• HOME
  • »
  • NEWS
  • »
  • money
  • »
  • RBI | ഇനി കാ‍ർഡില്ലാതെയും എടിഎമ്മുകളിൽ നിന്ന് പണമെടുക്കാം; UPI അധിഷ്ഠിത സംവിധാനമൊരുക്കാൻ റിസർവ് ബാങ്ക്

RBI | ഇനി കാ‍ർഡില്ലാതെയും എടിഎമ്മുകളിൽ നിന്ന് പണമെടുക്കാം; UPI അധിഷ്ഠിത സംവിധാനമൊരുക്കാൻ റിസർവ് ബാങ്ക്

യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് അല്ലെങ്കിൽ UPI വഴിയാണ് കാർഡ് ഇല്ലാതെ പണം പിൻവലിക്കാനുള്ള സൗകര്യം ലഭ്യമാക്കാൻ ഉദ്ദേശിക്കുന്നത്...

  • Share this:
    ഇന്ത്യയിലെ എല്ലാ എടിഎമ്മുകളിൽ (ATM) നിന്നും കാർഡ് ഇല്ലാതെ പണം പിൻവലിക്കാനുള്ള സൗകര്യം (Cardless Cash Withdrawal) വൈകാതെ നടപ്പിലാക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (Reserve Bank Of India) ഗവർണർ ശക്തികാന്ത ദാസ് പ്രഖ്യാപിച്ചു. എല്ലാ ബാങ്കുകൾക്ക് കീഴിലുമുള്ള എടിഎമ്മുകളിൽ ഈ സൗകര്യം ലഭ്യമാവും. മൂന്ന് ദിവസത്തെ മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിന് ശേഷമാണ് ആർബിഐ (RBI) ഗവർണർ ഇക്കാര്യം അറിയിച്ചത്. യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് അല്ലെങ്കിൽ UPI വഴിയാണ് കാർഡ് ഇല്ലാതെ പണം പിൻവലിക്കാനുള്ള സൗകര്യം ലഭ്യമാക്കാൻ ഉദ്ദേശിക്കുന്നതെന്ന് ദാസ് വ്യക്തമാക്കി.

    "നിലവിൽ രാജ്യത്തെ ചുരുക്കം ചില ബാങ്കുകൾക്ക് കീഴിലുള്ള എടിഎമ്മുകളിൽ മാത്രമേ കാർഡ് ഇല്ലാതെ പണം പിൻവലിക്കാനുള്ള സൗകര്യം ലഭ്യമായിട്ടുള്ളൂ. യുപിഐ സംവിധാനത്തിലൂടെ എല്ലാ ബാങ്കുകൾക്ക് കീഴിലുമുള്ള എടിഎമ്മുകളിലേക്ക് ഈ സംവിധാനം വ്യാപിപ്പിക്കാനാണ് ആർബിഐ നിർദ്ദേശിച്ചിട്ടുള്ളത്," പ്രഖ്യാപനം നടത്തുന്നതിനിടയിൽ ശക്തികാന്ത ദാസ് പറഞ്ഞു.

    കാർഡ് ഇല്ലാത്തതിനാൽ ഇടപാടുകൾ എളുപ്പമാക്കാമെന്ന് മാത്രമല്ല കാർഡ് സ്കിമ്മിംഗ്, കാർഡ് ക്ലോണിംഗ് മുതലായ തട്ടിപ്പുകൾ തടയാനും സാധിക്കുമെന്ന് ആർബിഐ ഗവർണർ ചൂണ്ടിക്കാട്ടി. ആർബിഐക്ക് കീഴിലുള്ള സ്ഥാപനങ്ങളിലെ ഉപഭോക്താക്കളുടെ പ്രതികരണങ്ങൾ വിലയിരുത്തി മികച്ച സേവനം ഉറപ്പാക്കുമെന്നും ശക്തികാന്ത ദാസ് പറഞ്ഞു. സാമ്പത്തിക മേഖലയിലെ സേവനദാതാക്കൾ കാലത്തിനനുസരിച്ച് മാറിയിട്ടുണ്ട്. ഓൺലൈനിലൂടെയും മറ്റുമുള്ള ഇടപാടുകൾ വർധിച്ച് വരുന്ന ഇക്കാലത്ത് ഉപഭോക്താക്കളുടെ പരാതികൾ വിലയിരുത്താൻ പ്രത്യേക കമ്മിറ്റിയെ നിയമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    കാർഡ് ഇല്ലാതെ എങ്ങനെ പണം പിൻവലിക്കാം?

    ഡെബിറ്റ് കാർഡുകളോ ക്രെഡിറ്റ് കാർഡുകളോ ഇല്ലാതെ തന്നെ ഉപഭോക്താക്കൾക്ക് എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാനുള്ള സൗകര്യം ഒരുക്കുകയെന്നതാണ് ആർബിഐയുടെ ലക്ഷ്യം. നിലവിൽ ചില ബാങ്കുകളുടെ എടിഎമ്മിൽ ഈ സംവിധാനമുണ്ട്. കൊവിഡ് 19 പട‍ർന്ന് പിടിച്ച സാഹചര്യത്തിൽ പലർക്കും എടിഎമ്മുകളിൽ നേരിട്ടെത്തി പണം പിൻവലിക്കാൻ പറ്റാത്ത അവസ്ഥയുണ്ടായപ്പോഴാണ് ബാങ്കുകൾ പുതിയ സൗകര്യം നടപ്പിലാക്കിയത്.

    Also Read- എന്താണ് ടാറ്റാ ന്യൂ ആപ്പ്? Amazon, Paytm എന്നിവയിൽ നിന്നുള്ള വ്യത്യാസമെന്ത്?

    എസ്‌ബിഐ, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ തുടങ്ങി വിവിധ ബാങ്കുകളിലെ ഉപഭോക്താക്കൾക്ക് നിലവിൽ എടിഎമ്മിൽ നിന്ന് കാ‍ർഡ് ഇല്ലാതെ തന്നെ ഫോൺ വഴി പണം പിൻവലിക്കാൻ സാധിക്കുന്നുണ്ട്. കാ‍ർഡ് ഇല്ലെങ്കിലും മൊബൈൽ ബാങ്കിങ് ആപ്ലിക്കേഷൻ വഴിയാണ് പണം പിൻവലിക്കുന്നത്. ആപ്ലിക്കേഷനിൽ അഭ്യർഥന കൊടുത്താൽ ആവശ്യമുള്ള പണം എടിഎമ്മിൽ നിന്ന് പിൻവലിക്കാൻ സാധിക്കും.

    മൊബൈൽ പിൻ ഉപയോഗിച്ചായതിനാൽ എടിഎം സെൻററുകളിൽ കാ‍ർഡുകൾ വഴിയുള്ള പല തട്ടിപ്പുകളും അവസാനിപ്പിക്കാൻ സാധിക്കുമെന്ന് വിദഗ്ദ‍ർ പറയുന്നു. യുപിഐ സംവിധാനം ഉപയോഗിച്ചാണ് കാ‍ർഡില്ലാതെയും പണമെടുക്കാൻ സാധിക്കുന്നത്. ഉപഭോക്താവിൻെറ ഫോൺ നമ്പ‍ർ മാത്രം ഉപയോഗിച്ച് ഇൻസ്റ്റൻറ് മണി ട്രാൻസ്ഫ‍ർ (IMT) സംവിധാനത്തിലൂടെയാണ് പണം കൈമാറുക. ഈ സൗകര്യത്തിന് നിലവിൽ പ്രതിദിന ഇടപാടിന് പരിധിയുണ്ട്. ഓരോ ബാങ്കുകളുടെയും മാനദണ്ഡമനുസരിച്ച് 10000രൂപ, 20000 രൂപ എന്നിങ്ങനെയാണ് പ്രതിദിന പരിധി നിശ്ചയിച്ചിരിക്കുന്നത്. ചില ബാങ്കുകൾ ഇത്തരം ഇടപാടുകൾക്ക് ചെറിയ തുകയും ഈടാക്കുന്നുണ്ട്. ആ‍ർബിഐയുടെ പ്രഖ്യാപനത്തോടെ കൂടുതൽ ബാങ്കുകൾ എടിഎമ്മുകളിൽ കാർഡ് ഇല്ലാതെ പണം പിൻവലിക്കാനുള്ള സൗകര്യം ഏർപ്പെടുത്തുമെന്നാണ് പ്രതീക്ഷ.
    Published by:Anuraj GR
    First published: