ഹൈഡ്രോകാർബണുകളിൽ നിന്ന് പുനരുപയോഗിക്കാവുന്ന വൈദ്യുതിയിലേക്കുള്ള മാറ്റത്തിന് പ്രാധാന്യം നൽകി ഹരിതോർജ സംരംഭങ്ങളിൽ മൂന്നു വർഷത്തിനുള്ളിൽ 75,000 കോടി രൂപ നിക്ഷേപിക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് (ആർഐഎൽ) ചെയർമാൻ മുകേഷ് അംബാനി പറഞ്ഞു. ജാംനഗറിലെ ധീരുഭായ് അംബാനി ഗ്രീൻ എനർജി ജിഗാ കോംപ്ലക്സ് ഉൾപ്പെടെയുള്ള സംരംഭങ്ങളിലാണ് തുക നിക്ഷേപിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
2021-ലെ അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മുകേഷ് അംബാനി. ലോകത്തിലെ ഏറ്റവും വലിയ ഹരിത ഊർജ സരംഭങ്ങളിലൊന്നായ 5000 ഏക്കറിൽ സ്ഥാപിക്കുന്ന ജിഗാ കോംപ്ലക്സ് വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്നും 2035 ഓടെ കാർബൺ ഫ്രീ കമ്പനിയായി റിലയൻസ് ഇൻഡസ്ട്രീസ് മാറുമെന്നും മുകേഷ് അംബാനി കൂട്ടിച്ചേർത്തു.
ഇന്ത്യയിൽ ഹൈഡ്രജൻ എനർജി ആവാസവ്യവസ്ഥ വികസിപ്പിക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയിൽ, സോളാർ സംയോജിത ഫോട്ടോവോൾട്ടെയ്ക്ക് യൂണിറ്റുകൾ ഉത്പാദിപ്പിക്കാൻ ജിഗാ കോംപ്ലക്സിന് നാല് ജിഗാ ഫാക്ടറികളും ഊർജ്ജം സംഭരിക്കുന്നതിനുള്ള നൂതന ബാറ്ററികളും, ഹരിത ഹൈഡ്രജൻ ഉത്പാദിപ്പിക്കാൻ വൈദ്യുതവിശ്ലേഷണവും ഹൈഡ്രജനിൽ നിന്ന് ഹരിതോർജത്തിലേക്ക് പരിവർത്തനം ചെയ്യാനുള്ള ഇന്ധന സെൽ പ്ലാന്റും ഉണ്ടാകുമെന്നും അംബാനി പറഞ്ഞു.
"ഹരിത ഹൈഡ്രജൻ ഊർജ്ജത്തിന്റെ വില നിലവിൽ ഉയർന്നതാണെങ്കിലും, അവ ഗണ്യമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു. ഹരിത ഹൈഡ്രജൻ സംഭരിക്കുന്നതിനും കൊണ്ടുപോകുന്നതിനും പുതിയ സാങ്കേതികവിദ്യകൾ ഉയർന്നുവരുന്നു, ഇത് ചെലവ് കൂടുതൽ കുറയ്ക്കുവാൻ ഇടയാക്കും," - മുകേഷ് അംബാനി പറഞ്ഞു. നിക്ഷേപങ്ങളെ ആകർഷിക്കുന്ന ഒരു ഹരിത ഹൈഡ്രജൻ ആവാസവ്യവസ്ഥ സൃഷ്ടിക്കാൻ സർക്കാർ പദ്ധതിയിടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
2030 ആകുമ്പോഴേക്കും കുറഞ്ഞത് 100 ജിഗാവാട്ടിന്റെ പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ ശേഷി റിലയൻസ് കൈവരിക്കുകയും അടുത്ത ഒരു ദശകത്തിനുള്ളിൽ ഗ്രീൻ ഹൈഡ്രജന്റെ വില കിലോയ്ക്ക് ഒരു ഡോളറായി കുറയ്ക്കുകയും ചെയ്യുമെന്നും മുകേഷ് അംബാനി കൂട്ടിച്ചേർത്തു.
Disclaimer: News18 Malayalam is a part of the Network18 group. Network18 is controlled by Independent Media Trust, of which Reliance Industries is the sole beneficiary.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.