• HOME
  • »
  • NEWS
  • »
  • money
  • »
  • RBI | റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റ്‌ ഉയർത്തി ആർബിഐ; ഭവനവായ്പ എടുക്കുന്നവരെ ബാധിക്കുന്നത് എങ്ങനെ?

RBI | റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റ്‌ ഉയർത്തി ആർബിഐ; ഭവനവായ്പ എടുക്കുന്നവരെ ബാധിക്കുന്നത് എങ്ങനെ?

ഇന്ത്യയിൽ, സുരക്ഷിതവും അല്ലാത്തതുമായ എല്ലാത്തരം വായ്പകൾക്കും നിരക്ക് വർദ്ധനവ് അനുഭവപ്പെടും

RBI

RBI

  • Share this:
    ആദിൽ ഷെട്ടി (സിഇഒ, ബാങ്ക്ബസാർ.കോം)

    പണപ്പെരുപ്പം (Inflation) അനുദിനം വർധിച്ചു വരുന്നതിന് സാക്ഷ്യം വഹിക്കുകയാണ് നാം. പണപ്പെരുപ്പം കൂടുമ്പോൾ അതിന് അനുബന്ധമായി പലിശ നിരക്കുകളും കൂടുന്നു. റിപ്പോ നിരക്ക് (repo rate) 40 ബേസിസ് പോയിന്റ് (BPS) വർദ്ധിപ്പിച്ച ആർബിഐയുടെ (RBI) നീക്കം തികച്ചും അപ്രതീക്ഷിതമാണ്. ഇന്നലെ ചേർന്ന അടിയന്തര യോഗത്തിന് ശേഷം കേന്ദ്ര ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) (monetary policy committee - MPC) പ്രധാന നിരക്കുകൾ വർധിപ്പിക്കുന്നതിന് ഏകകണ്ഠമായി വോട്ട് ചെയ്യുകയായിരുന്നു. ഉയർന്ന പണപ്പെരുപ്പം, ഇന്ധനങ്ങളുടെയും അസംസ്കൃത വസ്തുക്കളുടെയും വില വർധനവ്, സർക്കാരിന്റെ കടമെടുപ്പ് തുടങ്ങിയ കാരണങ്ങളാലാണ് ലോകമെമ്പാടും പണപ്പെരുപ്പം ഉയരുന്നത്. ഇന്ത്യയിൽ, സുരക്ഷിതവും അല്ലാത്തതുമായ എല്ലാത്തരം വായ്പകൾക്കും നിരക്ക് വർദ്ധനവ് അനുഭവപ്പെടും.

    ആർബിഐ നീക്കം ഭവനവായ്പകൾ (Home Loan) എടുക്കുന്നവരെ എങ്ങനെ ബാധിക്കും?

    മിക്ക ബാങ്കുകളും അവരുടെ വായ്പാ നിരക്കുകൾ ആർബിഐയുടെ റിപ്പോ നിരക്ക് (repo rate) അടിസ്ഥാനമാക്കിയാണ് തീരുമാനിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഏകദേശം 40% ഭവന വായ്പകളും റിപ്പോ നിരക്ക് പോലുള്ള ബാഹ്യ മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ, ഇപ്പോഴത്തെ റിപ്പോ നിരക്ക് വർദ്ധനവ് വായ്പ എടുക്കുന്നവരെയും ബാധിക്കും. റിപ്പോ നിരക്കിലെ ഏത് മാറ്റവും നിങ്ങളുടെ ലോൺ നിരക്കുകളിലും തുല്യമായ മാറ്റം കൊണ്ടുവരും. ഇത് ലോണിന്റെ കാലാവധിയെയും ബാധിക്കും. ഇതിന്റെ അനന്തരഫലമായി നിങ്ങളുടെ ലോൺ അടക്കുന്നതിന് കൂടുതൽ കാലാവധി ആവശ്യമായി വന്നേക്കാം.

    ഉദാഹരണത്തിന്, 7 ശതമാനം പലിശനിരക്കിൽ 20 വർഷത്തെ കാലാവധിയിൽ നിങ്ങളെടുത്ത 50 ലക്ഷത്തിന്റെ ഭവനവായ്പക്ക് അടക്കേണ്ട ഇഎംഐയും പലിശയും യഥാക്രമം 38,765 രൂപയും 43.03 ലക്ഷവും ആണെന്നിരിക്കട്ടെ, പലിശനിരക്ക് 7.4 ശതമാനം ആയി വർധിച്ചാൽ നിങ്ങൾ അടക്കേണ്ട പുതുക്കിയ ഇഎംഐയും പലിശയും യഥാക്രമം 39,974 രൂപയും 45.93 ലക്ഷവും ആയിരിക്കും. അടക്കേണ്ട കാലാവധി 18 മാസം കൂടുകയും ചെയ്യും.

    എം‌സി‌എൽ‌ആർ-ലിങ്ക്ഡ് ലോണുകൾ (MCLR-linked loan) എടുത്ത വായ്പക്കാർക്കും നിരക്ക് വർദ്ധനവ് സമ്മർദ്ദം ഉണ്ടാക്കിയേക്കാം. പല മുൻനിര ബാങ്കുകളും അടുത്തിടെ എംസിഎൽആർ നിരക്കുകൾ വർധിപ്പിച്ചിരുന്നു.

    വായ്പ എടുക്കുന്നവർക്ക് (borrower) എന്തു ചെയ്യാനാകും?

    നിങ്ങളുടെ ഇഎംഐ (EMI) കുറയ്ക്കുന്നതിന് പറ്റിയ മുൻകൂർ പേയ്‌മെന്റുകൾ തിരഞ്ഞെടുക്കാം. എല്ലാ വർഷവും കുടിശ്ശികയുടെ 5% മുൻകൂട്ടി അടയ്ക്കാൻ ശ്രദ്ധിക്കണം. നിങ്ങൾക്കത് താങ്ങാനാകുന്നില്ലെങ്കിൽ, പ്രതിവർഷം ഒരു ഇഎംഐ എങ്കിലും മുൻകൂർ ആയി അടക്കുന്നതും നന്നായിരിക്കും. നിങ്ങൾക്ക് സമയമുണ്ടെങ്കിൽ, കുറഞ്ഞ വായ്പാ നിരക്കിൽ ലോൺ നൽകുന്നവരെ സമീപിക്കാവുന്നതാണ്. അത്തരം ആളുകളെയോ സ്ഥാപനങ്ങളെയോ സമീപിക്കുന്നതിലൂടെ എത്രത്തോളം പണം ലാഭിക്കാം എന്നതു സംബന്ധിച്ചും കൃത്യമായ ധാരണ ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്.

    Summary: Reserve Bank of India (RBI) has hiked repo rate by 40 base point. Here's everything you need to know
    Published by:user_57
    First published: