രാജ്യത്തെ മുൻനിര ടെലികോം കമ്പനിയായ റിലയൻസ് ജിയോ ലോകത്തിലെ അഞ്ചാമത്തെ ശക്തമായ ബ്രാൻഡായി. ബ്രാൻഡ് സ്ട്രെങ്ത് ഇൻഡെക്സ് (ബിഎസ്ഐ) സ്കോർ 100 ൽ 91.7 ഉം എഎഎ-പ്ലസ് റേറ്റിംഗും നേടിയാണ് ജിയോ ഈ സ്ഥാനത്തെത്തിയത്. ബ്രാൻഡ് ഫിനാൻസിന്റെ യഥാർഥ വിപണി ഗവേഷണ ഫലങ്ങളിൽ നിന്ന് ബ്രാൻഡിന്റെ ആധിപത്യം വ്യക്തമാണെന്ന് ജിയോ പറഞ്ഞു. ലോകത്തെ പ്രമുഖ സ്വതന്ത്ര ബ്രാൻഡ് മൂല്യനിർണയവും സ്ട്രാറ്റജി കൺസൾട്ടൻസിയുമാണ് ബ്രാൻഡ് ഫിനാൻസ്.
2016 ൽ സ്ഥാപിതമായ ജിയോ അതിവേഗമാണ് ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈൽ നെറ്റ്വർക്ക് ഓപ്പറേറ്ററായി മാറിയത്. നിലവിൽ 40 കോടി വരിക്കാരുള്ള ലോകത്തിലെ മൂന്നാമത്തെ വലിയ മൊബൈൽ നെറ്റ്വർക്ക് ഓപ്പറേറ്ററായും ജിയോ മാറിയെന്ന് കമ്പനി വക്താവ് പറഞ്ഞു. താങ്ങാവുന്ന പ്ലാനുകൾക്ക് പേരുകേട്ട ജിയോ ദശലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് സൗജന്യമായി 4ജി വാഗ്ദാനം ചെയ്തുകൊണ്ട് ഇന്ത്യയിലെ ടെലികോം വിപണിയിൽ വൻ മാറ്റമാണ് കൊണ്ടുവന്നത്.
ടെലികോം മേഖലയിലെ ഏറ്റവും വേഗത്തിൽ വളരുന്ന ബ്രാൻഡാണ് ജിയോ, ബ്രാൻഡ് മൂല്യത്തിന്റെ കാര്യത്തിൽ വ്യവസായത്തിലുടനീളമുള്ള നെഗറ്റീവ് പ്രവണതയെ മറികടന്ന് 50 ശതമാനം വർധിച്ച് 4.8 ബില്യൺ യുഎസ് ഡോളറായി. ഇന്ത്യയിലെ മറ്റു ടെലികോം കമ്പനികളുമായി താരതമ്യപ്പെടുത്തുമ്പോൾ പരിഗണന പരിവർത്തനം, പ്രശസ്തി, ശുപാർശ, പുതുമ, ഉപഭോക്തൃ സേവനം, പണത്തിനുള്ള മൂല്യം എന്നിങ്ങനെയുള്ള എല്ലാ അളവുകളിലും ജിയോയ്ക്ക് ഏറ്റവും ഉയർന്ന സ്കോറാണ് ലഭിച്ചത്.
ജിയോ ബ്രാൻഡിന് ഈ മേഖലയിൽ വലിയ ബലഹീനതകളൊന്നുമില്ല. ആഗോളതലത്തിൽ മറ്റ് ടെലികോം ബ്രാൻഡുകളിൽ നിന്ന് വ്യത്യസ്തമായി പ്രവർത്തിക്കുകയും ഉപഭോക്താക്കളിൽ നിന്ന് വാത്സല്യം ആസ്വദിക്കുകയും ചെയ്യുന്നു എന്നതാണ് ജിയോയെ പറ്റി ഗവേഷണ ഫലങ്ങൾ വ്യതമാക്കിയത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.