• HOME
 • »
 • NEWS
 • »
 • money
 • »
 • ഗുണ്വാട്ട സെ ആത്മനിർഭർതാ: ഇന്ത്യയുടെ നൈപുണ്യ വികസന പരിപാടിയുടെ ഗുണനിലവാരം ഇന്ത്യയുടെ ഭാവി വിജയങ്ങളിൽ നിർണായകമാകും

ഗുണ്വാട്ട സെ ആത്മനിർഭർതാ: ഇന്ത്യയുടെ നൈപുണ്യ വികസന പരിപാടിയുടെ ഗുണനിലവാരം ഇന്ത്യയുടെ ഭാവി വിജയങ്ങളിൽ നിർണായകമാകും

ശരിയായി പ്രയോജനപ്പെടുത്തിയാൽ നമ്മുടെ ജനസംഖ്യയ്ക്ക് നമ്മുടെ ഏറ്റവും വലിയ ആസ്തിയാകാൻ കഴിയും.

 • Share this:

  സ്വാതന്ത്ര്യം ലഭിച്ചിട്ട് വെറും 75 വർഷം മാത്രമായ, ജനസംഖ്യയുടെ മധ്യനിലയിലുള്ള (മീഡിയൻ) വയസ്സ് 26 ആയ നമ്മൾ എല്ലാ അർത്ഥത്തിലും ഒരു യുവ രാജ്യമാണ്. മാത്രവുമല്ല, ശരാശരി 1% വളർച്ചാ നിരക്കിൽ, നമ്മുടെ ജനസംഖ്യ വർഷം തോറും ചെറുപ്പമായിക്കൊണ്ടിരിക്കുകയുമാണ്.  തൊഴിൽ പ്രായത്തിലുള്ള ജനസംഖ്യ ഏറ്റവും ഉയർന്ന രാജ്യങ്ങളിൽ ഒന്നാണ് നമ്മുടേത്. 63% പേർ 15-59 വയസ്സിനിടയിൽ ഉള്ളവരാണ്. കൂടുതൽ വേഗത്തിൽ പ്രായമാകുന്ന ചൈന, ജപ്പാൻ തുടങ്ങിയ സമ്പദ്‌വ്യവസ്ഥകളെ അപേക്ഷിച്ചുള്ള ജനസംഖ്യാപരമായ ഒരു നേട്ടമാണിത്.

  നമ്മുടെ യുവജനങ്ങൾ നമ്മുടെ ഏറ്റവും വലിയ ആസ്തികളിൽ ഒന്നാണ്, അവരാണ് നമ്മുടെ സാമ്പത്തിക വളർച്ചയുടെ ഏറ്റവും വലിയ ചാലകശക്തിയും. അതിവേഗം വ്യവസായവൽക്കരിക്കപ്പെടുന്ന നമ്മുടെ സമ്പദ്‌വ്യവസ്ഥയ്‌ക്ക്, ഈ യുവജനസംഖ്യനിമിത്തം ജോലിചെയ്യാൻ സജ്ജമായവരുടെ വലിയൊരു സമൂഹം തന്നെയുണ്ട്. ഇത് വർഷങ്ങളോളം സമ്പാദ്യവും ഗാർഹിക ഉപഭോഗവും വർദ്ധിപ്പിക്കുകയും ചെയ്യും. എന്നാൽ ഈ ജനസംഖ്യയ്ക്ക് സംഭാവന ചെയ്യാൻ അനിവാര്യമായ വൈദഗ്ധ്യങ്ങൾ ഉണ്ടായിരിക്കുമ്പോഴാണ് ഇതൊക്കെ സാധ്യമാകുക.

  നമ്മുടെ മാനുഷിക മൂലധനം പരമാവധി പ്രയോജനപ്പെടുത്താനായി, പ്രധാനമന്ത്രി നരേന്ദ്ര മോദി 2015 ജൂലൈ 15-ന് സ്കിൽ ഇന്ത്യ കാമ്പയിൻ ആരംഭിച്ചു. 2022 ഓടെ ഇന്ത്യയിലെ 30 കോടിയിലധികം ആളുകളെ വിവിധ വൈദഗ്ധ്യങ്ങളിൽ പരിശീലിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. സംഘടിതമായ ഈ ബഹുമുഖ പരിപാടിയിൽ, ദേശീയ നൈപുണ്യ വികസന മിഷൻ , നൈപുണ്യ വികസനത്തിനും സംരംഭകത്വത്തിനുമുള്ള ദേശീയ നയം, 2015, പ്രധാനമന്ത്രി കൗശൽ വികാസ് യോജന (PMKVY), നൈപുണ്യ വായ്പ സ്കീം, ഗ്രാമീണ ഇന്ത്യ നൈപുണ്യ സംരംഭം എന്നിങ്ങനെയുള്ള നിരവധി സംരംഭങ്ങൾ ഉൾക്കൊള്ളുന്നു. ഇന്ത്യൻ യുവാക്കളുടെ തൊഴിൽശേഷി മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഈ സംരംഭങ്ങൾ ഓരോന്നും ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യമിടുന്നു.

  വ്യവസായഅക്കാദമിക് വിടവ് നികത്തൽ

  നിർഭാഗ്യവശാൽ, വ്യാവസായിക – അക്കാദമിക് വിടവ് ഇന്ത്യയിലെ അറിയപ്പെടുന്ന ഒരു പ്രശ്നമാണ്. 10+2 യോഗ്യത നേടുന്ന 100 വിദ്യാർത്ഥികളിൽ 26 പേർക്ക് മാത്രമാണ് ജോലി ലഭിക്കുന്നത്. കാരണം അവർക്ക് ലഭിക്കുന്ന വിദ്യാഭ്യാസം തൊഴിലുടമകൾക്ക് ആവശ്യമായ വൈദഗ്ധ്യങ്ങളുമായി പൊരുത്തപ്പെടുന്നില്ല. നമ്മുടെ സാക്ഷരത സ്ഥിരമായി വർദ്ധിക്കുന്നുണ്ടെങ്കിലും, നൈപുണ്യ വിടവ് ഇപ്പോഴും നിലനിൽക്കുന്നു എന്നാണ് ഇതിനർത്ഥം.

  ഈ പ്രത്യേക പ്രശ്നം പരിഹരിക്കാൻ സർക്കാരിന് ആവശ്യമായിരിക്കുന്നത്, നാഷണൽ സ്കിൽസ് ക്വാളിഫിക്കേഷൻ ഫ്രെയിംവർക്കിൽ (NSQF) അടങ്ങിയിരിക്കുന്ന നിലവിലുള്ള മാനദണ്ഡങ്ങൾ നടപ്പാക്കാനുള്ള ഒരു മാർഗമാണ്. അറിവ്, വൈദഗ്ദ്ധ്യം, അഭിരുചി എന്ന ക്രമത്തിൽ യോഗ്യതകൾ ക്രമീകരിക്കുന്ന, കഴിവിൽ അധിഷ്ഠിതമായ ഒരു ചട്ടക്കൂടാണ് NSQF. ഔപചാരികമായതോ അല്ലാത്തതോ ആയ, അല്ലെങ്കിൽ അനൗപചാരികമായ, പഠനത്തിലൂടെ നേടിയെടുത്തതാണോ എന്നത് പരിഗണിക്കാതെ തന്നെ പഠിതാവിന് ഓരോ പഠന തലത്തിലും ഉണ്ടായിരിക്കേണ്ട പഠന ഫലങ്ങൾ ഇത് വ്യക്തമായി നിർവചിക്കുന്നു.

  മറുവശത്ത്, ഒരു തൊഴിൽ ഫലപ്രദമായി നിർവ്വഹിക്കാൻ ആവശ്യമായ വൈദഗ്ധ്യം, അറിവ്, ധാരണ എന്നിവയുടെ നിലവാരങ്ങളാണ് ദേശീയ തൊഴിൽ മാനദണ്ഡങ്ങൾ (NOS): ഒരു ചുമതല നിർവഹിക്കുന്ന ഒരു വ്യക്തി അറിയേണ്ടതും ചെയ്യേണ്ടതുമായ കാര്യങ്ങൾ അവ പ്രതിപാദിക്കുന്നു. വിവിധ വിദ്യാഭ്യാസ പരിശീലന പരിപാടികൾക്കുള്ള മാനദണ്ഡങ്ങളായി ഈ മാനദണ്ഡങ്ങളെ രൂപപ്പെടുത്താനാകും. NOS ഉം NSQF ഉം തമ്മിൽ ചേർന്ന് പ്രവർത്തിക്കുന്നതുകൊണ്ട് നിരവധി പ്രയോജനങ്ങളുണ്ട്.

  തുടക്കക്കാരെ സംബന്ധിച്ചിടത്തോളം, രാജ്യത്തുടനീളമുള്ള പരിശീലനത്തിന് അംഗീകൃത നിലവാരവും സ്ഥിരതയും ദേശീയതലത്തിലുള്ള സ്വീകാര്യതയും നൽകുന്ന ഒരു ഉറപ്പുള്ള ഗുണനിലവാര ചട്ടക്കൂടായി ഇത് വർത്തിക്കുന്നു. തുടർന്ന് നമ്മുടെ പരിശീലനം സിദ്ധിച്ച തൊഴിൽസമൂഹത്തിന് NSQF ന്റെ അന്താരാഷ്ട്ര നിലവാരത്തിലൂടെ ആഗോള രംഗത്തും എത്തിപ്പെടാൻ സാധിക്കും. ഭാവിയിലെ ജീവനക്കാർക്കും തൊഴിലുടമകൾക്കും ഒരുപോലെ, സെക്ടറുകൾക്കുള്ളിലും സെക്ടറുകളിലുടനീളവും,  പുരോഗതിയുടെ പാതകൾ വെട്ടിത്തെളിക്കാൻ ഇത് സഹായിക്കുന്നു. അതുകൊണ്ട്,  തങ്ങളുടെ സ്വപ്ന ജോലികൾക്കായി പിന്തുടരേണ്ട പഠന പാതകൾ ഏതാണെന്ന് ജീവനക്കാർക്ക്  അറിയാം. തൊഴിലുടമകൾക്കാണെങ്കിൽ തങ്ങളുടെ ഏറ്റവും മികച്ചവരും മിടുക്കരുമായവരെ അടുത്ത ഘട്ടത്തിലേക്ക് നയിക്കാൻ ആവശ്യമായ ശരിയായ പരിശീലനത്തിൽ നിക്ഷേപിക്കാൻ സാധിക്കുന്നു. കൂടാതെ, റെക്കഗ്നീഷൻ ഓഫ് പ്രയർ ലേണിംഗ് (RPL) നമ്മൾ ആരെയും പിന്നിൽ വിട്ടിട്ടില്ലെന്ന് ഉറപ്പാക്കുന്നു – അവരുടെ വൈദഗ്ധ്യങ്ങൾ ഔപചാരികമല്ലാത്ത ഒരു സംവിധാനത്തിൽ നിന്നാണെങ്കിലും.

  ശക്തമായ അടിത്തറയിടുന്നു

  ഈ അളവിലുള്ള ഒരു പ്രോഗ്രാം ഏറ്റെടുക്കുന്നതിന്, ഗുണനിലവാരത്തിന്റെ ഒരു അടിത്തറ ഉണ്ടായിരിക്കണം. നമുക്ക് നിലവാരങ്ങളും സർട്ടിഫിക്കേഷനുകളും, ആ നിലവാരങ്ങൾ പാലിക്കാൻ സഹായിക്കുന്ന ഓഡിറ്റർമാരും ഇൻസ്പെക്ടർമാരും, കൂടാതെ ഈ ഓഡിറ്റർമാരും ഇൻസ്പെക്ടർമാരും യോഗ്യരാണെന്ന് ഉറപ്പാക്കുന്ന ബോഡികളും ആവശ്യമാണ്. ഇവിടെയാണ് ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ (QCI) രംഗപ്രവേശം ചെയ്യുന്നത്.

  ഇപ്പോൾ 25 വർഷമായി, ഇന്ത്യയിൽ ഗുണനിലവാര ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിൽ QCI കാതലായ നിക്ഷേപം നടത്തിവരികയാണ്. നിരവധി ഘടക ബോർഡുകൾ ഉൾക്കൊള്ളുന്നതാണ് QCI. അവയിൽ ഒന്നായ നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗ് (NABET) ഇന്ത്യയുടെ നൈപുണ്യ പരിപാടികളിലും സംരംഭങ്ങളിലും ഒരു പ്രധാന പങ്ക് വഹിക്കാൻ സുസജ്ജമാണ്.

  വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തൊഴിലധിഷ്ഠിത പരിശീലന സ്ഥാപനങ്ങൾ, വിവിധ നൈപുണ്യ സർട്ടിഫിക്കേഷൻ ബോഡികൾ എന്നിവയുടെ അക്രഡിറ്റേഷനും സർട്ടിഫിക്കേഷനും വേണ്ടി NABET-ന് ഒരു വ്യവസ്ഥാപിത സംവിധാനമുണ്ട്. മൂന്ന് വ്യക്തമായ വിഭാഗങ്ങളിലുടനീളം NABET ഇത് ചെയ്യുന്നു:

  1. FEED (ഫോർമൽ എഡ്യുക്കേഷൻ എക്സെലെൻസ് ഡിവിഷൻ): ഇത് സ്കൂളുകളുടെ അക്രഡിറ്റേഷൻ കൈകാര്യം ചെയ്യുന്നു. സ്കൂൾ അക്രഡിറ്റേഷൻ മാനദണ്ഡങ്ങളെ കുറിച്ച് അവബോധം വളർത്തുന്നതോടൊപ്പം സംസ്ഥാന, സർക്കാർ വകുപ്പുകൾക്ക് ആവശ്യമായ വിവിധ ഗുണനിലവാര വിലയിരുത്തൽ പദ്ധതികൾ ഏറ്റെടുക്കുകയും ചെയ്യുന്നു.
  2. ഗവൺമെന്റ് പ്രോജക്ട്സ് ഡിവിഷൻ: MSME മന്ത്രാലയത്തിന്റെ ലീൻ മാനുഫാക്ചറിംഗ് കോംപറ്റീറ്റീവ്നസ് സ്കീമിന്റെയും പരിസ്ഥിതി ആഘാത വിലയിരുത്തൽ (EIA) കൺസൾട്ടന്റ് സ്ഥാപനങ്ങളുടെ അക്രഡിറ്റേഷന്റെയും  ദേശീയ നിരീക്ഷണ, നടപ്പാക്കൽ യൂണിറ്റായി ഇത് പ്രവർത്തിക്കുന്നു.
  3. നൈപുണ്യ പരിശീലന, സേവന ഡിവിഷൻ: പരിശീലന കോഴ്‌സുകളുടെയും കൺസൾട്ടന്റ് സ്ഥാപനങ്ങളുടെയും അക്രഡിറ്റേഷൻ സംബന്ധമായ കാര്യങ്ങൾ നോക്കുന്നു.

  ഈ അടിസ്ഥാനങ്ങൾ നിലവിലുള്ള സ്ഥിതിക്ക്, സ്‌കിൽഇന്ത്യയുടെ ലൈഫ് സൈക്കിൾ ഓഫ് ട്രെയിനിംഗ് പാർട്ണർ & ട്രെയിനിംഗ് സെന്റർ പോലുള്ള സംരംഭങ്ങൾ ഏറ്റെടുക്കാനാകും. ഈ സംരംഭം പരിശീലന പങ്കാളികളും പരിശീലന കേന്ദ്രങ്ങളും പാലിക്കേണ്ട ഗുണനിലവാരം ഉറപ്പാക്കുന്ന പ്രക്രിയ കാര്യക്ഷമമാക്കുന്നു. ഇത് ഗുണനിലവാരമുള്ള വിദ്യാഭ്യാസവും പരിശീലനവും തിരഞ്ഞെടുക്കുന്നത് വിദ്യാർത്ഥികൾക്ക് എളുപ്പമാക്കുന്നു.

  പരിശീലനത്തിലൂടെ തങ്ങളുടെ തൊഴിലാളികളുടെ കഴിവ് മെച്ചപ്പെടുത്താൻ സ്ഥാപനങ്ങൾ പലപ്പോഴും ശ്രമിക്കുന്നു. തങ്ങളുടെ ആളുകളുടെ നൈപുണ്യം വർദ്ധിപ്പിക്കുന്നതിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾക്ക് വാഗ്ദാനം ചെയ്യാൻ, QCIയുടെ ട്രെയിനിംഗ് ആന്റ് കപ്പാസിറ്റി ബിൽഡിംഗ് പ്രോഗ്രാമിന് (TCB) ധാരാളം കാര്യങ്ങളുണ്ട്. അത് പരിശീലനവും ബോധവൽക്കരണ ശിൽപശാലകളും ദേശീയവും അന്തർദേശീയവുമായ തലങ്ങളിലെ ശേഷി വർദ്ധിപ്പിക്കൽ പ്രവർത്തനങ്ങളും സമന്വയിപ്പിക്കുകയും അത്തരം പ്രവർത്തനങ്ങൾ കേന്ദ്രീകൃതമായും ഘടനാപരമായ രീതിയിലും ഏകോപിപ്പിക്കുകയും ചെയ്യുന്നു. ഗുണനിലവാര മാനേജ്മെന്റ്, ആരോഗ്യ സംരക്ഷണം, ഉൽപ്പാദനം, പരിസ്ഥിതി, ഭക്ഷ്യ സുരക്ഷ, വിദ്യാഭ്യാസം, പ്രോജക്ട് മാനേജ്മെന്റ് തുടങ്ങിയ വൈവിധ്യമാർന്ന മേഖലകളിൽ ഇത് സേവനം ലഭ്യമാക്കുന്നു.

  കൂടാതെ, ക്ലാസ് റൂം പരിശീലനം, വെർച്വൽ പരിശീലനം, വെബിനാറുകൾ, ഇ-ലേണിംഗ് തുടങ്ങിയ മോഡുകളിലൂടെ ഇത് പരിശീലനം നൽകുന്നു. വ്യത്യസ്ത പഠന ശൈലികളും ആക്സസുകളും ആവശ്യങ്ങളുമുള്ള പഠിതാക്കൾക്ക് അവർക്ക് പ്രായോഗികമായ കോഴ്സുകൾ കണ്ടെത്താൻ ഇത് സഹായിക്കുന്നു. വ്യത്യസ്ത സ്ഥാപനങ്ങളുടെ പ്രത്യേക പരിശീലന ആവശ്യങ്ങളിൽ ഇത് അവരോട് ചേർന്ന് പ്രവർത്തിക്കുന്നു.

  മൊബൈലും ഇന്റർനെറ്റും ഇന്ത്യയിലെങ്ങും വ്യാപിച്ചതോടെ, മെട്രോകളിൽ നിന്ന് അകലെയുള്ള ആളുകൾക്കും ബിസിനസ്സുകൾക്കും പോലും ഓൺലൈൻ ലേണിംഗ് പോർട്ടലിലൂടെ ഉയർന്ന നിലവാരമുള്ള പരിശീലനവും വിദ്യാഭ്യാസവും ലഭ്യമാക്കാനുള്ള  വലിയ അവസരങ്ങളാണ് തുറന്ന് കിട്ടിയിരിക്കുന്നത്.  ഇന്ത്യൻ പ്രൊഫഷണലുകളെ അവരുടെ വൈദഗ്ധ്യവും അറിവും മെച്ചപ്പെടുത്താൻ സഹായിക്കാനായി രൂപകൽപ്പന ചെയ്തിട്ടുള്ള ഓൺലൈൻ ലേണിംഗ് പോർട്ടലായ eQuest  ഉപയോഗിച്ച് ഇവിടെയും QCI അതിന്റെ ആദ്യത്തെ ചുവടുവെയ്പ്പ് നടത്തിയിരിക്കുന്നു. പ്രൊഫഷണലുകൾക്ക് കരിയർ രംഗത്ത് മുന്നേറാനുള്ള സാധ്യതകൾ ഇത് വർദ്ധിപ്പിക്കുന്നു. കൃഷി, വിദ്യാഭ്യാസം, പരിസ്ഥിതി, ആരോഗ്യ സംരക്ഷണം, ലബോറട്ടറി, ഗുണനിലവാരം, സാങ്കേതികവിദ്യ, പൊതു കോഴ്സുകൾ എന്നിവയിലേക്കെല്ലാം വ്യാപിക്കുന്നു ഈ കോഴ്സുകൾ.

  ചില കോഴ്‌സുകൾ MSME മേഖലയ്ക്ക് വേണ്ടി മാത്രമുള്ളതാണ്. ഇത് സ്വന്തം പരിശീലന പരിപാടികളും പരിശീലന ഡെലിവറി സംവിധാനങ്ങളും കണ്ടെത്തുന്നതിന്റെ ഭാരം ഗണ്യമായി കുറയ്ക്കാൻ MSME-കളെ സഹായിക്കുന്നു. ഇത് ചെലവ് കുറയ്ക്കുന്നുവെന്നു  മാത്രമല്ല, തങ്ങളുടെ തൊഴിൽ സമൂഹത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും അതുവഴി അവരുടെ ഉൽപാദനത്തിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കാനും സഹായിക്കുന്നു.

  ഉപസംഹാരം

  അടുത്ത ഏതാനും വർഷങ്ങൾ ഇന്ത്യയുടെ സാമ്പത്തിക ഭാവിയിൽ നിർണായകമാകും. 5 ട്രില്യൺ ഡോളറിന്റെ സമ്പദ്‌വ്യവസ്ഥ എന്ന നമ്മുടെ ലക്ഷ്യത്തിലും അതിനപ്പുറത്തും എത്താനും, മേക്ക് ഇൻ ഇന്ത്യ സംരംഭം വിജയിപ്പിക്കാനും ഇന്ത്യയ്ക്ക് സാമ്പത്തിക ആത്മനിർഭർത നേടാനും വേണ്ട പൊതുവായ ഘടകം നമ്മുടെ മനുഷ്യ മൂലധനത്തിന്റെ ഗുണമേന്മയാണ്. വ്യവസായത്തിന്റെ ആവശ്യങ്ങൾക്ക് അനുസൃതമായി നമ്മൾ നമ്മുടെ ആളുകളെ പരിശീലിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നില്ലെങ്കിൽ, നമ്മൾ ഒരു പരിധിയ്ക്ക് അപ്പുറത്തേക്ക് പോകില്ല. എന്നാൽ പ്രശ്നത്തിന് നിരവധി പരിഹാരങ്ങൾ ഉള്ളതിനാൽ അത് വേണ്ടിവരില്ല.

  QCI അതിന്റെ വാക്ക് പാലിച്ചുകൊണ്ട് ഗുണനിലവാരം, വിശ്വാസ്യത, ആശ്രയയോഗ്യത എന്നിവയുടെ അടിത്തറ സൃഷ്ടിക്കുന്നു. അത് സ്കിൽ ഇന്ത്യ പോലുള്ള വലിയ സ്വപ്ന സംരംഭങ്ങൾ വിജയിപ്പിക്കാൻ നമ്മെ പ്രാപ്തരാക്കുന്നു. നവീകരണത്തിന്റെയും വളർച്ചയുടെയും സംരംഭകത്വ മികവിന്റെയും ഒരു തരംഗം ആനയിക്കുന്ന ഉയർന്ന നൈപുണ്യമുള്ള, ഉയർന്ന ഉടമസ്ഥതയുള്ള ജീവനക്കാരുടെയും സംരംഭകരുടെയും അടുത്ത തലമുറയെ പരിശീലിപ്പിക്കാൻ കോർപ്പറേറ്റ്, വിദ്യാഭ്യാസ മേഖലകൾ ഇതേ ആവാസവ്യവസ്ഥ പ്രയോജനപ്പെടുത്തുന്നു.

  ഇങ്ങനെ, അടിസ്ഥാനം മുതൽ മുകളിലേക്കാണ് നമ്മൾ ഒരു രാഷ്ട്രം കെട്ടിപ്പടുക്കുന്നത്. ഗുണ്വാട്ട സെ ആത്മനിർഭർതാ എന്നത് ഒരു മുദ്രാവാക്യമല്ല, മറിച്ച് ഒരു വാഗ്ദാനമാണ്. നമ്മുടെ വർദ്ധിച്ചുവരുന്ന ചെറുപ്പക്കാർക്ക് ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസവും പരിശീലനവും ലഭ്യമാക്കുന്നതിലൂടെ, ഇന്ത്യ അനിവാര്യമായും ലോകത്തെ അടുത്ത സാമ്പത്തിക ശക്തിസ്രോതസ്സായി  ഉയർന്നുവരുന്നുവെന്ന് നാം ഉറപ്പാക്കും.

  Published by:Rajesh V
  First published: