• HOME
 • »
 • NEWS
 • »
 • money
 • »
 • Indian rupee | കുത്തനെയിടിഞ്ഞ് രൂപയുടെ മൂല്യം; സാധാരണക്കാരെ എങ്ങനെ ബാധിക്കും?

Indian rupee | കുത്തനെയിടിഞ്ഞ് രൂപയുടെ മൂല്യം; സാധാരണക്കാരെ എങ്ങനെ ബാധിക്കും?

ഓരോ ഇന്ത്യക്കാരനെയും ഇത് പല തരത്തിൽ ബാധിക്കുന്നുണ്ടെന്ന് മനസിലാക്കാൻ സാധിക്കും. നിങ്ങളുടെ പോക്കറ്റിൽ നിന്ന് പണം കാലിയാകുന്നതിന്റെ അനന്തരഫലങ്ങൾ ക്രമേണ പ്രതിഫലിച്ചു തുടങ്ങും

 • Share this:
  ആദിൽ ഷെട്ടി

  വീണ്ടും കുത്തനെ ഇടിഞ്ഞ് ചരിത്രത്തിലെ തന്നെ ഏറ്റവും താഴ്ന്ന നിലയിൽ എത്തിയിരിക്കുകയാണ് ഇന്ത്യൻ രൂപ (Indian rupee). യുഎസ് ഡോളറിനെതിരെ (US dollar) 77 രൂപ 50 പൈസ എന്ന നിരക്കിലാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. നിലവിലെ സാമ്പത്തിക സാഹചര്യം കണക്കിലെടുത്ത് മെയ് അവസാനത്തോടെ രൂപയുടെ മൂല്യം 78 കടന്നേക്കുമെന്നാണ് വിദഗ്ധർ കരുതുന്നത്. വിദേശ നിക്ഷേപകർ (foreign investors) ഇന്ത്യൻ ഓഹരികൾ തുടർച്ചയായി വിറ്റഴിക്കുന്നതും ക്രൂഡ് ഓയിൽ വില ഉയർന്നതും ആഭ്യന്തര പണപ്പെരുപ്പം (inflation) ഉയരുന്നതുമൊക്കെയാണ് രൂപയുടെ മൂല്യത്തകർച്ചയ്ക്ക് പിന്നിൽ. പലിശ നിരക്കുകൾ കർശനമാക്കുന്നതോടെ പണപ്പെരുപ്പം ഇനിയും ഉയരാനാണ് സാധ്യത. ഇത് ഇന്ത്യൻ രൂപയുടെ മൂല്യം കൂടുതൽ താഴ്ത്തിയേക്കാം എന്നും വിലയിരുത്തലുകളുണ്ട്.

  യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം കുറയുമ്പോൾ, ഡോളറുമായി ബന്ധിപ്പിച്ച ചരക്കുകളും സേവനങ്ങളും വാങ്ങാൻ ‌കൂടുതൽ രൂപ ചെലവഴിക്കേണ്ടിവരും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അമേരിക്കൻ ഡോളർ ഇന്ത്യക്കാർക്ക് ചെലവേറിയതാകുന്നു. ഇറക്കുമതി ചെയ്ത ചരക്കുകളും സേവനങ്ങളും വാങ്ങുന്നതിന് കൂടുതൽ രൂപ ചെലവഴിക്കേണ്ടിയും വരും.

  സാധാരണക്കാരെ എങ്ങനെ ബാധിക്കും?

  യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപ ഇടിയുന്നത് ഒരു സാമ്പത്തിക പ്രശ്നമായി മാത്രം ചിലർക്ക് തോന്നിയേക്കാം. കുറച്ചുകൂടി ആഴത്തിൽ ചിന്തിച്ചാൽ, ഓരോ ഇന്ത്യക്കാരനെയും ഇത് പല തരത്തിൽ ബാധിക്കുന്നുണ്ടെന്ന് മനസിലാക്കാൻ സാധിക്കും. നിങ്ങളുടെ പോക്കറ്റിൽ നിന്ന് പണം കാലിയാകുന്നതിന്റെ അനന്തരഫലങ്ങൾ ക്രമേണ പ്രതിഫലിച്ചു തുടങ്ങും.

  വീട്ടു ചെലവുകളേറും (Higher Household Expenses)

  ഡീസൽ, പെട്രോൾ വിലയും, പാചക വാതകത്തിന്റെ വിലയും ഇപ്പോൾ തന്നെ ഉയർന്നതാണ്. ഇന്ത്യ ക്രൂഡ് ഓയിൽ ഇറക്കുമതിയെ വളരെയധികം ആശ്രയിക്കുന്നതിനാൽ ഇനിയും ഇവയുടെ വില ഉയരാൻ തന്നെയാണ് സാധ്യത. ഗതാഗതച്ചെലവ് വർദ്ധിക്കുന്നത് നിങ്ങൾ ഉപയോഗിക്കുന്ന ദൈനംദിന വീട്ടു സാധനങ്ങളുടെ വിലയെയും പരോക്ഷമായി ബാധിക്കും. എണ്ണയുമായി ബന്ധപ്പെട്ട ഉൽപാദനച്ചെലവും ഗതാഗതച്ചെലവും വർദ്ധിക്കുന്നതിനാൽ മറ്റ് സാധനങ്ങളുടെ വിലയും വർദ്ധിക്കും. ഇലക്‌ട്രോണിക്‌ ഉത്പന്നങ്ങൾക്കും വില കൂടും. മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ, ടിവി, സോളാർ പ്ലേറ്റുകൾ, മറ്റ് വീട്ടുപകരണങ്ങൾ എന്നിവയ്‌ക്കും വില കൂടും. കാരണം, അത്തരം ഉപകരണങ്ങളിൽ ഉപയോ​ഗിക്കുന്ന നിരവധി ഘടകങ്ങൾ ഇറക്കുമതി ചെയ്യുന്നതാണ്.

  വിദേശ വിദ്യാഭ്യാസം (Education Abroad)
  രൂപയുടെ മൂല്യം ഇടിയുന്നതോടെ വിദേശ രാജ്യങ്ങളിലെ വിദ്യാഭ്യാസത്തിനും ചെലവേറും. വിദേശത്തു പഠിക്കുന്ന വിദ്യാർത്ഥികൾക്കും ഉന്നത വിദ്യാഭ്യാസത്തിന് പുറത്ത് പോകാൻ പദ്ധതിയിടുന്നവർക്കും ഡോളറിൽ ആയിരിക്കും പണം അടയ്‌ക്കേണ്ടി വരിക. ഉയർന്ന വിനിമയ നിരക്ക് ഉള്ളതിനാൽ, അവർക്ക് കൂടുതൽ രൂപ ചെലവഴിക്കേണ്ടിവരും. ഇത് അവരുടെ ബജറ്റുകളിലെ താളം തെറ്റിക്കുകയും ഒരു പുനരവലോകനം നടത്തുകയും ചെയ്തേക്കാം. ഒരു വിദ്യാഭ്യാസ വായ്പ തിരഞ്ഞെടുക്കുകയാണെങ്കിൽ, നിങ്ങളുടെ ലോൺ രൂപയുടെ വ്യവസ്ഥകൾക്ക് അനുസരിച്ച് വർദ്ധിക്കും. പ്രതിമാസം വീതമുള്ള തവണകളും (EMI) വർധിക്കും.

  വിദേശ യാത്ര (Foreign Travel)

  വേനൽക്കാലത്ത് ഒരു വിദേശ യാത്ര ആസൂത്രണം ചെയ്യുന്നവരാണ് നിങ്ങളെങ്കിൽ, ഇത്തവണ അത് ചെലവേറിയ ഒരു കാര്യമായി മാറാം. നിങ്ങൾ ആസൂത്രണം ചെയ്ത ബഡ്ജറ്റിനേക്കാൾ കൂടുതലായിരിക്കാം യഥാർഥത്തിൽ ചെലവഴിക്കേേണ്ടി വരിക. ഉദാഹരണത്തിന്, യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപ 75- ൽ ആയിരിക്കുമ്പോൾ 10,000 ഡോളർ ചെലവഴിക്കാനാണ് നിങ്ങൾ പദ്ധതി തയ്യാറാക്കിയിരുന്നതെങ്കിൽ, 7.5 ലക്ഷം രൂപ ആയിരിക്കും നിങ്ങൾക്ക് ചെലവാകുക. എന്നാലിപ്പോൾ രൂപയുടെ മൂല്യം 78 ലേക്ക് അടുക്കുന്നതോടെ അത്രയും യുഎസ് ഡോളറുകൾ വാങ്ങുന്നതിന് നിങ്ങൾക്ക് 30,000 രൂപ കൂടുതൽ നൽകേണ്ടി വരും..

  പണമയയ്ക്കൽ (Remittances)

  രൂപയുടെ മൂല്യം ഇടിയുമ്പോൾ വിദേശത്ത് നിന്ന് ഇന്ത്യക്കാർ അയക്കുന്ന പണത്തിന്റെ മൂല്യം ഉയരും. അതായത് വിദേശത്ത് നിന്ന് ബന്ധുക്കൾ വീടുകളിലേക്കും മറ്റും പണമയക്കുമ്പോൾ കൂടുതൽ ഇന്ത്യൻ രൂപ കൈയിൽ കിട്ടും.

  വിദേശ ഓഹരി നിക്ഷേപം (Foreign Stock Investments)

  നിലവിൽ യുഎസ് സ്റ്റോക്കുകളിൽ (US stocks) നിക്ഷേപമുണ്ടെങ്കിൽ, ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ചയിൽ നിന്ന് നിങ്ങൾക്ക് പ്രയോജനം ലഭിക്കും. ഉദാഹരണത്തിന്, രൂപ-ഡോളർ വിനിമയ നിരക്ക് (rupee-dollar exchange rate) 70 ആയിരുന്നപ്പോൾ 'എ' എന്ന കമ്പനിയുടെ 100 ഓഹരികൾ 10 ഡോളറിന് വാങ്ങിയിട്ടുണ്ടെങ്കിൽ ഓരോ ഓഹരിയിലും നിങ്ങൾ 700 രൂപ നിക്ഷേപിച്ചിട്ടുണ്ട് എന്നാണ് അർഥം. നിങ്ങളുടെ മൊത്തം നിക്ഷേപച്ചെലവ് 70,000 രൂപ ആയിരിക്കും (1000 -ഡോളറിന്). ഓഹരി വില ഇപ്പോൾ 15 ഡോളർ ആണെന്ന് കരുതുക. യുഎസ് ഡോളർ അനുസരിച്ച് നിങ്ങൾ വാങ്ങിയതിന്റെ മൊത്തം മൂല്യം 1500 ഡോളർ ആണ്. രൂപയുടെ മൂല്യം അനുസരിച്ച്, വിനിമയ നിരക്ക് ഇപ്പോഴും 70 ആണെന്ന് കരുതുക. നിങ്ങളുടെ നിക്ഷേപത്തിന്റെ ആകെ മൂല്യം 1,05,000 രൂപ ആയിരിക്കും. നിലവിലെ രൂപ-ഡോളർ വിനിമയ നിരക്ക് 77 ആയതിനാൽ, നിങ്ങൾക്ക് ഇപ്പോൾ വാങ്ങുന്ന ഓഹരികൾക്ക് 1,15,500 രൂപ നൽകേണ്ടിവരും, അതായത് അധികമായി 10,500 രൂപ ആണ് നൽകേണ്ടി വരിക. ഇപ്പോൾ നിങ്ങൾ യുഎസ് ഓഹരികളിൽ പുതിയ നിക്ഷേപം നടത്താൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ രൂപയുടെ ഇപ്പോഴത്തെ മൂല്യം അനുസരിച്ച്, ചെലവേറും.
  Published by:Anuraj GR
  First published: