞിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.