റഷ്യക്ക് പിന്നാലെ യുഎഇ, മലേഷ്യ, നൈജീരിയ എന്നീ രാജ്യങ്ങളുമായി രൂപയില്‍ വ്യാപാരം നടത്താനൊരുങ്ങി ഇന്ത്യ. ഇതു സംബന്ധിച്ച ചർച്ചകൾക്കായി ഇന്ത്യയിൽ നിന്നുള്ള മുതിർന്ന ധനകാര്യ ഉദ്യോഗസ്ഥരും, ബാങ്കിങ്ങ് ഉദ്യോഗസ്ഥരും അബുദാബിയിലേക്ക് യാത്ര തിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇവരുടെ മൂന്ന് ദിവസത്തെ സന്ദർശനത്തിടയിൽ എപ്പോൾ വേണമെങ്കിലും രൂപ – ദിർഹം വ്യാപാര ഇടപാട് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥർ യുഎഇ, നൈജീരിയ, റഷ്യ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുമായി കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇതു സംബന്ധിച്ച് ചർച്ചകൾ നടത്തി വരികയാണ്. പ്രാദേശിക കറൻസിയിലൂടെ അന്താരാഷ്ട്ര വ്യാപാരം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ, അടുത്ത മാസത്തോടെ മലേഷ്യയുമായും നൈജീരിയയുമായും ഇന്ത്യ കരാറിൽ ഏർപ്പെട്ടേക്കുമെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്തു.
Also read- ദുബായിലേക്ക് ഹവാല;ജോയ് ആലുക്കാസിന്‍റെ 305 കോടിയിലേറെ രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി
കരാർ പ്രാബല്യത്തിൽ വന്നാൽ, കയറ്റുമതിക്കാർക്കും ഇറക്കുമതിക്കാർക്കും ഇടപാട് ചെലവ് കുറയും എന്നാണ് പ്രതീക്ഷിക്കുന്നത്. അമേരിക്കക്കും ചൈനയ്ക്കും ശേഷം ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ് യുഎഇ. രൂപ – ദിർഹം വ്യാപാരം സംബന്ധിച്ച് യുഎഇയുമായുള്ള ചർച്ചകൾ പുരോഗമിച്ചു വരികയാണെന്നും അതോടൊപ്പം മലേഷ്യയുമായും നൈജീരിയയുമായും ചർച്ചകൾ നടത്തുന്നുണ്ടെന്നും ഇതു സംബന്ധിച്ച ധാരണാപത്രങ്ങളിൽ അടുത്ത മാസം തന്നെ ഒപ്പുവെച്ചേക്കാമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
അതത് രാജ്യങ്ങളിലെ നേതാക്കൾ കരാർ സംബന്ധിച്ച വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്നും അവർ പറഞ്ഞു. രൂപ – ദിർഹം വ്യാപാരത്തെക്കുറിച്ചുള്ള ഒരു കൺസെപ്റ്റ് പേപ്പർ കഴിഞ്ഞ വർഷം ഇന്ത്യ യു.എ.ഇ.യുമായി പങ്കുവെച്ചിരുന്നു. യുഎഇയുടെ സെൻട്രൽ ബാങ്ക് ഇതിനകം തന്നെ ട്രേഡ് സെറ്റിൽമെന്റിനായി ഒരു നോഡൽ ഉദ്യോഗസ്ഥനെ നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം മെയ് മുതൽ ആരംഭിച്ച സ്വതന്ത്ര വ്യാപാര കരാറിൽ (എഫ്ടിഎ) ഇന്ത്യയും യുഎഇയും ഒപ്പുവെച്ചിരുന്നു.
Also read- യുപിഐ വഴി പണം അയയ്ക്കാൻ ഇനി സ്മാർട്ട്ഫോണോ ഇന്റര്‍നെറ്റ് കണക്ഷനോ വേണ്ട; എങ്ങനെ?
ഈ മൂന്നു രാജ്യങ്ങളും ഇപ്പോൾ വ്യാപാര ഇടപാടുകൾക്കായി അമേരിക്കൻ ഡോളറാണ് ഉപയോഗിക്കുന്നത്. ഡോളറിൽ നിന്ന് പ്രാദേശിക കറൻസികളിലേക്ക് മാറുന്നത് മൂലധനത്തിന്റെ എളുപ്പത്തിലുള്ള ഒഴുക്കിന് സഹായിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. വിദേശനാണ്യ പ്രതിസന്ധിയെത്തുടർന്ന് നൈജീരിയ ഉൾപ്പെടെയുള്ള നിരവധി ആഫ്രിക്കൻ രാജ്യങ്ങൾ ഇന്ത്യയുമായി പ്രാദേശിക കറൻസിയിൽ വ്യാപാരം നടത്താൻ ഇതിനോടകം തന്നെ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ഇന്ത്യൻ രൂപ അന്താരാഷ്ട്രവൽക്കരിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിയുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പ്രാദേശിക കറൻസികളിൽ വ്യാപാരം നടത്തുക എന്ന ആശയം ഉരുത്തിരിഞ്ഞത്. ഡോളറിന്റെ ഉപയോഗം കുറയ്ക്കുന്നതിനും ഉഭയകക്ഷി വ്യാപാരത്തിനായി രൂപയെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾ ഇതിനോടകം ഇന്ത്യ ആരംഭിച്ചു കഴിഞ്ഞു.
റഷ്യയുമായി ഇന്ത്യ രൂപ-റൂബിൾ വിനിമയം ആരംഭിച്ചിരുന്നു. 2022 ഫെബ്രുവരി 24 ന് യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തെ തുടർന്ന് പാശ്ചാത്യ രാജ്യങ്ങൾ റഷ്യക്കുമേൽ ഉപരോധം ഏർപ്പെടുത്തിയെങ്കിലും ഇരുരാജ്യങ്ങളും പ്രാദേശിക കറൻസികളിൽ വ്യാപാരം ആരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.