ബാങ്കുകളിൽ കാലങ്ങളായി ക്ലെയിം ചെയ്യാതെ കിടക്കുന്നത് കോടികളുടെ നിക്ഷേപങ്ങളാണ്. പലതും യഥാർത്ഥ അവകാശികൾ ഉണ്ടെങ്കിൽ പോലും സാങ്കേതിക പ്രശ്നങ്ങൾ കാരണം ക്ലെയിം ചെയ്യാൻ സാധിക്കാത്തവയാണ്. അതിന് പരിഹാരം കാണാനുള്ള ശ്രമത്തിലാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). രാജ്യത്തെ എല്ലാ ജില്ലകളിലെയും എല്ലാ ബാങ്കുകളിലെയും ക്ലെയിം ചെയ്യപ്പെടാത്ത ഏറ്റവും വലിയ 100 നിക്ഷേപങ്ങൾ 100 ദിവസത്തിനുള്ളിൽ കണ്ടെത്തി അത് ക്ലെയിം ചെയ്യാനുള്ള തടസങ്ങൾ നീക്കി തീർപ്പാക്കാൻ ‘100 days 100 pays’ എന്ന പേരിൽ ഒരു ക്യാമ്പയിൻ തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ് ആർബിഐ.
ബാങ്കിംഗ് സംവിധാനത്തിലെ ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങളുടെ അളവ് കുറയ്ക്കുന്നതിനും അത്തരം നിക്ഷേപങ്ങൾ അവരുടെ യഥാർത്ഥ ഉടമകൾക്ക് അല്ലെങ്കിൽ അവകാശിക്ക് തിരികെ നൽകുന്നതിനുമായി റിസർവ് ബാങ്കിന്റെ നിലവിലുള്ള ശ്രമങ്ങളെയും സംരംഭങ്ങളെയും ഈ നടപടി സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് RBI അറിയിച്ചു. ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപം ഏതെന്ന് തീരുമാനിക്കുന്നത് 10 വർഷമോ അതിൽ കൂടുതലോ നിക്ഷേപകനിൽ നിന്ന് ഫണ്ടുകളുടെ ഇൻഫ്യൂഷൻ, പിൻവലിക്കൽ മുതലായ പ്രവർത്തനങ്ങൾ നടക്കാത്ത നിക്ഷേപങ്ങളെയാണ്. ഇവ നിഷ്‌ക്രിയ നിക്ഷേപമായാണ് കണക്കാക്കുന്നത്.
Also read- ITR ഫയലിങ്ങ്: ടാക്സ് ഡിമാൻഡ് സ്റ്റാറ്റസ് പരിശോധിക്കേണ്ടതെങ്ങനെ? എങ്ങനെ മറുപടി നൽകാം?
ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങൾ കണ്ടെത്താൻ പൊതുജനങ്ങൾക്കായി ഒരു കേന്ദ്രീകൃത വെബ് പോർട്ടൽ ആർബിഐ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ക്ലെയിം ചെയ്യപ്പെടാത്ത 10 വർഷമോ അതിൽ കൂടുതലോ ഉള്ള ബാങ്ക് നിക്ഷേപങ്ങളുടെ ഉടമകളും അവകാശികളും അത്തരം നിക്ഷേപങ്ങൾ കണ്ടെത്തുന്നതിന് ഒന്നിലധികം ബാങ്കുകളുടെ വെബ്‌സൈറ്റുകളിൽ പരതണമായിരുന്നു. ഇപ്പോൾ അത്തരം ക്ലെയിം ചെയ്യപ്പെടാത്ത വിവരങ്ങൾ കണ്ടെത്താൻ നിക്ഷേപകർക്കും അവകാശികൾക്കും സൗകര്യപ്രദമായ രീതിയിൽ ഒരു വെബ് പോർട്ടൽ വികസിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. നിക്ഷേപകർക്കും അവകാശികൾക്കും അവരുടെ നിക്ഷേപങ്ങൾ തിരികെ ലഭിക്കാൻ ഇത് സഹായകമാകും. 2023-24 സാമ്പത്തിക വർഷങ്ങളിലെ ആദ്യ ധനനയ യോഗത്തിലാണ് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ഇക്കാര്യം വിശദീകരിച്ചത്.
ബാങ്കുകളിലെ ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപം ഒരു വർഷം മുമ്പ് ഉണ്ടായിരുന്ന 48,262 കോടി രൂപയിൽ നിന്ന് 35,012 കോടി രൂപയായി കുറഞ്ഞതായി സർക്കാർ കണക്കുകൾ സൂചിപ്പിക്കുന്നു. 10 വർഷമോ അതിൽ കൂടുതലോ പ്രവർത്തിപ്പിക്കാത്ത നിക്ഷേപങ്ങളുടെ കാര്യത്തിൽ പൊതുമേഖലാ ബാങ്കുകൾ (പിഎസ്ബി) റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് (ആർബിഐ) കൈമാറിയ ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങളുടെ ആകെ തുക 2022 മാർച്ചിൽ 48,262 രൂപ ആയിരുന്നത് 2023 ഫെബ്രുവരി വരെ 35,012 കോടി രൂപയായി കുറഞ്ഞതായി കേന്ദ്രമന്ത്രി ഭഗവത് കരാദ് പാർലമെന്റിൽ രേഖാമൂലം നൽകിയ മറുപടിയിൽ പറഞ്ഞു.
Also read- കുറഞ്ഞ ചെലവിൽ ലോകം ചുറ്റാം; ക്രെഡിറ്റ് കാർഡ് റിവാർഡ് ഉപയോഗിക്കേണ്ടത് എങ്ങനെ?
രാജ്യത്തെ ബാങ്കുകളിലുള്ള കോടിക്കണക്കിന് രൂപയുടെ ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങൾ ഇതോടെ യഥാർത്ഥ അവകാശികൾക്ക് തിരികെ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പലർക്കും ചെറിയ സാങ്കേതിക പ്രശ്നങ്ങൾ കാരണം ലക്ഷക്കണക്കിന് രൂപയുടെ സമ്പാദ്യം യാതൊരു പ്രയോജനവും ചെയ്യാതെ കിടക്കുന്നത് പലതവണ വാർത്ത ആയിരുന്നു. അതിനെല്ലാം ഒരു പരിഹാരം കാണാനാണ് ആർബിഐയുടെ ശ്രമം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.