• HOME
  • »
  • NEWS
  • »
  • money
  • »
  • Post Office MIS Account | വെറും 1000 രൂപ അടച്ച് അക്കൗണ്ട് തുറക്കാം; പ്രതിമാസ വരുമാനം നേടാൻ മികച്ച പോസ്റ്റ് ഓഫീസ് നി​ക്ഷേപ പദ്ധതി

Post Office MIS Account | വെറും 1000 രൂപ അടച്ച് അക്കൗണ്ട് തുറക്കാം; പ്രതിമാസ വരുമാനം നേടാൻ മികച്ച പോസ്റ്റ് ഓഫീസ് നി​ക്ഷേപ പദ്ധതി

അക്കൗണ്ട് തുറന്ന തീയതി മുതൽ ഒരു മാസം പൂർത്തിയാകുമ്പോൾ മുതൽ കാലാവധി പൂർത്തിയാകുന്നതുവരെ പോസ്റ്റ് ഓഫീസ് എംഐഎസ് സ്കീമിലെ പലിശ നിക്ഷേപകർക്ക് ലഭിക്കും.

  • Last Updated :
  • Share this:
    രാജ്യത്തെ ഏറ്റവും ജനപ്രിയമായ സമ്പാദ്യ പദ്ധതികളിൽ ഒന്നാണ് ഇന്ത്യാ പോസ്റ്റ് (India Post) ലഭ്യമാക്കുന്ന നാഷണൽ സേവിങ്സ് മന്ത്ലി ഇൻകം സ്കീം (National Savings Monthly Income scheme). നഷ്ടസാധ്യത ഇല്ല (risk-free ) എന്നതാണ് ഈ സമ്പാദ്യ പദ്ധതിയുടെ പ്രധാന ആകർഷണീയത. പൊതുവെ, വിപണിയിൽ ലഭ്യമാകുന്ന ഏറ്റവും വിശ്വസനീയമായ നിക്ഷേപ പദ്ധതികളാണ് ഇന്ത്യ പോസ്റ്റ് വാഗ്ദാനം ചെയ്യുന്ന സ്കീമുകൾ.

    മറ്റ് നിക്ഷേപ പദ്ധതികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇവ വാ​ഗ്ദാനം ചെയ്യുന്ന വരുമാനം കുറവാണെങ്കിലും ഈ പദ്ധതികൾക്ക് നഷ്ടസാധ്യത കുറവാണ് എന്നതാണ് നിക്ഷേപകരെ ആകർഷിക്കുന്ന പ്രധാന ഘടകം. മാത്രമല്ല സർക്കാർ പിന്തുണയുള്ള നിക്ഷേപ പദ്ധതി എന്ന നിലയിൽ പരമ്പരാ​ഗത നിക്ഷേപകർക്കിടയിലും പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികളോട് താൽപര്യം കൂടുതലാണ്. സ്ഥിര വരുമാനം (fixed returns ) ഉറപ്പുനൽകുന്ന സർക്കാർ പിന്തുണയോടു കൂടിയ ഒരു പദ്ധതിയിൽ പണം നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് പോസ്റ്റ് ഓഫീസ് മന്ത്ലി ഇൻകം സ്കീം (എംഐഎസ് ) അഥവാ പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി പരിഗണിക്കാം.

    പോസ്റ്റ് ഓഫീസ് മന്ത്ലി ഇങ്കം സ്കീം നിക്ഷേപം തുടങ്ങുമ്പോൾ നൽകുന്ന നിരക്കിന് അനുസൃതമായി ഇത് സ്ഥിര വരുമാനം ഉറപ്പ് നൽകുന്നു. കൂടാതെ, ഈ സ്കീമിൽ നിക്ഷേപിക്കുന്നതിലൂടെ ആദായ നികുതി നിയമത്തിന് കീഴിലുള്ള നികുതി ഇളവുകൾ നേടാനും കഴിയും. ഇടത്തരം, താഴ്ന്ന വരുമാന വിഭാ​ഗത്തിൽ ഉൾപ്പെടുന്ന നിക്ഷേപകർക്ക് നികുതി ലാഭിക്കാൻ ഈ പദ്ധതി പ്രയോജനപ്പെടുത്താം. നിങ്ങളുടെ തൊട്ടടുത്തുള്ള പോസ്റ്റ് ഓഫീസിൽ ഈ സ്കീമിന് കീഴിൽ ഒരു അക്കൗണ്ട് തുറക്കാവുന്നതാണ്. അക്കൗണ്ട് തുറക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് ആവശ്യമായ രേഖകൾ സമർപ്പിച്ച് അക്കൗണ്ട് തുടങ്ങാം.

    ഒരു എംഐഎസ് അക്കൗണ്ട് തുറക്കുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ തുക 1,000 രൂപയാണ്. അതിനു ശേഷമുള്ള നിക്ഷേപങ്ങൾ 1,000 രൂപയുടെ ഗുണിതങ്ങളായിരിക്കണം എന്നാണ് പോസ്റ്റ് ഓഫീസിന്റെ മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നത്. ഈ നിയമം 2020 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വന്നതാണ്.

    പോസ്റ്റ് ഓഫീസ് മന്ത്ലി ഇൻകം സ്കീമിന് കീഴിൽ ഒരാൾ മാത്രമായാണ് അക്കൗണ്ട് തുടങ്ങിയിരിക്കുന്നതെങ്കിൽ പരമാവധി നിക്ഷേപ പരിധി 4.5 ലക്ഷം രൂപയാണ്. അതേസമയം ജോയിന്റ് അക്കൗണ്ടുകളിൽ പരമാവധി 9 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. ജോയിന്റ് അക്കൗണ്ടുകളിലെ വിഹിതം ഉൾപ്പെടെ ഒരു വ്യക്തിക്ക് എംഐഎസ് പദ്ധതിയിൽ പരമാവധി 4.5 ലക്ഷം രൂപയാണ് നിക്ഷേപിക്കാനാകുക. ജോയിന്റ് അക്കൗണ്ടിൽ ഓരോ അക്കൗണ്ട് ഉടമയ്ക്കും തുല്യ വിഹിതമാണ് ഉണ്ടായിരിക്കുക.

    പോസ്റ്റ് ഓഫീസ് മന്ത്ലി ഇങ്കം സ്കീമിന് 6.6 ശതമാനം വാർഷിക പലിശ നിരക്കാണ് നിലവിൽ പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നത്. വിപണി സാഹചര്യത്തെ അടിസ്ഥാനമാക്കിയാണ് സർക്കാർ എംഐഎസ് അക്കൗണ്ടിലെ പലിശ നിരക്ക് പരിഷ്കരിക്കുന്നത്. 2021 സെപ്തംബർ 30ന് അവസാനിക്കുന്ന പാദത്തിലാണ് സർക്കാർ എംഐഎസ് അക്കൗണ്ടിന്റെ വാർഷിക പലിശ നിരക്ക് 6.6 ശതമാനം ആയി പുതുക്കി നിശ്ചയിച്ചത്. അക്കൗണ്ടിൽ ലഭ്യമാകുന്ന പലിശ വരുമാനം നിക്ഷേപകർക്ക് പോസ്റ്റ് ഓഫീസിൽ നിന്ന് നേരിട്ട് പിൻവലിക്കാനോ അവരുടെ സേവിംഗ്സ് അക്കൗണ്ടിലേക്ക് മാറ്റാനോ അവസരം ലഭിക്കും.

    റിക്കറിംഗ് നിക്ഷേപ അക്കൗണ്ടിലേക്ക് ( RD account) വരുമാനം മാറ്റാനുള്ള ഓപ്ഷനും പോസ്റ്റ് ഓഫീസ് ചേർത്തിട്ടുണ്ട്. നിലവിലെ നിരക്ക് അടിസ്ഥാനമാക്കി പോസ്റ്റ് ഓഫീസ് മന്ത്ലി ഇൻകം സ്കീമിൽ 4 ലക്ഷം രൂപ നിക്ഷേപിക്കുന്ന ഒരു നിക്ഷേപകന് പ്രതിമാസ വരുമാനമായി 2000 രൂപ ലഭിക്കും. കാലാവധി പൂർത്തിയാകുമ്പോൾ, നിക്ഷേപകന് അക്കൗണ്ടിലെ തുക പിൻവലിക്കാം അല്ലെങ്കിൽ വീണ്ടും നിക്ഷേപിക്കാനുള്ള അവസരം തിരഞ്ഞെടുക്കാം. എല്ലാ മാസവും ലഭിക്കുന്ന പലിശ അക്കൗണ്ട് ഉടമ പിൻവലിച്ചിട്ടില്ല എങ്കിൽ ഈ പലിശയ്ക്ക് കൂട്ടുപലിശ ലഭിക്കില്ല. നിക്ഷേപകന് ലഭിക്കുന്ന പലിശയ്ക്ക് നികുതി ബാധകമാണ്.

    അക്കൗണ്ട് തുറന്ന തീയതി മുതൽ ഒരു മാസം പൂർത്തിയാകുമ്പോൾ മുതൽ കാലാവധി പൂർത്തിയാകുന്നതുവരെ പോസ്റ്റ് ഓഫീസ് എംഐഎസ് സ്കീമിലെ പലിശ നിക്ഷേപകർക്ക് ലഭിക്കും. എംഐഎസ് അക്കൗണ്ട് തുറന്നിട്ടുള്ള അതേ പോസ്റ്റ് ഓഫീസിൽ തന്നെയുള്ള നിക്ഷേപകരുടെ സേവിംഗ്‌സ് അക്കൗണ്ടിലേക്ക് പലിശ ഓട്ടോ ക്രെഡിറ്റ് ആകും. അതിൽ നിന്നോ അല്ലെങ്കിൽ ഇസിഎസ് വഴിയോ നിക്ഷേപകർക്ക് പിൻവലിക്കാം. സിബിഎസ് (Core Banking Solution ) പോസ്റ്റ് ഓഫീസുകളിലെ എംഐഎസ് അക്കൗണ്ടിന്റെ കാര്യത്തിൽ, ഏത് സിബിഎസ് പോസ്റ്റ് ഓഫീസിലെയും സേവിങ്സ് അക്കൗണ്ടിലേക്ക് പ്രതിമാസ പലിശ ക്രെഡിറ്റ് ചെയ്യാവുന്നതാണ്.

    പോസ്റ്റ് ഓഫീസ് മാർഗ നിർദ്ദേശങ്ങൾ അനുസരിച്ച്, ഇന്ത്യയിൽ സ്ഥിരതാമസമാക്കിയ വ്യക്തികൾക്ക് മാത്രമാണ് നിലവിൽ പോസ്റ്റ് ഓഫീസ് എംഐഎസ് അക്കൗണ്ട് തുറക്കാൻ അനുവാദം ഉള്ളത്. പ്രായപൂർത്തിയായ ഏതൊരു വ്യക്തിക്കും ആവശ്യമായ രേഖകൾ സഹിതം അടുത്തുള്ള പോസ്റ്റ് ഓഫീസിലെത്തി അക്കൗണ്ട് തുറക്കാം. എംഐഎസ് സ്കീമിന് കീഴിൽ മൂന്ന് വ്യക്തികൾക്ക് വരെ ചേർന്ന് ജോയിന്റ് അക്കൗണ്ട് തുറക്കാം.

    പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വേണ്ടി രക്ഷിതാവിന് എംഐസ്ഐ അക്കൗണ്ട് തുറക്കാൻ കഴിയും. 10 വയസോ അതിന് മുകളിലോ പ്രായമുള്ള പ്രായപൂർത്തിയാകാത്ത കുട്ടികകളുടെ പേരിൽ പോസ്റ്റ് ഓഫീസ് മന്ത്ലി ഇൻകം സ്കീമിന് കീഴിൽ അക്കൗണ്ടുകൾ തുറക്കാവുന്നതാണ്. അവർക്ക് 18 വയസ്സ് പൂർത്തിയാകുമ്പോൾ ആനുകൂല്യങ്ങൾ ലഭിച്ചു തുടങ്ങും.
    Published by:Jayashankar AV
    First published: