മികച്ച വരുമാനത്തിനൊപ്പം നഷ്ടസാധ്യത തീരെ ഇല്ലാത്ത നിക്ഷേപ ഓപ്ഷനുകൾ തേടുന്നവർക്ക് ഏറ്റവും മികച്ച ഓപ്ഷനുകളിലൊന്നാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ. നിരവധി സ്കീമുകളാണ് പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നത്. ബാങ്ക് എഫ്ഡികളേക്കാളും ആര്ഡികളേക്കാളും മികച്ച വരുമാനവും അവ നല്‍കുന്നുണ്ട്. അവയില്‍ പ്രധാനപ്പെട്ട ഒന്നാണ് പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡെപോസിറ്റ് അക്കൗണ്ട് ( post office RD account) . ഉയര്‍ന്ന വരുമാനം നേടുന്നതിനായി നിക്ഷേപം നടത്താവുന്ന ഏറ്റവും മികച്ച ഓപ്ഷനുകളിലൊന്നാണ് പോസ്റ്റ് ഓഫീസ് ആര്‍ഡി പദ്ധതി.
മുതിര്‍ന്നവര്‍ക്കും 10 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്കും പോസ്റ്റ് ഓഫീസ് ആര്‍ഡി അക്കൗണ്ട് തുറക്കാവുന്നതാണ്. ഈ സ്കീമില്‍ നിക്ഷേപിക്കാവുന്ന ഏറ്റവും കുറഞ്ഞ തുക 100 രൂപയാണ്. പോസ്റ്റ് ഓഫീസ് ആര്‍ഡി നിക്ഷേപങ്ങള്‍ക്ക് പ്രതിവര്‍ഷം 5.8 ശതമാനം പലിശ നിരക്കാണ് നല്‍കുന്നത്. 2022 ജൂലൈ മുതല്‍ ഈ നിരക്ക് പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. ഈ പദ്ധതിയുടെ പലിശ നിരക്ക് ത്രൈമാസാടിസ്ഥാനത്തിലാണ് നിശ്ചയിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് ഓരോ പാദത്തിലുമാണ് പുതുക്കുന്നത്.
പോസ്റ്റ് ഓഫീസ് ആര്‍ഡി അക്കൗണ്ട് ആരംഭിച്ച തീയതി മുതല്‍ അഞ്ച് വര്‍ഷം അഥവാ 60 മാസം കഴിയുമ്പോള്‍ കാലാവധി (maturity) പൂര്‍ത്തിയാകും. മൂന്ന് വര്‍ഷത്തിന് ശേഷം നിക്ഷേപകന് ആര്‍ഡി അക്കൗണ്ട് ക്ലോസ് ചെയ്യാനും അക്കൗണ്ട് തുറന്ന തീയതി മുതല്‍ ഒരു വര്‍ഷത്തിന് ശേഷം 50 ശതമാനം വരെ വായ്പ (loan) എടുക്കാനും കഴിയും. കാലാവധി പൂര്‍ത്തിയാകുന്നതിന് ഒരു ദിവസം മുമ്പെങ്കിലും അക്കൗണ്ട് ക്ലോസ് ചെയ്താല്‍, പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടിന്റെ അടിസ്ഥാനത്തില്‍ പലിശ നിരക്ക് നല്‍കും. പോസ്റ്റ് ഓഫീസ് ആര്‍ഡി അക്കൗണ്ട് തുറന്ന് ഒരു വര്‍ഷത്തിന് ശേഷം അപേക്ഷകര്‍ക്ക് അവരുടെ ഡെപ്പോസിറ്റ് ബാലന്‍സിന്റെ 50 ശതമാനം വരെ പിന്‍വലിക്കാന്‍ പോസ്റ്റ് ഓഫീസ് അനുവദിക്കും എന്നതാണ് മറ്റൊരു സവിശേഷത.
നിലവിലെ 5.8 ശതമാനം പലിശ നിരക്കില്‍ നിങ്ങള്‍ എല്ലാ മാസവും 10,000 രൂപ നിക്ഷേപിക്കുകയാണെങ്കില്‍, 10 വര്‍ഷത്തിനുള്ളില്‍ നിങ്ങള്‍ക്ക് 16 ലക്ഷം രൂപ റിട്ടേണായി ലഭിക്കും. 10 വര്‍ഷത്തേക്കുള്ള നിങ്ങളുടെ മൊത്തം നിക്ഷേപം 12 ലക്ഷം ആയിരിക്കും, ഏകദേശം 4.26 ലക്ഷം രൂപ പലിശയായി ലഭിക്കും. നിങ്ങള്‍ക്ക് ആകെ ലഭിക്കുന്ന റിട്ടേണ്‍ 16.26 ലക്ഷം രൂപയായിരിക്കും.
ഈ പദ്ധതിയില്‍ എല്ലാ മാസവും പതിവായി പണം നിക്ഷേപിക്കേണ്ടതുണ്ട്. എന്തെങ്കിലും കാരണത്താല്‍ മാസ തവണ മുടങ്ങുകയാണെങ്കില്‍ നിങ്ങള്‍ എല്ലാ മാസവും ഒരു ശതമാനം പിഴ അടയ്ക്കേണ്ടി വരും. തുടര്‍ച്ചയായി നാല് മാസത്തെ തവണകള്‍ മുടങ്ങിയാല്‍, അക്കൗണ്ട് സ്വയമേ ക്ലോസ് ചെയ്യും. എന്നിരുന്നാലും, തവണ അടയ്ക്കാന്‍ വീഴ്ച വരുത്തിയ തീയതി മുതല്‍ 2 മാസത്തിനുള്ളില്‍ നിങ്ങള്‍ക്ക് അക്കൗണ്ട് വീണ്ടെടുക്കാനാകും. എന്നാല്‍ നിങ്ങള്‍ക്ക് ഈ അവസരവും നഷ്ടപ്പെടുകയാണെങ്കില്‍ അതോടെ അക്കൗണ്ട് എന്നേക്കുമായി ക്ലോസ് ചെയ്യും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.