ഇന്റർഫേസ് /വാർത്ത /Money / UPI ഇടപാടുകളിൽ റെക്കോർഡ് വർധനവ്; മെയ് മാസം നടന്നത് 10 ലക്ഷം കോടി രൂപയുടെ ഇടപാടുകൾ

UPI ഇടപാടുകളിൽ റെക്കോർഡ് വർധനവ്; മെയ് മാസം നടന്നത് 10 ലക്ഷം കോടി രൂപയുടെ ഇടപാടുകൾ

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

2021 മെയ് മാസത്തെ അപേക്ഷിച്ച് ഇരട്ടി തുകയുടെ ഇടപാടുകളാണ് നടന്നത്. വർഷം തോറും, യുപിഐ ഇടപാടുകളുടെ തോതിൽ 117 ശതമാനം വർധനവ് ഉണ്ടായെന്നും റിപ്പോർട്ട് പറയുന്നു.

  • Share this:

യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (Unified Payments Interface (UPI)) ഇടപാടുകളിൽ രാജ്യത്ത് റെക്കോർഡ് വർധനവ്. മെയ് മാസത്തിൽ 10 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് ഇന്ത്യയിൽ യുപിഐ വഴി നടന്നതെന്ന് നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (National Payments Corporation of India) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഇതാദ്യമായാണ് യുപിഐ ഇത്രയും വലിയ ഇടപാട് നടത്തുന്നത്.

എൻപിസിഐ വെബ്‌സൈറ്റിൽ ലഭ്യമായ കണക്കുകൾ പ്രകാരം മെയ് മാസത്തിൽ 10,41,506.60 കോടി രൂപയുടെ യുപിഐ ഇടപാടുകൾ നടന്നിട്ടുണ്ട്. 2021 മെയ് മാസത്തെ അപേക്ഷിച്ച് ഇരട്ടി തുകയുടെ ഇടപാടുകളാണ് നടന്നത്. വർഷം തോറും, യുപിഐ ഇടപാടുകളുടെ തോതിൽ 117 ശതമാനം വർധനവ് ഉണ്ടായെന്നും റിപ്പോർട്ട് പറയുന്നു. ഈ വർഷം ഏപ്രിലിനെ അപേക്ഷിച്ച് ഇടപാടുകളുടെ മൂല്യം 5.91 ശതമാനമായി ഉയർന്നതായും കണക്കുകൾ വ്യക്തമാക്കുന്നു. ഏപ്രിലിൽ 9.83 ട്രില്യണായിരുന്നു ഇടപാട് മൂല്യം. അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ 1 ബില്യൺ ഡോളറിന്റെ പ്രതിദിന യുപിഐ ഇടപാടുകളാണ് എൻപിസിഐ ഇപ്പോൾ ലക്ഷ്യമിടുന്നത്.

മറ്റ് പേയ്മെന്റ് സംവിധാനങ്ങളുടെ വിവരങ്ങളും നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പുറത്തുവിട്ടിട്ടുണ്ട്. ഇമ്മീഡിയറ്റ് പേയ്മെന്റ് സിസ്റ്റം (ഐഎംപിഎസ്) ഇടപാടുകളുടെ എണ്ണം മെയ് മാസത്തിൽ 484.8 ദശലക്ഷമായാണ് ഉയർന്നത്. ഏപ്രിലിൽ ഇത് 471.6 ദശലക്ഷമായിരുന്നു. മെയ് മാസത്തിൽ വാഹന ഉടമകൾ ഫാസ്ടാഗ് വഴി 43.7 ബില്യൺ രൂപയുടെ ഇടപാടുകളാണ് നടത്തിയതെങ്കിൽ മുൻ മാസം അത് 42.2 ബില്യൺ രൂപയായിരുന്നു.

ഇടപാടുകളുടെ കാര്യത്തിൽ രാജ്യത്തെ ഏറ്റവും വലിയ സിം​ഗിൾ റീട്ടെയിൽ പേയ്‌മെന്റ് സംവിധാനമാണ് യുപിഐ. രാജ്യത്തെ റീട്ടെയിൽ ഇടപാടുകളുടെ ഏതാണ്ട് 60 ശതമാനത്തിലധികവും ഇതിൽ ഉൾക്കൊള്ളുന്നു. ചെറിയ തുകയുടെ ഇടപാടുകളാണ് യുപിഐ വഴി കൂടുതലായും നടക്കുന്നത്.

2016ൽ സർക്കാർ പിന്തുണയോടെ എൻപിസിഐ ആണ് പണമിടപാടുകൾക്കായുള്ള യുപിഐ പ്ലാറ്റ്ഫോം ആരംഭിച്ചത്. ഇന്ത്യയിലുടനീളം അതിന് വ്യാപകമായ സ്വീകാര്യത ലഭിച്ചു. ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളെ ഒരൊറ്റ മൊബൈൽ ആപ്ലിക്കേഷൻ വഴി ഏകീകരിക്കുന്ന സംവിധാനമാണിത്. വ്യത്യസ്‌ത ബാങ്ക് അക്കൗണ്ടുകൾ ആക്‌സസ് ചെയ്ത് 24 മണിക്കൂറും യുപിഐ പ്രവർത്തിക്കുന്നു. പണം കൈമാറ്റം ഉ‍ടനടി നടക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.

അതേസമയം, സാമ്പത്തിക ഇടപാടുകൾക്കായി യുപിഐ ഉപയോഗിക്കുന്നവരുടെ എണ്ണം ​ഗ്രാമങ്ങളിൽ കുറവാണെന്ന് റിപ്പോർട്ട് പുറത്തു വന്നിരുന്നു. അ‍ഞ്ച് ബില്യൺ ഇടപാടുകൾ എന്ന നേട്ടം മാർച്ച് മാസം കരസ്ഥമാക്കിയതിനു പിന്നാലെയാണ് യുപിഐക്ക് ​ഗ്രാമപ്രദേശങ്ങളിൽ പ്രചാരം കുറവാണെന്ന രീതിയിലുള്ള റിപ്പോർട്ടുകൾ പുറത്തു വന്നത്. സർവേയിൽ പങ്കെടുത്ത 40 ശതമാനം ഗ്രാമീണരും യുപിഐ, ഡിജിറ്റൽ പേയ്‌മെന്റുകളെക്കുറിച്ചോ അത് എങ്ങനെ ഉപയോഗിക്കണമെന്നതിനെക്കുറിച്ചോ അറിവില്ലെന്ന് വെളിപ്പെടുത്തി. വൺ ബ്രി‍ഡ്ജ് (1Bridge) എന്ന ​ഗ്രൂപ്പ് ആണ് സർവേ നടത്തിയത്.

First published:

Tags: Digital payment, UPI