തിരുവനന്തപുരം: ശബരിമലയില്‍ അരവണ പ്രസാദ വില്‍പ്പനയില്‍ നിന്ന് ലഭിക്കുന്നത് ആകെ വരുമാനത്തിന്റെ മൂന്നിലൊന്ന് ഭാഗമെന്ന് റിപ്പോര്‍ട്ട്. വിഷാംശമുള്ള ഏലയ്ക്ക ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ശബരിമലയിലെ അരവണപ്പായസവില്പ്പന നിര്‍ത്തിവെയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഈ കണക്കുകള്‍ പുറത്തുവരുന്നത്.
ഒരു പാക്കറ്റ് അരവണയ്ക്ക് 100 രൂപയാണ് വില. പ്രസാദമായ അപ്പം വില്‍പ്പനയില്‍ നിന്ന് അധികം വരുമാനം ലഭിക്കുന്നില്ലെന്നും ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഈ സീസണില്‍ ശബരിമല തീര്‍ത്ഥാടനത്തിലൂടെ ഏകദേശം 350 കോടി രൂപ വരുമാനം ലഭിക്കുമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ കണക്കുകൂട്ടല്‍. ബുധനാഴ്ചയാണ് അരവണ പ്രസാദത്തില്‍ ചേര്‍ക്കുന്ന കൂട്ടുകളെ സംബന്ധിച്ച വാദം ഹൈക്കോടതിയില്‍ നടന്നത്.
ഏകദേശം 350 കിലോഗ്രാം അരി, ശര്‍ക്കര തുടങ്ങിയ ചേരുവകള്‍ അടങ്ങിയതാണ് അരവണ പ്രസാദത്തിന്റെ കൂട്ട്. അതില്‍ 720 ഗ്രാം ഏലയ്ക്ക മാത്രമാണ് ചേര്‍ക്കുന്നത് എന്നാണ് ഹൈക്കോടതിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചത്. ഏകദേശം 200 ഡിഗ്രി സെല്‍ഷ്യസിന് മുകളിലുള്ള താപനിലയില്‍ ചേരുവകള്‍ ചേര്‍ത്ത് ചൂടാക്കിയാണ് അരവണ തയ്യാറാക്കുന്നതെന്നും ദേവസ്വം ബോര്‍ഡ് അഭിഭാഷകന് കോടതിയെ അറിയിച്ചിരുന്നു.
അതേസമയം തീര്‍ത്ഥാടന സമയത്ത് ഉപയോഗിക്കുന്ന നെയ്യുടെ കാര്യത്തിലും ദേവസ്വം ബോര്‍ഡ് വിശദീകരണം നല്‍കിയിരുന്നു. ഭക്തര്‍ വഴിപാടിലൂടെ എത്തിക്കുന്ന നെയ്യാണ് ശബരിമലയില്‍ കൂടുതലായി ഉപയോഗിക്കുന്നത്. എന്നാല്‍ 2018മുതല്‍ കൊവിഡ് കാരണം തീര്‍ത്ഥാടകര്‍ വരാതിരുന്ന കാലത്താണ് പുറത്ത് നിന്ന് നെയ്യ് വാങ്ങേണ്ടി വന്നതെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.
അതേസമയം അരവണ പ്രസാദ വില്‍പ്പന വ്യാഴാഴ്ച മുതല്‍ പുനരാംഭിച്ചിട്ടുണ്ട്. തിരുമുറ്റത്തെ എല്ലാ കൗണ്ടറുകളിലും ഇപ്പോള്‍ അരവണ ലഭ്യമാക്കിയിട്ടുണ്ട്. മാളികപ്പുറത്തെ എല്ലാ അരവണ കൗണ്ടറുകളും ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. തീര്‍ത്ഥാടകര്‍ക്ക് വാങ്ങാന്‍ കഴിയുന്ന പാക്കറ്റുകളുടെ എണ്ണത്തിന് പരിധി നിശ്ചയിച്ചിട്ടില്ല. അതേസമയം പമ്പയിലെ ദേവസ്വം ലാബിലെ പ്രാഥമിക പരിശോധനയ്ക്ക് ശേഷം അരവണയിലുപയോഗിക്കുന്ന ഏലയ്ക്കായുടെ സാമ്പിളുകള്‍ തിരുവനന്തപുരത്തെ റീജിയണല്‍ ഫുഡ് ടെസ്റ്റിംഗ് ലാബോറട്ടറിയിലെത്തിച്ചിട്ടുണ്ട്.
പ്രളയം, സുപ്രീംകോടതിവിധി, കോവിഡ് എന്നിവയെ തുടര്‍ന്ന് വരുമാന കാര്യത്തില്‍ കനത്ത തിരിച്ചടിയാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നേരിട്ടിരുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട വരുമാനമാര്‍ഗ്ഗമാണ് ശബരിമല. എന്നാല്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി ശബരിമലയില്‍ നിന്നും കാര്യമായ വരുമാനം ലഭിക്കാത്ത സാഹചര്യമായിരുന്നു. ഇത് ദേവസ്വം ബോര്‍ഡിന്റെ സാമ്പത്തികസ്ഥിതിയെയും ഗുരുതരമാക്കിയിരുന്നു.
ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് പോലും കഴിയാത്ത സാഹചര്യത്തിലേക്കാണ് ബോര്‍ഡ് നീങ്ങുന്നതെന്ന മുന്നറിയിപ്പും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു നല്‍കിയിരുന്നു. ഈ ഘട്ടത്തിലാണ് ശബരിമലയില്‍ ഭക്തരുടെ എണ്ണം വര്‍ദ്ധിച്ചത് ദേവസ്വം ബോര്‍ഡിനെ സംബന്ധിച്ച ആശ്വാസകരമായി മാറുന്നത്. മണ്ഡല കാലത്തിന്റെ ആദ്യദിനങ്ങളില്‍ ഇരുപതിനായിരത്തില്‍ താഴെ ഭക്തര്‍ മാത്രമാണ് സന്നിധാനത്തേക്ക് എത്തിയിരുന്നത്. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ ഭക്തരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.