• HOME
  • »
  • NEWS
  • »
  • money
  • »
  • വീണ്ടും CAMPA; അരനൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ശീതളപാനീയവുമായി റിലയൻസ് വീണ്ടും

വീണ്ടും CAMPA; അരനൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ശീതളപാനീയവുമായി റിലയൻസ് വീണ്ടും

കാമ്പ കോള, കാമ്പ ലെമൺ, കാമ്പ ഓറഞ്ച് എന്നിങ്ങനെ മൂന്നു ഫ്ലേവറുകളിലാണ് കോള പുറത്തിറങ്ങിയത്

  • Share this:

    ഇന്ത്യൻ വിപണിയിൽ 50 വർഷത്തിലേറെ പാരമ്പര്യമുള്ള പ്രാദേശിക പാനീയ ബ്രാൻഡായ കാമ്പക്കോള നീണ്ട ഇടവേളക്ക് ശേഷം തിരിച്ചെത്തി. റിലയൻസ് കൺസ്യൂമർ പ്രോഡക്‌ട്‌സ് ലിമിറ്റഡാണ് കോള വിപണിയിൽ പുനരവതരിപ്പിച്ചത്. മാസങ്ങൾക്ക് മുൻപ് കോളയുടെ മാതൃകമ്പനിയെ റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡ് ഏറ്റെടുത്തിരുന്നു. തുടക്കത്തിൽ കാമ്പ കോള, കാമ്പ ലെമൺ, കാമ്പ ഓറഞ്ച് എന്നിങ്ങനെ ഫ്ലേവറുകളിലാണ് പുറത്തിറക്കുന്നതെന്ന് കമ്പനി അറിയിച്ചു. ശീതള പാനീയങ്ങളുടെ വിൽപ്പന സാധാരണയായി വർദ്ധിക്കുന്ന വേനൽ കാലത്തിന്റെ തുടക്കത്തിലാണ് ഇന്ത്യൻ ഉപഭോക്താക്കളുടെ ഇഷ്ട ബ്രാൻഡായ കാമ്പക്കോള തിരിച്ചെത്തിയത്.

    ഈ വേനൽക്കാലത്ത് കാമ്പ ‘ഇന്ത്യയുടെ മഹത്തായ രുചി’ തിരികെ കൊണ്ടുവരും. 200 എംഎൽ, 500 എംഎൽ, 600 എംഎൽ, 1000 എംഎൽ, 2000 എംഎൽ എന്നിങ്ങനെ പാക്കുകളിൽ ലഭ്യമാകുമെന്ന് ആർസിപിസിഎല്‍ പറഞ്ഞു. ഡൽഹി ആസ്ഥാനമായുള്ള പ്യുവർ ഡ്രിങ്ക്‌സ് ലിമിറ്റഡിൽ നിന്ന് കാമ്പയെ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ 22 കോടി രൂപയ്ക്ക് റിലയൻസ് റീട്ടെയിൽ ഏറ്റെടുത്തിരുന്നു.

    1970 കളിലും 80 കളിലും ഈ ബ്രാൻഡ് വിപണിയിലെ പ്രധാന ശീതളപാനീയമായിരുന്നു. എന്നാൽ 1990 കളിൽ വിദേശ കമ്പനികളായ പെപ്‌സിയും കൊക്കകോളയും എത്തിയതോടെ കാമ്പക്കോള പിന്തള്ളപ്പെട്ടു. ശീതള പാനീയ വിപണിയിൽ പെപ്സിക്കും കൊക്കക്കോളയ്ക്കും ഒപ്പം മത്സരിക്കാനാണ് കാമ്പയുമായി ആർസിപിഎല്ലും എത്തുന്നത്.

    Also Read- ഇഷ്ടിക, കുമ്മായം ചില്ലറ വ്യാപാരികൾക്കായി ദേശീയ റീട്ടെയിൽ വ്യാപാര നയം കൊണ്ടുവരാനൊരുങ്ങി കേന്ദ്രം

    ”കാമ്പയെ അതിന്റെ പുതിയ രൂപത്തിൽ അവതരിപ്പിക്കുന്നതിലൂടെ, ഈ യഥാർത്ഥ ഐക്കണിക് ബ്രാൻഡ് സ്വീകരിക്കപ്പെടാനും പാനീയ വിഭാഗത്തിൽ ഒരു പുതിയ ആവേശം ഉണർത്താനും തലമുറകളിലുടനീളം ഉപഭോക്താക്കളെ പ്രചോദിപ്പിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. പ്രായമായ കുടുംബാംഗങ്ങൾക്ക് യഥാർത്ഥ കാമ്പയെക്കുറിച്ചുള്ള നല്ല ഓർമ്മകൾ ഉണ്ടാകും. ബ്രാൻഡ്, യുവ ഉപഭോക്താക്കൾക്ക് ഇതിന്റെ മികച്ച ഉന്മേഷദായകമായ രുചി ഇഷ്ടപ്പെടും, ”ആർസിപിഎൽ വക്താവ് പറഞ്ഞു.

    80-കളിൽ കാമ്പ പാനീയ ബ്രാൻഡിന്റെ ഒരു പരസ്യം

    കഴിഞ്ഞ വർഷം മറ്റൊരു പ്രാദേശിക പാനീയ ബ്രാൻഡായ സോസ്യോ ഹജൂരിയും ഏറ്റെടുത്ത ആർ‌സി‌പി‌എൽ, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ തുടങ്ങി ഇന്ത്യയിലുടനീളം തങ്ങളുടെ ശീതളപാനീയ ഉത്പന്നം പുറത്തിറക്കുമെന്ന് അറിയിച്ചിരുന്നു.

    കമ്പനിയുടെ വിശാലമായ ഉത്പന്നശ്രേണിയിൽ ശ്രീലങ്കയിലെ പ്രമുഖ ബിസ്‌ക്കറ്റ് ബ്രാൻഡായ മാലിബാൻ, ലോട്ടസ് ചോക്ലേറ്റുകള്‍, ഇൻഡിപെൻഡൻസ്, ഗുഡ് ലൈഫ് എന്നിവയുൾപ്പെടെ സ്വന്തം ബ്രാൻഡുകൾക്ക് കീഴിലുള്ള ഉത്പന്നങ്ങൾ എന്നിവയും ഉൾപ്പെടുന്നു. ഈ മേഖലയിലേക്കുള്ള ചുവടുവെപ്പിലൂടെ, രാജ്യത്ത് 110 ബില്യൺ ഡോളറിലധികം മൂല്യമുള്ള ബിസിനസ് മേഖലയിൽ ഹിന്ദുസ്ഥാൻ യുണിലിവർ, നെസ്ലെ, ബ്രിട്ടാനിയ തുടങ്ങിയ എഫ്എംസിജി ഭീമന്മാരുമായി റിലയൻസ് മത്സരിക്കും.

    Disclaimer: News18 Malayalam is a part of the Network18 group. Network18 is controlled by Independent Media Trust, of which Reliance Industries is the sole beneficiary.

    Published by:Rajesh V
    First published: