'വെള്ളാനകളുടെ നാട്' എന്ന സിനിമ കണ്ടവരാരും അതിലെ റോഡ് റോളർ മറക്കാനിടയില്ല. കട്ടപ്പുറത്തായ റോഡ് റോളർ ജപ്തി ചെയ്ത മോഹൻലാലിന്റെ കഥാപാത്രമായ കോൺട്രാക്റ്റർ സി പി നായർ ആനയെക്കൊണ്ട് വലിച്ചു നീക്കാൻ ശ്രമിക്കുന്ന ഭാഗം കണ്ട് 1988 കാണികൾ മുതൽ ചിരിച്ച് മതിമറക്കുന്നു. എന്നാൽ സിനിമ പുറത്തിറങ്ങിയിട്ട് 33 വർഷം കഴിയുമ്പോഴും പൊതുമരാമത്ത് വകുപ്പിന്റെ (PWD) ഇത്തരം വെള്ളാനകൾ കേരളത്തിന്റെ ഖജനാവ് കാലിയാക്കി കൊണ്ടിരിക്കുകയാണെന്നതാണ് യാഥാർത്ഥ്യം.
കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യയുടെ (സിഎജി) ഏറ്റവും പുതിയ ഓഡിറ്റ് റിപ്പോർട്ട് അനുസരിച്ച്, പൊതുമരാമത്ത് വകുപ്പ് 2014-15 മുതൽ 2018-19 വരെ അഞ്ച് വർഷത്തേക്ക് റോഡ് റോളർ ജീവനക്കാരുടെ ശമ്പളത്തിനായി 'അനാവശ്യമായി' ചെലവാക്കിയത് 18.34 കോടി രൂപയാണ്. സംസ്ഥാനത്തെ എട്ട് ഡിപ്പാർട്ട്മെന്റ് ഡിവിഷനുകളിലായി 86 റോഡ് റോളറുകളാണ് നിലവിലുള്ളത്. ഇതിൽ 13 റോഡ് റോളറുകൾ മാത്രമേ പ്രവർത്തനക്ഷമമായിട്ടുള്ളൂ. അതിലും വിചിത്രമായ കാര്യം അവ ഒരു വർഷത്തിൽ ഇവയുടെ ഉപയോഗം ശരാശരി ആറ് ദിവസം മാത്രം എന്നതാണ്.
സിഎജി റിപ്പോർട്ട് അനുസരിച്ച് പൊതുമരാമത്ത് വകുപ്പിലെ റോഡ് റോളർ ജീവനക്കാരുടെ വിശദാംശങ്ങൾ ഇങ്ങനെ. 2019 ഒക്ടോബർ വരെ, വകുപ്പിന് കീഴിൽ 26 റോളർ ഡ്രൈവർമാരും 57 റോളർ ക്ലീനർമാരും ഉണ്ടായിരുന്നു. അവർ ' പോസ്റ്റുകളിൽ നിഷ്ക്രിയരായിരിക്കുകയാണ്'. 2003 നവംബറിൽ സംസ്ഥാന സർക്കാർ 140 റോളർ ഡ്രൈവർമാരുടെ തസ്തികകളും 110 റോളർ ക്ലീനർമാരുടെ തസ്തികകളും അധികമാണെന്ന് കണ്ടെത്തി. തുടർന്ന് 80 ഡ്രൈവർമാരുടെ തസ്തികകളും 60 ക്ലീനർമാരുടെ തസ്തികകളും വെട്ടിക്കുറച്ചിരുന്നു. എന്നാൽ ഇപ്പോഴും പണിയൊന്നുമില്ലാതെ ഈ സ്കെയിലിൽ ശമ്പളം വാങ്ങുന്നവരുണ്ട്. ഐടിഐ (ഡീസൽ മെക്കാനിക്) അടിസ്ഥാന യോഗ്യതയുള്ള നിഷ്ക്രിയ ജീവനക്കാരെ മറ്റ് വകുപ്പുകളിലേക്ക് മാറ്റാനുള്ള സാധ്യത തേടാത്തതെന്തു കൊണ്ടെന്ന് സിഎജി സർക്കാരിനോട് ചോദിക്കുന്നു.
Also Read- Gold Price Today | സ്വർണവില തുടർച്ചയായ രണ്ടാം ദിവസവും കുറഞ്ഞു; ഇന്നത്തെ നിരക്കുകൾ അറിയാം
86 റോഡ് റോളറുകളിൽ 73 എണ്ണം എട്ട് മാസം മുതൽ 27 വർഷം വരെയായി പ്രവർത്തിക്കാത്തവയാണ്. ഇതിൽ 47 റോളറുകൾ അറ്റകുറ്റപ്പണി നടത്തിയാലും ശരിയാകാത്ത സ്ഥിതിയിലാണ്. എന്നിട്ടും വകുപ്പ് അവ നിലനിർത്തി. ഒൻപത് എണ്ണം 13.21 ലക്ഷം രൂപയ്ക്ക് വിറ്റു. 'ഇവ കേടായ ശേഷം യഥാസമയം നീക്കംചെയ്യാതിരുന്നാൽ ലേലത്തിൽ വയ്ക്കുമ്പോൾ അവയുടെ മൂല്യം കുറയുമെന്നും' റിപ്പോർട്ടിൽ പറയുന്നു.
Also Read0 Petrol, diesel price| തുടർച്ചയായ ഏഴാം ദിവസവും മാറ്റമില്ലാതെ പെട്രോൾ ഡീസൽ വില
കണക്കുകൾ പ്രകാരം, സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ പകുതിയിലേറെയും ജീവനക്കാരുടെ ശമ്പളവും പെൻഷനുമായാണ് പോകുന്നത്. 2018-19-ൽ കേരളം മൊത്തം വരുമാനത്തിന്റെ 55.69% ശമ്പളത്തിനും പെൻഷനുമായി ചെലവഴിച്ചപ്പോൾ അയൽ സംസ്ഥാനമായ കർണാടക 28.43% മാത്രമാണ് ചെലവഴിച്ചത്. 2021-22 കേരള ബജറ്റ് അനുസരിച്ച്, സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കുള്ള ശമ്പളത്തിനും പെൻഷനുമുള്ള ചെലവ് 62,951.73 കോടി രൂപയാണ്. ശമ്പളത്തിന് 39,845.75 കോടി രൂപയും പെൻഷന് 23,105.98 കോടി രൂപയുമാണ് ഒരു വർഷം ചെലവാകുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: PWD, PWD Kerala, Vellanakalude Naadu