തുടർച്ചയായ ഏഴാം ദിവസവും (നവംബർ 10 ബുധനാഴ്ച) രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല. മാസങ്ങളായി ദിനംപ്രതി വർദ്ധിച്ചിരുന്ന പെട്രോൾ, ഡീസൽ വിലയിൽ അടുത്തിടെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. കേന്ദ്രം എക്‌സൈസ് തീരുവ വെട്ടിക്കുറച്ചതും രാജ്യത്തെ 20ലധികം സംസ്ഥാനങ്ങൾ മൂല്യവർധിത നികുതി (VAT) കുറച്ചതോടെ കഴിഞ്ഞയാഴ്ച പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയും കുറഞ്ഞിരുന്നു.
വില കുറച്ചതിന് ശേഷം, രാജ്യത്തെ മിക്ക ഭാഗങ്ങളിലും പെട്രോൾ വില ലിറ്ററിന് 100 രൂപയിൽ താഴെയായി. എൻഡിഎയും ബിജെപിയും ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് കുറച്ചതോടെ ഇന്ധന വിലയിൽ കുറവുണ്ടായി. ഇപ്പോൾ, പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളും ഇന്ധനങ്ങളുടെ വാറ്റ് നിരക്ക് കുറയ്ക്കാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു.
പെട്രോളിന്റെയും ഡീസലിന്റെയും വിലയിലെ വാറ്റ് നിരക്ക് കുറയ്ക്കുന്ന സംസ്ഥാനങ്ങളുടെ നിരയിൽ ചേരുന്ന ഏറ്റവും പുതിയ പ്രതിപക്ഷ പാർട്ടി ഭരിക്കുന്ന സംസ്ഥാനമാണ് രാജസ്ഥാൻ. വർദ്ധിച്ചുവരുന്ന ജന സമ്മർദ്ദത്തിനിടയിൽ ചൊവ്വാഴ്ച രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വില കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചു. എന്നാൽ ഇത് എപ്പോൾ പ്രഖ്യാപിക്കുമെന്നോ എത്ര നികുതി കുറയ്ക്കുമെന്നോ അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ''എല്ലാ സംസ്ഥാനങ്ങളും വില കുറയ്ക്കുമ്പോൾ, ഞങ്ങൾക്കും (രാജസ്ഥാൻ സർക്കാരിന്) അത് കുറയ്‌ക്കേണ്ടി വരും,'' അദ്ദേഹം ഒരു പൊതുസമ്മേളനത്തിൽ പറഞ്ഞു. ''സംസ്ഥാനത്ത് പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് കുറയ്ക്കുന്നതിലൂടെ ഞങ്ങളുടെ സർക്കാർ ജനങ്ങൾക്ക് ആശ്വാസം നൽകും,'' ഗെലോട്ട് കൂട്ടിച്ചേർത്തു.
Also read- Petrol, diesel prices| ഇന്ധനവിലയിൽ മാറ്റമില്ല; ഇന്നത്തെ വില അറിയാം
വാറ്റ് വെട്ടിക്കുറയ്ക്കൽ പ്രഖ്യാപിച്ച ആദ്യ ബിജെപി ഇതര സംസ്ഥാനമാണ് പഞ്ചാബ്. ഞായറാഴ്ച, മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി ഇന്ധന വില കുറയ്ക്കുന്നതായി പ്രഖ്യാപിച്ചിരുന്നു ''ഞങ്ങൾ പെട്രോൾ നിരക്ക് ലിറ്ററിന് 10 രൂപയും ഡീസലിന് 5 രൂപയും അർദ്ധരാത്രി മുതൽ കുറയ്ക്കുന്നു,'' എന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. പുതിയ വില പഞ്ചാബിൽ തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. തിങ്കളാഴ്ച മുതൽ പഞ്ചാബിലുടനീളം ഒരു ലിറ്റർ ഡീസൽ 83.75 രൂപയായി കുറഞ്ഞപ്പോൾ പെട്രോൾ നിരക്ക് ലിറ്ററിന് 95 രൂപയായി കുറഞ്ഞു.
കേന്ദ്രസർക്കാർ നികുതി കുറച്ചതോടെ രാജ്യതലസ്ഥാനമായ ഡൽഹിയിലും ഇന്ധനവില താഴ്ന്നു. ഡൽഹിയിൽ പെട്രോൾ വില 103.97 രൂപയായി കുറഞ്ഞു. ബുധനാഴ്ചയും നിരക്ക് മാറ്റമില്ലാതെ തുടർന്നു. അതേസമയം, ഇവിടെ ഒരു ലിറ്റർ ഡീസലിന് 86.67 രൂപയാണ് ഇന്നത്തെ വില. ഡൽഹി വാറ്റ് കുറയ്ക്കുന്നത് സംബന്ധിച്ച് പ്രഖ്യാപനങ്ങൾ ഒന്നും നടത്തിയിട്ടില്ല.
പുതിയ നിരക്ക് പ്രകാരം മുംബൈയിൽ പെട്രോൾ വില ലിറ്ററിന് 109.98 രൂപയായി. ഡീസൽ വില കുറച്ചതിന് ശേഷം ഒരു ലിറ്ററിന് വില 94.14 രൂപയായി. പശ്ചിമ ബംഗാളിന്റെ തലസ്ഥാനമായ കൊൽക്കത്തയിൽ തിങ്കളാഴ്ച ഒരു ലിറ്റർ പെട്രോളിന് 104.67 രൂപയായിരുന്നു വില. അതേസമയം, ഇവിടെ ഒരു ലിറ്റർ ഡീസലിന്റെ വില 89.79 രൂപയാണ്. ചെന്നൈയിൽ പെട്രോൾ വില ഒരു ലിറ്ററിന് 101.40 രൂപയും ഡീസലിന് 91.43 രൂപയുമാണ്. ഭോപ്പാലിൽ പെട്രോൾ വില 107.23 രൂപയും ഡീസൽ വില 90.87 രൂപയുമാണ്.
അതേമസയം, കേരളം ഇന്ധന നികുതി കുറയ്ക്കില്ല എന്ന് ധനമന്ത്രി കെ ബാലഗോപാലൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ആറ് വർഷക്കാലം കേന്ദ്രം നികുതി കൂട്ടിയപ്പോൾ കേരളം കൂട്ടിയിട്ടില്ല എന്നത് ചൂണ്ടിക്കാണിച്ചാണ് ധനമന്ത്രി നികുതി കുറയ്ക്കില്ലെന്ന് വ്യക്തമാക്കിയത്.
രാജ്യത്തെ ചില പ്രധാന നഗരങ്ങളിലെ ഡീസലിന്റെയും പെട്രോളിന്റെയും വിലകൾ താഴെ കൊടുക്കുന്നു:
മുംബൈ : പെട്രോൾ - 109.98 രൂപ, ഡീസൽ - 94.14 രൂപ
ഡൽഹി : പെട്രോൾ - 103.97 രൂപ, ഡീസൽ - 86.67 രൂപ
ചെന്നൈ : പെട്രോൾ - 101.40 രൂപ, ഡീസൽ - 86.67 രൂപ
കൊൽക്കത്ത : പെട്രോൾ - 104.67 രൂപ, ഡീസൽ - 89.79 രൂപ
ഭോപ്പാൽ : പെട്രോൾ - 107.23 രൂപ, ഡീസൽ - 90.87 രൂപ
ഹൈദരാബാദ് : പെട്രോൾ - 108.20 രൂപ, ഡീസൽ - 94.62 രൂപ
ബെംഗളൂരു : പെട്രോൾ - 100.58 രൂപ, ഡീസൽ - 85.01 രൂപ
ചണ്ഡീഗഡ് : പെട്രോൾ - 100.12 രൂപ, ഡീസൽ - 86.46 രൂപ
ഗുവാഹത്തി : പെട്രോൾ - 94.58 രൂപ, ഡീസൽ - 81.29 രൂപ
ലക്‌നൗ : പെട്രോൾ - 95.28 രൂപ, ഡീസൽ - 86.80 രൂപ
ഗാന്ധിനഗർ : പെട്രോൾ - 95.35 രൂപ, ഡീസൽ - 89.33 രൂപ
തിരുവനന്തപുരം : പെട്രോൾ - 106.36 രൂപ, ഡീസൽ - 93.47 രൂപ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Petrol Diesel price today, Petrol price, Petrol Price Kerala