• HOME
  • »
  • NEWS
  • »
  • money
  • »
  • വ്യവസായ വളർച്ചക്ക് തടസമാകുന്ന ചട്ടങ്ങൾ പരിഷ്കരിക്കും; ശുപാർശ നൽകാൻ മൂന്നംഗ സമിതി

വ്യവസായ വളർച്ചക്ക് തടസമാകുന്ന ചട്ടങ്ങൾ പരിഷ്കരിക്കും; ശുപാർശ നൽകാൻ മൂന്നംഗ സമിതി

അനുമതി മനഃപൂർവം വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ അച്ചടക്ക നടപടി

പി രാജീവ്

പി രാജീവ്

  • Last Updated :
  • Share this:
തിരുവനന്തപുരം: വ്യവസായമേഖലയിലെ കാലഹരണപ്പെട്ട ചട്ടങ്ങളും വ്യവസ്ഥകളും പരിഷ്കരിക്കാൻ സർക്കാർ ഒരുങ്ങുന്നു. പഴയ പല വ്യവസ്ഥകളും വ്യവസായ വളർച്ചയ്ക്ക് തടസ്സം ആകുന്നു എന്നത് മുന്നിൽകണ്ടാണ് തീരുമാനം. ഇതുസംബന്ധിച്ച ശുപാർശ സമർപ്പിക്കാൻ മൂന്നംഗ സമിതിയെ സർക്കാർ നിയോഗിച്ചു. ന്യൂവാൻസ് മേധാവി ഡോ. കെ സി സണ്ണി ആയിരിക്കും സമിതി അധ്യക്ഷൻ. മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകാനാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.

സംസ്ഥാനത്തെ നിക്ഷേപകരുമായി വ്യവസായമന്ത്രി പി രാജീവ് നടത്തിയ കൂടിക്കാഴ്ചയിലാണ് കാലഹരണപ്പെട്ട ചട്ടങ്ങൾ ഉണ്ടാക്കുന്ന പ്രതിസന്ധി  ചർച്ചയായത്. അനാവശ്യ നടപടിക്രമങ്ങൾ പുതിയ വ്യവസായങ്ങൾ ആരംഭിക്കുന്നതിന് തടസ്സമാകുന്നു. പലപ്പോഴും നടപടിക്രമങ്ങൾ നീണ്ടുപോകുന്നത് കൊണ്ട് നിക്ഷേപകർ തന്നെ പിൻവാങ്ങുന്ന സാഹചര്യം ഉണ്ടാകുന്നു.

നിയമം അനുവദിച്ചിട്ടും ഉദ്യോഗസ്ഥരുടെ പിടിവാശിമൂലം  അനുമതികൾ വൈകുന്ന പരാതികൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകും. ഇത്തരക്കാരെ വച്ചുപൊറുപ്പിക്കില്ലന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ഉദ്യോഗസ്ഥർ തീർപ്പു കൽപ്പിക്കുന്നത് വൈകിയാൽ അച്ചടക്ക നടപടി എടുക്കാനുള്ള വകുപ്പ് പുതിയ നിയമത്തിൽ ഉൾപ്പെടുത്തും.

Also Read- ബക്രീദ്: സംസ്ഥാനത്ത് ഞായറാഴ്ച മുതൽ മൂന്ന് ദിവസം ലോക്ഡൗണിൽ ഇളവ്

സംരംഭകരുടെ പരാതി കേൾക്കാൻ  പുതിയ സംവിധാനത്തിനും തുടക്കമിടുകയാണ്. ഇതിനായി പ്രത്യേക വെബ്പോർട്ടൽ രൂപീകരിക്കും. പരാതി പരിഹാരത്തിനായി ഓരോ ജില്ലയിലും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർക്ക് ചുമതല നൽകാനും തീരുമാനമായി. ജില്ലകൾതോറും വ്യവസായികളുമായി മന്ത്രി നടത്തുന്ന കൂടിക്കാഴ്ചയിൽ  തദ്ദേശസ്ഥാപനങ്ങളെ കുറിച്ചാണ് ഏറെ പരാതി ഉയർന്നത്. പഞ്ചായത്തുകൾ അനാവശ്യമായി അനുമതികൾ വൈകിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. പ്രശ്നപരിഹാരത്തിനായി വ്യവസായ- തദ്ദേശ വകുപ്പ് മന്ത്രിമാർ പ്രത്യേക യോഗം ചേരും.

വൻകിട നിക്ഷേപകർ വരുന്നു

ചുരുങ്ങിയ ദിവസത്തിനുള്ളിൽ തന്നെ വൻകിട നിക്ഷേപ പദ്ധതികൾ കേരളത്തിലേക്ക് വരുമെന്ന് വ്യവസായമന്ത്രി പി രാജീവ്. ഉത്തരവാദിത്വ വ്യവസായത്തിന്റെ ഹബ്ബായി കേരളം മാറും. രാജ്യത്ത് ഏറ്റവും അനുകൂല സാധ്യതകൾ കേരളത്തിൽ ഉണ്ടെന്നാണ് മന്ത്രിയുടെ അവകാശവാദം. കിറ്റക്സ് കമ്പനി കേരളത്തിലെ നിക്ഷേപം പിൻവലിച്ച പശ്ചാത്തലത്തിൽ, കൂടുതൽ വൻകിട നിക്ഷേപകരെ സംസ്ഥാനത്തെത്തിക്കാനുള്ള  പദ്ധതി ഒരുക്കുകയാണ് വ്യവസായവകുപ്പ്. എല്ലാ മാസവും വ്യവസായികളുമായി കൂടിക്കാഴ്ച നടത്താനും വ്യവസായ വകുപ്പ് പദ്ധതി തയ്യാറാക്കുന്നുണ്ട്. കിറ്റക്സ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ, വ്യവസായശാലകളിലെ പരിശോധനയ്ക്കായി രൂപീകരിച്ച കേന്ദ്രീകൃത സംവിധാനം ഓഗസ്റ്റ് മുതൽ നടപ്പിലാകും.

Also Read- സമരത്തിനില്ലെന്ന് വ്യാപാരികൾ; കടകൾ തുറക്കുന്നത് മുഖ്യമന്ത്രി പ്രഖ്യാപിക്കും

സംരംഭകരുമായി വ്യവസായമന്ത്രി പി രാജീവ് നടത്തുന്ന മീറ്റ് ദി മിനിസ്റ്റർ പരിപാടിക്ക് മികച്ച പ്രതികരണം ആണ് ഉണ്ടാകുന്നത്. എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് ഇതുവരെ പരിപാടി നടന്നത്. വരും ദിവസങ്ങളിൽ മറ്റു ജില്ലകളിലെ വ്യവസായികളുമായി മന്ത്രി കൂടിക്കാഴ്ച നടത്തും. തിരുവനന്തപുരത്ത് ലഭിച്ച 103 പരാതികളിൽ 42 എണ്ണത്തിലും തീർപ്പ് ഉണ്ടാക്കി. ചട്ടങ്ങളും വ്യവസ്ഥകളും സംബന്ധിച്ച് ഉദ്യോഗസ്ഥർക്കും നിക്ഷേപകർക്കും വേണ്ടത്ര അറിവില്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന് വ്യവസായ മന്ത്രി പറഞ്ഞു.
Published by:Rajesh V
First published: