• HOME
 • »
 • NEWS
 • »
 • money
 • »
 • PF - Aadhaar ബന്ധിപ്പിക്കൽ മുതല്‍ ITR ഫയലിങ് വരെ; ഡിസംബര്‍ 31ന് മുമ്പ് പൂര്‍ത്തിയാക്കേണ്ട പ്രധാന കാര്യങ്ങള്‍

PF - Aadhaar ബന്ധിപ്പിക്കൽ മുതല്‍ ITR ഫയലിങ് വരെ; ഡിസംബര്‍ 31ന് മുമ്പ് പൂര്‍ത്തിയാക്കേണ്ട പ്രധാന കാര്യങ്ങള്‍

ഐടിആർ ഫയലിങ് മുതൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നത് വരെയുള്ള ചില കാര്യങ്ങൾ ഇതിൽ ഉൾപ്പെടും

Rupee

Rupee

 • Last Updated :
 • Share this:
  ഈ വർഷത്തിന്റെ അവസാന ദിനങ്ങളിലേക്ക് നമ്മൾ അടുത്തു കഴിഞ്ഞു. പുതുവർഷമായ 2022നെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് എല്ലാവരും. എന്നാൽ, ചില പ്രതികൂല സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനായി ഈ വർഷത്തെ അവശേഷിക്കുന്ന രണ്ട് ദിവസങ്ങളിൽ നിങ്ങൾ പൂർത്തിയാക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. ഇവയിൽ, നിങ്ങളുടെ പേഴ്‌സണൽ ഫിനാൻസുമായി ബന്ധപ്പെട്ട കാര്യങ്ങൾ വളരെ പ്രാധാന്യമുള്ളതാണ്. നിങ്ങൾ അത് ഡിസംബർ 31 വെള്ളിയാഴ്ചയോടെ പൂർത്തിയാക്കേണ്ടതുണ്ട്. ഐടിആർ ഫയലിങ് മുതൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നത് വരെയുള്ള ചില കാര്യങ്ങൾ ഇതിൽ ഉൾപ്പെടും.

  ഈ വർഷാവസാനത്തോടെ നിങ്ങൾ പൂർത്തിയാക്കേണ്ട നാല് പ്രധാനപ്പെട്ട സാമ്പത്തിക കാര്യങ്ങൾ ഇതാ

  1. ഡിസംബർ അവസാനത്തോടെ പിഫ് ആധാറുമായി ബന്ധിപ്പിക്കണം
  നിങ്ങളുടെ പിഎഫ് അക്കൗണ്ടിന്റെ യൂണിവേഴ്‌സൽ അക്കൗണ്ട് നമ്പർ (യുഎഎൻ) ആധാറുമായി (Aadhaar) ബന്ധിപ്പിക്കുന്നതിന് ഇപിഎഫ്ഒ (EPFO) അനുവദിച്ചിരിക്കുന്ന സമയപരിധി 2021 ഡിസംബർ 31 ആണ്. ഈ വർഷം ജൂൺ മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നാണ് ഇപിഎഫ്ഒ നേരത്തെ അറിയിച്ചിരുന്നത്. ഡിസംബർ 31നകം നിങ്ങളുടെ യുഎഎൻ ആധാർ നമ്പറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ നിങ്ങൾക്ക് നിരവധി പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും. അതിൽ ഒന്ന്, പിഎഫ് അക്കൗണ്ടുമായി ആധാർ ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ തൊഴിലുടമയുടെ ഭാഗത്തു നിന്നും ലഭിക്കുന്ന സംഭാവന നിലയ്ക്കും. ജീവനക്കാർ അക്കൗണ്ടുകൾ ലിങ്ക് ചെയ്യുന്ന സമയം വരെയും വിശദാംശങ്ങൾ തൊഴിലുടമകളും അധികാരികളും അംഗീകരിക്കുന്നതു വരെയും പണമടയ്ക്കുന്നതിൽ കാലതാമസം നേരിടേണ്ടിവരും. മാത്രമല്ല ജീവനക്കാർക്ക് അവരുടെ അക്കൗണ്ടിൽ നിന്ന് പിഎഫ് പണം പിൻവലിക്കാനും കഴിയില്ല.

  2. ഐടിആർ ഫയൽ ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും
  കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ആദായനികുതി റിട്ടേണുകൾ (ITR) ഫയൽ ചെയ്യേണ്ട അവസാന തീയതി സർക്കാർ ഈ വർഷം ഡിസംബർ 31 ലേക്ക് നീട്ടിയിരുന്നു. ആദായനികുതി പോർട്ടലിലെ തകരാറുകൾ സംബന്ധിച്ച് ഉപയോക്താക്കൾ പരാതിപ്പെട്ടതിനെ തുടർന്നാണ് സമയപരിധി നീട്ടിയത്. യഥാർത്ഥ സമയപരിധി 2021 ജൂലൈ 31 ആയിരുന്നു. നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ ഐടിആർ ഫയൽ ചെയ്യാതിരുന്നാൽ 5,000 രൂപ വരെ പിഴയും മറ്റ് ചാർജുകളും നൽകേണ്ടി വരും. ഡിസംബർ 31നുള്ളിൽ ഐടിആർ ഫയൽ ചെയ്യാൻ കഴിയാത്തവർക്ക് ചില നിബന്ധനകൾക്ക് വിധേയമായി 2022 മാർച്ച് 31നകം ഐടിആർ സമർപ്പിക്കാൻ കഴിയും. ഈ തീയതിക്ക് ശേഷവും നിങ്ങളുടെ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാതിരുന്നാൽ മുകളിൽ സൂചിപ്പിച്ച എല്ലാ ചാർജുകൾക്കും പിഴകൾക്കും പുറമെ അടയ്ക്കേണ്ട നികുതി തുകയുടെ കുറഞ്ഞത് 50 ശതമാനം വരെ പിഴയായി ആദായ നികുതി വകുപ്പിന് ഈടാക്കാം. നിങ്ങളിൽ നിന്ന് ഈടാക്കേണ്ട നികുതി തുക 10,000 രൂപയിൽ കൂടുതലാണെങ്കിൽ നിങ്ങൾക്ക് മൂന്ന് വർഷം ജയിൽശിക്ഷ നൽകാനുള്ള അവകാശവും നികുതി വകുപ്പിനുണ്ട്. അതിനാൽ നിശ്ചിത തീയതിക്കുള്ളിൽ നിങ്ങളുടെ ഐടിആർ ഫയൽ ചെയ്യുന്നതാണ് ഉചിതം. 2020-21 സാമ്പത്തിക വർഷത്തേക്കുള്ള 4.43 കോടിയിലേറെ ആദായ നികുതി റിട്ടേണുകൾ (ഐടിആർ) ഇതിനോടകം ഫയൽ ചെയ്തു കഴിഞ്ഞതായി ആദായ നികുതി വകുപ്പ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

  3. ലൈഫ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ജീവൻ പ്രമാൺ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി
  പെൻഷൻകാർ തങ്ങളുടെ പെൻഷൻ തടസ്സമില്ലാതെ സ്വീകരിക്കുന്നതിന് ഡിസംബർ 31നകം ജീവൻ പ്രമാൺ സമർപ്പിക്കണം. കോവിഡ് 19 വ്യാപനം കണക്കിലെടുത്ത് പെൻഷൻ ആന്റ് പെൻഷനേഴ്‌സ് വെൽഫെയർ ഡിപ്പാർട്ട്‌മെന്റ് (DoPPW) ഡിസംബർ 1ലെ മെമ്മോറാണ്ടത്തിൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി നൽകിയിരുന്നു. പെൻഷൻകാർക്ക് ഏറ്റവും അനിവാര്യമായ ഒരു രേഖയാണ് ജീവൻ പ്രമാൺ പത്ര എന്ന് അറിയപ്പെടുന്ന ലൈഫ് സർട്ടിഫിക്കറ്റ്. പെൻഷൻ വാങ്ങുന്നവർ തങ്ങൾ ജീവിച്ചിരിപ്പുണ്ട് എന്ന് തെളിയിക്കുതിനായി സമർപ്പിക്കേണ്ട പ്രധാന രേഖയാണ് ഇത് . പെൻഷൻ വാങ്ങുവർ സാധാരണയായി എല്ലാ വർഷവും നവംബർ 30ന് മുമ്പായാണ് ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടത്. ''വിവിധ സംസ്ഥാനങ്ങളിൽ നിലവിലുള്ള കോവിഡ് 19 മഹാമാരി കണക്കിലെടുത്തും പ്രായമായവരുടെ കൊറോണ വൈറസ് അപകടസാധ്യത കണക്കിലെടുത്തും എല്ലാ പ്രായത്തിലുള്ള പെൻഷൻകാർക്കും ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിനുള്ള സമയപരിധി നവംബർ 30 ൽ നിന്നും നീട്ടാൻ തീരുമാനിച്ചു'' എന്നാണ് പെൻഷൻ ആന്റ് പെൻഷനേഴ്‌സ് വെൽഫെയർ ഡിപ്പാർട്ട്‌മെന്റ് (DoPPW) മെമ്മോറാണ്ടത്തിൽ വ്യക്തമാക്കിയിരുന്നത്.

  ഈ കാലയളവിൽ ആർക്കും പെൻഷൻ മുടങ്ങില്ലെന്നും എല്ലാ പെൻഷൻകാർക്കും പെൻഷൻ വിതരണ അതോറിറ്റികളിൽ നിന്നും (പിഡിഎ) പെൻഷൻ തടസ്സമില്ലാതെ ലഭിക്കുമെന്നും ബന്ധപ്പെട്ട വകുപ്പ് അറിയിച്ചിരുന്നു. ജീവൻ പ്രമാൺ വെബ്‌സൈറ്റ് (https://jeevanpramaan.gov.in/) അല്ലെങ്കിൽ ആപ്പ് ഉപയോഗിച്ച് ലൈഫ് സർട്ടിഫിക്കറ്റുകൾ ഡിജിറ്റലായി സമർപ്പിക്കാം. ഓൺലൈനായി ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കഴിയാത്തവർക്ക്, പെൻഷൻ വിതരണം ചെയ്യുന്ന ബാങ്കുകൾ നേരിട്ട് സന്ദർശിച്ചും ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാം. ഡോർസ്റ്റെപ്പ് ബാങ്കിങ് സേവനം ഉപയോഗപ്പെടുത്തിയും ലൈഫ് സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാം. ഇതിൽ പെൻഷൻകാർക്ക് വീട്ടലിരുന്നു തന്നെ ഒരു പോസ്റ്റ്മാൻ വഴിയോ നിയുക്ത ഉദ്യോഗസ്ഥൻ വഴിയോ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കും.

  4. ഡീമാറ്റ്, ട്രേഡിങ് അക്കൗണ്ടുകളിലെ കെവൈസി പൂർത്തിയാക്കുക
  സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) കഴിഞ്ഞ സെപ്റ്റംബറിൽ ട്രേഡിങ്, ഡീമാറ്റ് അക്കൗണ്ടുകളുടെ കെവൈസി പ്രക്രിയ പൂർത്തിയാക്കാനുള്ള സമയപരിധി നീട്ടി നൽകിയിരുന്നു. ഇതനുസരിച്ച് ഓഹരി വിപണിയിൽ നിക്ഷേപിക്കുന്ന എല്ലാ വ്യക്തികളും 2021 ഡിസംബർ 31ന് മുമ്പായി ട്രേഡിങ്, ഡീമാറ്റ് അക്കൗണ്ടുകളുടെ കെവൈസി (Know your customer) നടപടികൾ പൂർത്തിയാക്കണം. ഇത് ചെയ്യാതിരുന്നാൽ നിങ്ങളുടെ ഡീമാറ്റ് അക്കൗണ്ട് നിഷ്‌ക്രിയമാകാൻ സാധ്യതയുണ്ട്.

  പ്രതികൂല സാഹചര്യങ്ങൾ ഒഴിവാക്കുന്നതിന് മേൽപറഞ്ഞ കാര്യങ്ങൾ ബാധകമാകുന്ന വ്യക്തികൾ ഉടൻ തന്നെ ഇവ പൂർത്തിയാക്കുക.
  Published by:Anuraj GR
  First published: