• HOME
 • »
 • NEWS
 • »
 • money
 • »
 • Gold | ഈ ഉത്സവ കാലത്ത് സ്വർണം വാങ്ങണോ? റിസേർച്ച് അനലിസ്റ്റ് ഭവിക് പട്ടേലിൻ്റെ നിർദ്ദേശങ്ങൾ

Gold | ഈ ഉത്സവ കാലത്ത് സ്വർണം വാങ്ങണോ? റിസേർച്ച് അനലിസ്റ്റ് ഭവിക് പട്ടേലിൻ്റെ നിർദ്ദേശങ്ങൾ

നിക്ഷേപകർ ഈ ഉത്സവ കാലത്ത് സ്വർണ്ണത്തിൽ നിക്ഷേപം നടത്തണോ എന്നതിനെ കുറിച്ച് ട്രെഡ്ബുൾസ് സെക്യൂരിറ്റീസിലെ സീനിയർ കമോഡിറ്റി/കറൻസി റിസർച്ച് അനലിസ്റ്റായ ഭവിക് പറയുന്നത്.

 • Share this:
  ഉത്സവ കാലത്ത് സ്വർണം വാങ്ങുക എന്നത് ഭാരതീയരുടെ പതിവു രീതികളിൽ ഒന്നാണ്. ദീപാവലിയും വിവാഹ സീസണും അടുത്തെത്തിയിരിക്കെ, ഈ ഉത്സവ കാലത്ത് ഇന്ത്യയിലെ സ്വർണ വിൽപ്പന കുതിച്ചുയരുമെന്നാണ് പ്രമുഖ ജ്വല്ലറികളും ബാങ്കുകളും കണക്കുകൂട്ടുന്നത്.

  2022-ൽ സ്വർണ്ണത്തിൻ്റെ വില കുറയുകയാണുണ്ടായത്. പണപ്പെരുപ്പം നിയന്ത്രിക്കാൻ ലോകമെമ്പാടുമുള്ള കേന്ദ്ര ബാങ്കുകൾ പലിശ നിരക്ക് വർദ്ധിപ്പിച്ചതാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. യുഎസ് ഫെഡറൽ റിസർവ്വ് പതിറ്റാണ്ടുകൾക്കിടയിൽ നടത്തിയിട്ടുള്ള ഏറ്റവും ശക്തമായ പലിശ നിരക്ക് വർദ്ധിപ്പിക്കൽ പ്രഖ്യാപിച്ചതിനെ തുടർന്ന് യുഎസ് ഡോളറിൻ്റെ നിരക്ക് ഉയരുകയും ഇതിനനുസരിച്ച് ഇന്ത്യയിലെ സ്വർണത്തിൻ്റെ വില താഴുകയും ചെയ്തു.

  നിക്ഷേപകർ ഈ ഉത്സവ കാലത്ത് സ്വർണ്ണത്തിൽ നിക്ഷേപം നടത്തണോ എന്നതിനെ കുറിച്ച് ട്രെഡ്ബുൾസ് സെക്യൂരിറ്റീസിലെ സീനിയർ കമോഡിറ്റി/കറൻസി റിസർച്ച് അനലിസ്റ്റായ ഭവിക് പട്ടേൽ ന്യൂസ് 18-നോട് സംസാരിച്ചു. നിക്ഷേപം നടത്താനുള്ള ഏറ്റവും മികച്ച മാർഗ്ഗം ഏതാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

  ആറ് മാസത്തിനുള്ളിൽ സ്വർണ വില കുറയുകയാണ് ചെയ്തിട്ടുള്ളത്. ഇപ്പോൾ സ്വർണം വാങ്ങാൻ പറ്റിയ സമയമാണോ?

  സ്വർണ്ണം വാങ്ങുന്നതിന് യോജിച്ച സമയമാണെന്നും എന്നാൽ ഇടത്തരം കാലയളവിലേക്ക് വാങ്ങുന്നതാണ് നല്ലതെന്നും ഭവിക് പട്ടേൽ പറഞ്ഞു. ഫിസിക്കൽ ഗോൾഡ് മാർക്കറ്റും പേപ്പർ ഗോൾഡ് മാർക്കറ്റും തമ്മിൽ ചില വൈരുദ്ധ്യങ്ങൾ കാണുന്നുണ്ട്.

  “ഡെറിവേറ്റീവ് അല്ലെങ്കിൽ പേപ്പർ ഗോൾഡ് മാർക്കറ്റിൽ, യുഎസ് ഡോളറിൻ്റെയും ട്രഷറി യീൽഡിൻ്റെയും ശക്തി കരുത്ത് കാരണം സ്വർണ്ണ വിലകളിൽ സമ്മർദ്ദം നേരിടുന്നുണ്ട്, എന്നാൽ ഫിസിക്കൽ മാർക്കറ്റിൽ പ്രീമിയം വർദ്ധിക്കുന്നതായി കാണുന്നുണ്ട്, ഇത് സപ്ലൈ കുറയുന്നതിൻ്റെ സൂചനയാണ്. ദസറയുടെ സമയത്ത് നല്ല തോതിൽ വിൽപ്പന നടന്നതിൽ നിന്ന്, പ്രത്യേകിച്ച് ഇന്ത്യയിലും ചൈനയിലും സ്വർണ്ണ വില കൂടാനുള്ള സാധ്യത കാണുന്നുണ്ട്. ചൈനയെ സംബന്ധിച്ച്, പ്രീമിയം റെക്കോർഡ് തലങ്ങളിൽ എത്തിയതിനാൽ, ഡിമാൻഡിനനുസരിച്ച് വിതരണം ചെയ്യാനുള്ള സ്വർണ്ണം ഇറക്കുമതി ചെയ്യാൻ അവർക്ക് കഴിയില്ല. ചൈനയുടെ സ്വർണ്ണ ഇറക്കുമതി നാല് വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണുള്ളത്. 2023-ലെ ആദ്യ പാദത്തിനു ശേഷം, പലിശ വർദ്ധനയുടെ നിരക്ക് യുഎസ് ഫെഡറൽ റിസർവ് കുറയ്ക്കാൻ സാധ്യതയുള്ളതിനാൽ സ്വർണ്ണ വില കൂടിയേക്കാം എന്നതിനാൽ വില കുറഞ്ഞിരിക്കുന്ന സമയത്ത് വാങ്ങുന്നത് നല്ലതാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

  സ്വർണം വാങ്ങാൻ ഇപ്പോൾ ഏറ്റവും നല്ല രീതി എന്താണ്?

  “അത് വാങ്ങുന്നയാളുടെ ആവശ്യകതകളെ ആശ്രയിച്ചിരിക്കുന്നു. നമ്മുടെ രക്ഷിതാക്കൾക്ക് ഫിസിക്കൽ രൂപത്തിലല്ലാതെ സ്വർണ്ണം വാങ്ങാനുള്ള മാർഗ്ഗം ഇല്ലായിരുന്നു, എന്നാൽ ഇപ്പോൾ ഗോൾഡ് ബോണ്ടുകളും ഇടിഎഫുകളും നിലവിൽ വന്നതോടെ സ്വന്തം ആവശ്യകതകൾക്ക് അനുസരിച്ച് വാങ്ങാനുള്ള വിവിധ ഓപ്ഷനുകൾ നിക്ഷേപകർക്കുണ്ട്,” പട്ടേൽ പറഞ്ഞു.

  സമ്മാനം നൽകാനായി സ്വർണ്ണം വാങ്ങാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ നാണയങ്ങളോ ആഭരണങ്ങളോ വാങ്ങാമെന്നാണ് പട്ടേൽ പറയുന്നത്. എന്നാൽ, നിക്ഷേപമാണ് ഉദ്ദേശിക്കുന്നതെങ്കിൽ ബോണ്ടുകളിലോ ഇടിഎഫുകളിലോ നിക്ഷേപിക്കുന്നതാണ് നല്ല മാർഗം. ഇടിഎഫുകളിൽ നിന്ന് വ്യത്യസ്തമായി ബോണ്ടുകൾക്ക് മാനേജ്മെൻ്റ് ഫീസ് ഇല്ലാത്തതിനാൽ അതിനാണ് മുൻഗണന നൽകാവുന്നത്. മാത്രവുമല്ല, ബോണ്ടുകൾക്ക് വർഷത്തിൽ 2.5 ശതമാനം പലിശയും ലഭിക്കും.

  നിക്ഷേപിക്കുന്നതിന് മുൻപ് മനസ്സിൽ സൂക്ഷിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്?

  സ്വർണ്ണ നിക്ഷേപം ഹ്രസ്വകാല ട്രേഡർമാരെയോ സ്റ്റോക്ക് മാർക്കറ്റിലെ പോലെ സ്പെക്യുലേറ്റർമാരെയോ ഉദ്ദേശിച്ചുള്ളതല്ല. അതിനാൽ സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നതിന് മുൻപ് റിസ്ക് എടുക്കാനുള്ള ശേഷിയും സമയപരിധിയും കണക്കിലെടുക്കേണ്ടതുണ്ട്. എന്നാൽ, നിങ്ങളുടെ പോർട്ട്ഫോളിയോ ഹെഡ്ജ് ചെയ്യുന്നതോ ദീർഘകാല ക്യാപ്പിറ്റൽ അപ്രീസിയേഷനോ കണക്കിലെടുക്കുമ്പോൾ സ്വർണ്ണം കൂടുതൽ സുരക്ഷിതമായ നിക്ഷേപമായാണ് കണക്കാക്കപ്പെടുന്നത് എന്ന് പട്ടേൽ നിർദ്ദേശിക്കുന്നു.

  Also read : കൂടുതൽ സൗജന്യം നൽകിയാൽ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തകരും; നീതി ആയോ​ഗ് അം​ഗം രമേഷ് ചന്ദ്ര

  സ്വർണം വാങ്ങാനുള്ള വ്യത്യസ്ത വഴികൾ ഏതെല്ലാമാണ്?

  “ദീർഘ കാലത്തേക്ക് ബോണ്ടുകളോ ഇടിഎഫുകളോ വഴി വാങ്ങാനാണ് ഞങ്ങൾ നിർദ്ദേശിക്കുന്നത്, ഹ്രസ്വ കാലത്തേക്കാണെങ്കിൽ നിക്ഷേപകർക്ക് എംസിഎക്സിലെ ഫ്യൂച്ചറുകളോ ഓപ്ഷനുകളോ വഴി സ്വർണ്ണം വാങ്ങാം. ഹ്രസ്വകാല നിക്ഷേപകർ കൂടുതലും സ്പെക്യുലേഷൻ നടത്തുന്നവരാണ്, അതിനാൽ എംസിഎക്സിലൂടെ നിക്ഷേപിക്കുന്നതാണ് അവർക്ക് നല്ലത്,” പട്ടേൽ പറഞ്ഞു.

  പഴയ സ്വർണം വിൽക്കാൻ ഉദ്ദേശിക്കുന്നവർക്കുള്ള ഉപദേശം എന്താണ്?

  “സാമ്പത്തികമായ ആവശ്യങ്ങൾ ഉള്ളതിനാലോ പഴയ സ്വർണ്ണം വിറ്റ് പുതിയ ആഭരണം വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിലോ മാത്രം സ്വർണ്ണം വിറ്റാൽ മതിയെന്നാണ് ഞങ്ങൾ നിർദ്ദേശിക്കുന്നത്. പഴയ സ്വർണ്ണം പഴയ വീഞ്ഞ് പോലെയാണ്, പഴക്കം കൂടും തോറും മൂല്യവും വർദ്ധിക്കും. സമാനമായി, പഴയ സ്വർണ്ണത്തിൻ്റെ വില ഭാവിയിൽ എത്രയായിരിക്കും എന്ന് പറയാനാകില്ല. കാരണം ചരിത്രപരമായി ലോകം ഏത് സാഹചര്യങ്ങളിലൂടെ കടന്നു പോയാലും സ്വർണ്ണത്തിൻ്റെ വില കൂടുന്നതായാണ് നമ്മൾ കണ്ടിട്ടുള്ളത്. അതിനാൽ മറ്റു തരത്തിലുള്ള ആവശ്യങ്ങളില്ലെങ്കിൽ പഴയ സ്വർണ്ണം സൂക്ഷിക്കുന്നതാണ് നല്ലത്.”
  Published by:Amal Surendran
  First published: