• HOME
 • »
 • NEWS
 • »
 • money
 • »
 • Radhakishan Damani | രാകേഷ് ജുൻജുൻവാല ട്രസ്റ്റിനെ നയിക്കാൻ ഇനി രാധാകിഷൻ ദമാനി

Radhakishan Damani | രാകേഷ് ജുൻജുൻവാല ട്രസ്റ്റിനെ നയിക്കാൻ ഇനി രാധാകിഷൻ ദമാനി

ജുൻജുൻവാലയുടെ സ്ഥാപനമായ റെയർ എന്റർപ്രൈസസിനെ അദ്ദേഹത്തിന്റെ വിശ്വസ്തരായ ഉത്പൽ സേത്തും അമിത് ഗോയലും ചേ‍ർന്ന് തുടർന്നും നയിക്കും

Rakesh Jhunjhunwala and Radhakishan Damani (Picture: https://rakesh-jhunjhunwala.in)

Rakesh Jhunjhunwala and Radhakishan Damani (Picture: https://rakesh-jhunjhunwala.in)

 • Last Updated :
 • Share this:
  രാകേഷ് ജുൻജുൻവാലയുടെ (Rakesh Jhunjhunwala) പേരിലുള്ള ട്രസ്റ്റിന്റെ പ്രധാന ട്രസ്റ്റിയായി പ്രമുഖ നിക്ഷേപകനും സംരംഭകനുമായ രാധാകിഷൻ ദമാനി (Radhakishan Damani) ചുമതതലയേറ്റെടുക്കും. ജുൻജുൻവാലയുടെ അടുത്ത സുഹൃത്തും വഴികാട്ടിയും ഗുരുവുമാണ് ദമാനി. കൂടാതെ, ജുൻജുൻവാലയുടെ വിശ്വസ്തരായ കൽപ്രജ് ധരംഷിയും അമൽ പരീഖും മറ്റ് ട്രസ്റ്റിമാരിൽ ഉൾപ്പെടുന്നു. ജുൻജുൻവാലയുടെ സ്ഥാപനമായ റെയർ എന്റർപ്രൈസസിനെ അദ്ദേഹത്തിന്റെ വിശ്വസ്തരായ ഉത്പൽ സേത്തും അമിത് ഗോയലും ചേ‍ർന്ന് തുടർന്നും നയിക്കും.

  നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട കാര്യത്തിൽ ഉത്പൽ ഷേത്ത് ജുൻജുൻവാലയെ കഴിഞ്ഞ കുറച്ച് കാലമായി സഹായിക്കുന്നുണ്ടായിരുന്നു. മാത്രമല്ല, സ്വകാര്യ ഇക്വിറ്റി നിക്ഷേപങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തിരുന്നു. അമിത് ഗോയൽ അദ്ദേഹത്തിന്റെ വലം കൈയ്യായി പ്രവ‍ർത്തിച്ച് വരികയായിരുന്നു. സ്ഥാപനത്തിന് വേണ്ടി സ്വതന്ത്രമായി ഒരു ട്രേഡിങ് ബുക്ക് കൈകാര്യം ചെയ്യുന്നതും ഗോയൽ തന്നെയായിരുന്നു.

  ആഗസ്ത് 14നാണ് ജുൻജുൻവാല അന്തരിച്ചത്. ലിസ്റ്റുചെയ്തതും ലിസ്റ്റ് ചെയ്യപ്പെടാത്തതുമായ സ്ഥാപനങ്ങളിലെ അദ്ദേഹത്തിന്റെ നിക്ഷേപങ്ങൾ അടക്കമുള്ള സ്വത്തുക്കൾ പ്രധാനമായും അദ്ദേഹത്തിന്റെ ഭാര്യയ്ക്കും മൂന്ന് കുട്ടികൾക്കുമായാണ് നൽകിയിരിക്കുന്നത്. ജെ സാഗർ അസോസിയേറ്റ്‌സിന്റെ മുൻ മാനേജിംഗ് പാർട്ണർ കൂടിയായ ബെർജിസ് ദേശായിയാണ് ജുൻജുൻവാലയുടെ വിൽപത്രം തയ്യാറാക്കിയതെന്നാണ് റിപ്പോ‍ർട്ട്.
  Also Read-  5000 രൂപയുടെ നിക്ഷേപവുമായി തുടങ്ങിയ രാകേഷ് ജുൻജുൻവാല ഓഹരി വിപണി കീഴടക്കിയതെങ്ങനെ?

  കഴിഞ്ഞ എട്ട് മാസമായി രോഗബാധിതനായിരുന്നു ജുൻജുൻവാല. അതിനാൽ തന്നെ ഭാവി കാര്യങ്ങളെക്കുറിച്ച് അദ്ദേഹം ഇതിനിടയിൽ തീരുമാനങ്ങൾ എടുത്തിരുന്നു. നിക്ഷേപങ്ങളെക്കുറിച്ചും അദ്ദേഹം കൃത്യമായി തീരുമാനം എടുത്തിരുന്നുവെന്നും അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. “ജുൻജുൻവാലയുടെ ഭാര്യ രേഖ ജുൻജുൻവാലയും ബിസിനസ് കുടുംബത്തിൽ നിന്ന് വരുന്നയാളാണ്. സാമ്പത്തിക കാര്യങ്ങളിലും മറ്റും അവർക്ക് വ്യക്തമായ ധാരണയുണ്ട്. രേഖയും അവരുടെ സഹോദരനും മാനേജ്മെൻറ് കാര്യങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കും,” സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

  Also Read- അന്തരിച്ച പ്രമുഖ നിക്ഷേപകൻ രാകേഷ് ജുൻജുൻവാല ശ്രദ്ധിച്ചിരുന്ന ഓഹരികൾ ഏതെല്ലാം

  കഴിഞ്ഞ കുറച്ച് മാസങ്ങളായി തന്നെ ജുൻ‌ജുൻ‌വാല തന്റെ പല ഉത്തരവാദിത്വങ്ങളിൽ നിന്നും ഒഴിഞ്ഞ് തുടങ്ങിയിരുന്നു. ട്രേഡിംഗ് ബുക്കുമായി ബന്ധപ്പെട്ട വിഷയങ്ങളിലും അദ്ദേഹം കാര്യമായി ശ്രദ്ധ പുല‍ർത്തിയിരുന്നില്ല. ഫോ‍ർബ്സിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ അതി സമ്പന്നരിൽ 48-ാം സ്ഥാനത്താണ് ജുൻജുൻവാല. അദ്ദേഹത്തിന്റെ കയ്യിലുള്ള ആസ്തികളുടെ മൂല്യം ഏകദേശം 30,000 കോടി രൂപ വരും.

  രാജസ്ഥാനിൽ നിന്നുള്ള ചാർട്ടേഡ് അക്കൗണ്ടൻറായിരുന്ന രാകേഷ് ജുൻജുൻവാല കോളേജ് പഠനകാലത്ത് തന്നെ ഓഹരി വിപണിയിൽ (Stock Market) നിക്ഷേപം നടത്തിത്തുടങ്ങിയിരുന്നു. 5000 രൂപയുടെ മൂലധനവുമായാണ് ഓഹരി വിപണിയിൽ ജുൻജുൻവാല ജൈത്രയാത്ര ആരംഭിക്കുന്നത്. റെയർ എൻറർപ്രൈസസ് (RARE Enterprises) എന്ന അസറ്റ് മാനേജ്മെൻറ് സ്ഥാപനം അദ്ദേഹം ചെറുപ്പത്തിൽ തന്നെ ആരംഭിച്ചു. അത് പൂർണമായി മാനേജ് ചെയ്തതും ജുൻജുൻവാല തന്നെയായിരുന്നു.

  ജുൻ‌ജുൻ‌വാലയുടെ പരസ്യമായി ലിസ്റ്റുചെയ്തിരിക്കുന്ന പ്രധാന നിക്ഷേപങ്ങളിൽ ഇനി എന്തെങ്കിലും തീരുമാനം എടുക്കുകയാണെങ്കിൽ അന്തിമ വാക്ക് ട്രസ്റ്റിയായ രാധാകിഷൻ ദമാനിക്കായിരിക്കുമെന്ന് സോഴ്സുകൾ പറയുന്നു. ഓഹരി വിപണിയെക്കുറിച്ച് നല്ല ധാരണകളുള്ള നിക്ഷേപകനും സംരംഭകനുമാണ് ദമാനി. ഡി മാർട്ട് സ്റ്റോറുകളെ നിയന്ത്രിക്കുന്ന അവന്യൂ സൂപ്പർമാർട്ട് ദമാനിയുടെ ഉടമസ്ഥതയിലുള്ളതാണ്. 2022 ജൂൺ 22ലെ കണക്കുകൾ പ്രകാരം അദ്ദേഹത്തിൻെറ അവന്യൂവിൽ നിന്ന് മാത്രമുള്ള ആസ്തി ഏകദേശം 18000 കോടിയോളം വരും.
  Published by:Naseeba TC
  First published: