• HOME
  • »
  • NEWS
  • »
  • money
  • »
  • Post Office RD | പ്രതിമാസം 10,000 രൂപ നിക്ഷേപിച്ചാൽ 16 ലക്ഷം രൂപ തിരികെ നേടാം; പോസ്റ്റ് ഓഫീസ് നിക്ഷേപപദ്ധതി

Post Office RD | പ്രതിമാസം 10,000 രൂപ നിക്ഷേപിച്ചാൽ 16 ലക്ഷം രൂപ തിരികെ നേടാം; പോസ്റ്റ് ഓഫീസ് നിക്ഷേപപദ്ധതി

ചെറിയ തുക നിക്ഷേപിച്ച് ഉയർന്ന വരുമാനം നേടാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്ക് വളരെ അനുയോജ്യമാണ് പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്ന ഈ പദ്ധതി.

Post Office RD

Post Office RD

  • Share this:
    രാജ്യത്ത് ഇന്ന് ലഭ്യമായതിൽ ഏറ്റവും വിശ്വസനീയവും സുരക്ഷിതവുമായ നിക്ഷേപ മാർ​ഗങ്ങളിൽ ഒന്നായാണ് പോസ്റ്റ് ഓഫീസ് സ്കീമുകളെ (Post Office schemes) നിക്ഷേപകർ കാണക്കാക്കുന്നത്. വളരെ ജനപ്രിയമായ നിക്ഷേപമാർ​ഗമാണിത്. പ്രത്യേകിച്ചും, ഓഹരി വിപണിയിലോ (Stock Market) ക്രിപ്‌റ്റോകറൻസികളിലോ (Cryptocurrencies) നിക്ഷേപിക്കാനും തങ്ങളുടെ ആസ്തികളുടെ നഷ്ട സാധ്യത ഉയർത്താനും താൽപര്യമില്ലാത്ത രാജ്യത്തെ ഇടത്തരക്കാരായ പൗരൻമാരിൽ ഭൂരിഭാ​ഗവും പോസ്റ്റ് ഓഫീസ് സ്കീമുകളിൽ നിക്ഷേപിക്കുന്നതിനാണ് മുൻ​ഗണന നൽകുന്നത്.

    ഇന്ത്യാ പോസ്റ്റ് വാഗ്ദാനം ചെയ്യുന്ന നിരവധി സേവിംഗ്സ് സ്കീമുകൾ രാജ്യത്തെ ഏറ്റവും ജനപ്രിയമായ, നഷ്ടസാധ്യത ഇല്ലാത്ത സേവിങ്സ് സ്കീമുകളാണ് (risk-free savings schemes). ഇന്ത്യയിലെ ശരാശരി മധ്യവർ​ഗ പൗരൻമാർ സ്ഥിരതയും മികച്ച പലിശ നിരക്കും ലഭ്യമാക്കുന്ന സ്കീമുകളിൽ നിക്ഷേപം നടത്തുന്നതിനാണ് പ്രഥമ പരി​ഗണന നൽകുന്നത്. ജനങ്ങളുടെ ഇത്തരം ആവശ്യങ്ങൾ നിറവേറ്റാൻ ലക്ഷ്യമിട്ടുള്ളതാണ് സർക്കാരിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന തപാൽ ഓഫീസുകൾ.

    നിങ്ങളുടെ പണം സുരക്ഷിതമായി നിക്ഷേപിക്കുന്നതിന് ബാങ്കുകളിലെ സ്ഥിര നിക്ഷേപ അക്കൗണ്ടുകളോ സേവിങ്സ് അക്കൗണ്ടുകളോ തിരഞ്ഞെടുക്കാം. എന്നാൽ, ഇതിന് ബദലായി പോസ്റ്റ് ഓഫീസ് വഴി പണം നിക്ഷേപിക്കുന്ന കാര്യവും പരി​ണിക്കാവുന്നതാണ്. ഇതിനായി പോസ്റ്റ് ഓഫീസ് സേവിങ്സ് സ്കീം അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് റിക്കറിങ് ഡെപ്പോസിറ്റ് അക്കൗണ്ട് വഴി നിങ്ങൾക്ക് പണം നിക്ഷേപിക്കാവുന്നതാണ്.

    ചെറിയ തുക നിക്ഷേപിച്ച് ഉയർന്ന വരുമാനം നേടാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്ക് വളരെ അനുയോജ്യമാണ് പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്ന ഈ പദ്ധതി. റെക്കറിങ് ഡെപ്പോസിറ്റ് അല്ലെങ്കിൽ ആവർത്തന നിക്ഷേപ പദ്ധതി സമ്പാദ്യ ശീലം വളർത്താൻ സഹായിക്കുന്ന പ്രധാനപ്പെട്ട നിക്ഷേപ മാർഗമാണ്. റെക്കറിങ് ഡെപ്പോസിറ്റ് സ്‌കീം അനുസരിച്ച് എല്ലാ മാസവും ഒരു നിശ്ചിത തുക നിക്ഷേപിക്കാം. കാലാവധി പൂർത്തിയാകുമ്പോൾ ഈ തുകയും ഒപ്പം പലിശയും ബാങ്ക് നൽകുന്നു.

    എന്താണ് പോസ്റ്റ് ഓഫീസ് റിക്കറിങ് ഡെപ്പോസിറ്റ്?

    പോസ്റ്റ് ഓഫീസ് റിക്കറിങ് ഡെപ്പോസിറ്റ് അഥവാ പോസ്റ്റ് ഓഫീസ് ആർഡിയിൽ നിക്ഷേപിക്കുന്ന പണവും ഇതിൽ നിന്നും നിങ്ങൾ നേടുന്ന പലിശയും സുരക്ഷിതവും ഉറപ്പുള്ളതുമാണ്. ആർഡി നിക്ഷേപം മികച്ച റിട്ടേൺ നൽകുമ്പോൾ തന്നെ അതിന്റെ നഷ്ടസാധ്യത താരതമ്യേന കുറവാണ് എന്നതും ശ്രദ്ധേയമാണ്. സ്ഥിരമായി ചെറിയ തുക നിക്ഷേപിച്ച് ഉയർന്ന വരുമാനം ലഭിക്കുന്ന എന്തെങ്കിലും നിക്ഷേപിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഒരു പോസ്റ്റ് ഓഫീസ് റിക്കറിങ് ഡെപ്പോസിറ്റ് അക്കൗണ്ട് തുറക്കുന്ന കാര്യം പരി​ഗണിക്കാം. പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമിന് കീഴിൽ 5 വർഷം കാലാവധിയിലുള്ള പോസ്റ്റ് ഓഫീസ് റിക്കറിങ് ഡെപ്പോസിറ്റ് അക്കൗണ്ട് തുറക്കാവുന്നതാണ്.

    പോസ്റ്റ് ഓഫീസ് ആർഡി പലിശ നിരക്ക്

    സര്‍ക്കാറിന്റെ പിന്തുണയോടെ എത്തുന്ന പദ്ധതിയായ പോസ്റ്റ് ഓഫീസ് റിക്കറിങ് ഡെപ്പോസിറ്റ് അക്കൗണ്ട് അഥവ പോസ്റ്റ് ഓഫീസ് ആർഡി നിങ്ങൾക്ക് മികച്ച പലിശ നിരക്കാണ് വാ​ഗ്ദാനം ചെയ്യുന്നത്. ഈ സ്കീമിൽ നിക്ഷേപിക്കാവുന്ന ഏറ്റവും കുറഞ്ഞ തുക വെറും 100 രൂപയാണ് എന്നതാണ് പ്രധാന നേട്ടം. നിക്ഷേപത്തിന് ഉയർന്ന പരിധിയില്ല. അഞ്ച് വര്‍ഷത്തെ കാലാവധിയിൽ നിങ്ങള്‍ക്ക് പോസ്റ്റ് ഓഫീസ് റിക്കറിങ് ഡെപ്പോസിറ്റ് അക്കൗണ്ട് തുറക്കാവുന്നതാണ്.

    മറ്റ് പല നിക്ഷേപമാർ​​​​​ഗങ്ങളെയും അപേക്ഷിച്ച് മികച്ച പലിശ നിരക്ക് വാ​ഗ്ദാനം ചെയ്യുന്നതിനാൽ ഈ സ്കീം കൂടുതൽ പേർ തിരഞ്ഞെടുക്കുന്നു. നിലവിൽ പോസ്റ്റ് ഓഫീസ് ആർഡി നിക്ഷേപങ്ങൾക്ക് 5.8 ശതമാനം പലിശ നിരക്കാണ് ലഭ്യമാക്കുന്നത്. 2020 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ ഉള്ള പലിശ നിരക്കാണിത്. സർക്കാർ ആണ് ഈ പലിശ നിരക്ക് നിശ്ചയിക്കുന്നത്. ചെറു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് ത്രൈമസാടിസ്ഥാനത്തിൽ ആണ് കേന്ദ്ര സർക്കാർ നിശ്ചയിക്കുന്നത്.

    പോസ്റ്റ് ഓഫീസ് ആർഡി: 16 ലക്ഷം രൂപ എങ്ങനെ നേടാം?

    റിക്കറിങ് ഡെപ്പോസിറ്റിലെ നിക്ഷേപത്തിൽ നിന്നും പ്രതീക്ഷിക്കുന്നതു പോലെ മികച്ച നേട്ടം ഉണ്ടാക്കാൻ കഴിയും. ഉദാഹരണത്തിന്, നിലവിൽ 5.8 ശതമാനം പലിശ നിരക്കാണ് പോസ്റ്റ് ഓഫീസിലെ ആർഡി നിക്ഷേപങ്ങൾക്ക് ലഭിക്കുന്നത്. ഈ പലിശ നിരക്കിൽ നിങ്ങൾ എല്ലാ മാസവും 10,000 രൂപ വീതം നിക്ഷേപിക്കുകയാണെങ്കിൽ, 10 വർഷത്തിനുള്ളിൽ ആ തുക അതിന്റെ പലിശയും ചേർന്ന് നിങ്ങൾക്ക് ഏകദേശം 16 ലക്ഷം രൂപയായി തിരികെ ലഭിക്കും. ഓരോ പാദത്തിലും കൂട്ടു പലിശയാണ് കണക്കാക്കുന്നത്. പതിവായി വരുമാനം നേടാൻ ഇത് നിക്ഷേപകരെ സഹായിക്കുകയും ചെയ്യും.

    പോസ്റ്റ് ഓഫീസ് ആർഡിയുടെ സവിശേഷതകൾ

    ഈ പദ്ധതിയില്‍ എല്ലാ മാസവും പതിവായി പണം നിക്ഷേപിക്കേണ്ടതുണ്ട്. എന്തെങ്കിലും കാരണത്താൽ മാസ തവണ മുടങ്ങുകയാണെങ്കിൽ നിങ്ങൾ എല്ലാ മാസവും ഒരു ശതമാനം പിഴ അടയ്‌ക്കേണ്ടി വരും. തുടർച്ചയായി നാല് മാസത്തെ തവണകൾ മുടങ്ങിയാൽ, അക്കൗണ്ട് സ്വയമേവ അടയ്ക്കും. എന്നിരുന്നാലും, തവണ അടയ്ക്കാൻ വീഴ്ച വരുത്തിയ തീയതി മുതൽ 2 മാസത്തിനുള്ളിൽ നിങ്ങൾക്ക് അക്കൗണ്ട് വീണ്ടെടുക്കാനാകും. എന്നാൽ നിങ്ങൾക്ക് ഈ അവസരവും നഷ്ടപ്പെടുകയാണെങ്കിൽ അതോടെ അക്കൗണ്ട് എന്നേക്കുമായി അടയ്‌ക്കും. അക്കൗണ്ട് തുറന്ന് ഒരു വർഷത്തിന് ശേഷം അപേക്ഷകർക്ക് അവരുടെ ഡെപ്പോസിറ്റ് ബാലൻസിന്റെ 50 ശതമാനം വരെ പിൻവലിക്കാൻ പോസ്റ്റ് ഓഫീസ് റിക്കറിങ് ഡെപ്പോസിറ്റ് അനുവദിക്കും എന്നതാണ് മറ്റൊരു സവിശേഷത.
    Published by:Arun krishna
    First published: