• HOME
 • »
 • NEWS
 • »
 • money
 • »
 • Dunzoയിൽ 240 മില്യൺ ഡോളറിന്റെ നിക്ഷേപവുമായി Reliance Retail; 25.8 ശതമാനം ഓഹരി ഏറ്റെടുക്കും

Dunzoയിൽ 240 മില്യൺ ഡോളറിന്റെ നിക്ഷേപവുമായി Reliance Retail; 25.8 ശതമാനം ഓഹരി ഏറ്റെടുക്കും

ബ്ലിങ്കിറ്റും സെപ്റ്റോയും 10 മിനിറ്റിനുള്ളിൽ ഡെലിവറി വാഗ്ദാനം ചെയ്യുമ്പോൾ ഡൺസോ 19 മിനിറ്റിലാണ് ഡെലിവറി വാഗ്ദാനം ചെയ്യുന്നത്

Dunzo_reliance

Dunzo_reliance

 • Last Updated :
 • Share this:
  ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓൺ-ഡിമാൻഡ് ഡെലിവറി സ്റ്റാർട്ടപ്പായ ഡൺസോയുടെ (Dunzo) 25.8 ശതമാനം ഓഹരി റിലയൻസ് (Reliance) സ്വന്തമാക്കി. റിലയൻസ് റീട്ടെയ്‌ലിന്റെ 240 മില്യൺ ഡോളർ നിക്ഷേപത്തോടെ ഡൺസോയുടെ ആകെ മൂല്യം 800 മില്യൺ ഡോളറായി ഉയർന്നു. 2016ൽ കബീർ ബിശ്വാസ് (Kabir Biswas) സ്ഥാപിച്ച സ്റ്റാർട്ടപ്പ് ഇതുവരെ ആകെ സ്വരൂപിച്ചിട്ടുള്ളത് 140 മില്യൺ ഡോളറാണ്.

  ബ്ലിങ്കിറ്റ് (Blinkit), സെപ്റ്റോ (Zepto), സ്വിഗ്ഗിയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റാമാർട്ട് (Instamart), ബിഗ് ബാസ്കറ്റ് (BigBasket) തുടങ്ങിയ മറ്റു കമ്പനിയുമായുള്ള മത്സരത്തിന് ഡൺസോയ്ക്ക് ഊർജം പകരുന്നതാണ് റിലയൻസിന്റെ നിക്ഷേപം. ബ്ലൂം വെഞ്ചേഴ്‌സ്, ഗൂഗിൾ, ലൈറ്റ്ബോക്സ് വെഞ്ചേഴ്‌സ്, ലൈറ്റ്ബോക്സ്, ലൈറ്റ്‌റോക്ക്, 3എൽ ക്യാപിറ്റൽ തുടങ്ങിയ പ്രമുഖ കമ്പനികളും ഡൺസോയുടെ നിക്ഷേപകരിൽ ഉൾപ്പെടുന്നു.

  "തുടക്കം മുതൽ തന്നെ സമാനതകളില്ലാത്ത ഉപഭോക്തൃ അനുഭവം നൽകുന്നതിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. ഞങ്ങളുടെ ഈ സമീപനത്തെ സാധൂകരിക്കുന്നതാണ് ഈ ഫണ്ടിംഗ് റൗണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി അശ്രാന്തമായി പരിശ്രമിക്കുന്ന ഞങ്ങളുടെ ടീമിനെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു", ഡൺസോയുടെ സ്ഥാപകൻ കബീർ ബിശ്വാസ് പ്രസ്താവനയിലൂടെ അറിയിച്ചു.

  "റിലയൻസ് റീട്ടെയ്‌ലിന്റെ നിക്ഷേപത്തിലൂടെ ഞങ്ങൾക്കൊരു ദീർഘകാല പങ്കാളിയെ ലഭിച്ചിരിക്കുകയാണ്. അവരുമായി ചേർന്ന് കൂടുതൽ വേഗത്തിൽ വളർച്ച കൈവരിക്കാൻ കഴിയുമെന്നും ഇന്ത്യക്കാരുടെ ഷോപ്പിങ് രീതികൾ പുനർനിർവചിക്കാൻ കഴിയുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു", അദ്ദേഹം കൂട്ടിച്ചേർത്തു.

  ബ്ലിങ്കിറ്റും സെപ്റ്റോയും 10 മിനിറ്റിനുള്ളിൽ ഡെലിവറി വാഗ്ദാനം ചെയ്യുമ്പോൾ ഡൺസോ 19 മിനിറ്റിലാണ് ഡെലിവറി വാഗ്ദാനം ചെയ്യുന്നത്. 10 മിനിറ്റിൽ ഡെലിവറി സാധ്യമാകുന്ന വിധത്തിൽ വിപണി വളർന്നിട്ടില്ലെന്നും പെട്ടെന്നുള്ള ഡെലിവറി മൂലമുള്ള ജോലിഭാരം ഈ മേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാർ വഹിക്കേണ്ടി വരുമെന്നും കബീർ ബിശ്വാസ് പറഞ്ഞതായി മുമ്പ് മണികൺട്രോൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

  Also Read- ഒറ്റ ദിവസം കൊണ്ട് എലോൺ മസ്‌കിന്റെ ആസ്തിയിൽ രണ്ടര ലക്ഷം കോടി രൂപയുടെ വർദ്ധനവ്

  "19 മിനിറ്റിൽ ഡെലിവറി എന്ന ആശയവുമായി മുന്നോട്ട് പോകാൻ കാരണം ഞങ്ങൾ ഞങ്ങളുടെ പങ്കാളികളെ സഹാനുഭൂതിയോടെ പരിഗണിക്കുന്നു എന്ന് ഉറപ്പു വരുത്താനാണ്. ഉപഭോക്താക്കൾ ഞങ്ങൾക്ക് വേഗത കുറവാണെന്ന് കരുതിയാലും കുഴപ്പമില്ല", അദ്ദേഹം കൂട്ടിച്ചേർത്തു.

  ജിയോമാർട്ട് കഴിഞ്ഞാൽ ഗ്രോസറി ഡെലിവറി വിപണിയിലേക്കുള്ള റിലയൻസിന്റെ ശക്തമായ രണ്ടാമത്തെ ചുവടുവെപ്പാണ് ഇത്. കഴിഞ്ഞ വർഷം മിൽക്ക്ബാസ്‌കറ്റും റിലയൻസ് ഏറ്റെടുത്തിരുന്നു. ഡൽഹി, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലെ വീടുകളിൽ പാലും മറ്റ് നിത്യോപയോഗ സാധനങ്ങളും വിതരണം ചെയ്യുന്ന കമ്പനിയാണ് അത്. നിക്ഷേപത്തിനായി സൊമാറ്റോ, സ്വിഗ്ഗി, ടാറ്റ ഗ്രൂപ്പ് എന്നിവയുമായും ഡൺസോ ചർച്ച നടത്തിയിരുന്നെങ്കിലും അതൊന്നും പ്രാവർത്തികമാക്കാൻ കഴിഞ്ഞില്ലെന്നാണ് ലഭിക്കുന്ന വിവരം.

  "ഉപഭോക്താക്കളുടെ മുൻഗണന ഓൺലൈനിലേക്ക് മാറുന്നത് ഞങ്ങൾ കാണുന്നുണ്ട്. ഈ മേഖലയിൽ ഡൺസോ നടത്തിയ ഇടപെടലുകൾ മതിപ്പുളവാക്കുന്നവയാണ്. ഇന്ത്യയിൽ ക്വിക്ക് കൊമേഴ്‌സിന് തുടക്കമിട്ടത് ഡൺസോയാണ്", റിലയൻസ് റീട്ടെയ്ൽ വെഞ്ചേഴ്‌സ് ലിമിറ്റഡിന്റെ ഡയറക്റ്റർ ഇഷ അംബാനി പ്രതികരിച്ചു.
  Published by:Anuraj GR
  First published: