അന്ന് പങ്കുചേർന്നത് 40 % പേർ മാത്രം; സാലറി ചാലഞ്ച് മാറി 'കട്ട്' ആക്കിയത് ഇതാവർത്തിക്കാതിരിക്കാൻ; ലക്ഷ്യമിടുന്നത് 2000 കോടി രൂപ

Salary Cut | പ്രളയകാലത്ത് 10 മാസം കൊണ്ട് താൽപര്യമുള്ളവരിൽ നിന്ന് മാത്രം 1500 കോടി രൂപ മാത്രമാണ് സർക്കാരിന് സംഭാവനയായി വാങ്ങാൻ കഴിഞ്ഞത്. അന്ന് 40 ശതമാനം ജീവനക്കാർ മാത്രമാണ് മുഴുവൻ ശമ്പളവും നൽകാൻ തയാറായത്. എയ്ഡഡ് കോളജ് അധ്യാപകരിൽ സാലറി ചാലഞ്ചിൽ പങ്കെടുത്തത് 18 ശതമാനം മാത്രമായിരുന്നു. ഇതാണ് ഇത്തവണ സാലറി ചാലഞ്ചിന് പകരം അഞ്ചുമാസം കൊണ്ട് 30 ദിവസത്തെ ശമ്പളം പിടിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്.

News18 Malayalam | news18-malayalam
Updated: April 23, 2020, 10:52 AM IST
അന്ന് പങ്കുചേർന്നത് 40 % പേർ മാത്രം; സാലറി ചാലഞ്ച് മാറി 'കട്ട്' ആക്കിയത് ഇതാവർത്തിക്കാതിരിക്കാൻ; ലക്ഷ്യമിടുന്നത് 2000 കോടി രൂപ
News18
  • Share this:
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും മറ്റും പണം കണ്ടെത്തുന്നതിന് സർക്കാർ ജീവനക്കാരിൽ നിന്ന് 30 ദിവസത്തെ ശമ്പളം അഞ്ചുമാസം കൊണ്ട് പിടിക്കാൻ സർക്കാർ തീരുമാനിച്ചു. മൊത്തശമ്പളം 20,000 രൂപയ്ക്ക് മേലുള്ള സർക്കാർ ജീവനക്കാരെല്ലാം സാലറി കട്ടിന് ഇരയാകും. ഇപ്പോൾ കുറവ് ചെയ്യുന്ന തുക സർക്കാരിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടാൽ തിരികെ നൽകുമെന്ന വാഗ്ദാനം സർക്കാർ മുന്നോട്ടുവയ്ക്കുന്നു. എന്നാൽ ഇത് എത്രമാത്രം യാഥാർത്ഥ്യമാകുമെന്ന കാര്യത്തിൽ ജീവനക്കാർക്ക് ആശങ്കയുണ്ട്.

സാലറി ചാലഞ്ച് സാലറി കട്ടായത് എങ്ങനെ ?

സാലറി ചാലഞ്ചിന് പകരം ഇത്തവണ സാലറി കട്ട് നടപ്പാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത് പ്രളയകാലത്ത് സർക്കാർ ജീവനക്കാരിൽ നിന്ന് പ്രതീക്ഷിച്ചത്രയും തുക ലഭിക്കാതെ വന്നതോടെ. പ്രളയകാലത്ത് 10 മാസം കൊണ്ട് താൽപര്യമുള്ളവരിൽ നിന്ന് മാത്രം 1500 കോടി രൂപ മാത്രമാണ് സർക്കാരിന് സംഭാവനയായി വാങ്ങാൻ കഴിഞ്ഞത്. അന്ന് 40 ശതമാനം ജീവനക്കാർ മാത്രമാണ് മുഴുവൻ ശമ്പളവും നൽകാൻ തയാറായത്. എയ്ഡഡ് കോളജ് അധ്യാപകരിൽ സാലറി ചാലഞ്ചിൽ പങ്കെടുത്തത് 18 ശതമാനം മാത്രമായിരുന്നു. ഇതാണ് ഇത്തവണ സാലറി ചാലഞ്ചിന് പകരം അഞ്ചുമാസം കൊണ്ട് 30 ദിവസത്തെ ശമ്പളം പിടിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്.

അഞ്ചു മാസം കൊണ്ട് 2000 കോടി രൂപ

സ്വമേധയാ സംഭാവന നൽകുന്ന സാലറി ചാലഞ്ചിന് പകരം നിർബന്ധമായി പണം ഈടാക്കുന്ന സാലറി കട്ടിലേക്ക് മാറിയതോടെ അഞ്ചുമാസം കൊണ്ട് 2000 കോടിയോളം രൂപ ശമ്പളയിനത്തിൽ ലാഭിക്കാമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. 20,000 രൂപയ്ക്ക് മേൽ ശമ്പളം വാങ്ങുന്ന എല്ലാവരും നിർബന്ധമായി സാലറി കട്ടിന് വിധേയമാകും. 20,000 രൂപവരെ മൊത്തശമ്പളമുള്ള കാഷ്വൽ സ്വീപ്പർമാർ, ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ, താൽക്കാലിക ജീവനക്കാർ, കരാർ തൊഴിലാളികൾ എന്നിവരെ ഒഴിവാക്കിയിട്ടുണ്ടെങ്കിലും ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിൽ നല്ലൊരു പങ്കും 20,000 രൂപക്ക് മേൽ ശമ്പളം വാങ്ങുന്നതിനാൽ സാലറി കട്ടിന് ഇരയാകും. ഓരോ മാസവും 2300 കോടി രൂപയാണ് ജീവനക്കാർക്ക് ശമ്പളം നൽകാനായി സർക്കാർ ചെലവിടുന്നത്.

BEST PERFORMING STORIES:സ്പ്രിങ്ക്ളർ ശേഖരിക്കുന്ന ഡാറ്റ ചോരില്ല; ഹൈക്കോടതിയിൽ സർക്കാരിന്റെ സത്യവാങ്മൂലം [NEWS]നിയന്ത്രണങ്ങൾ ലംഘിച്ച് അധ്യാപിക സർക്കാർ വാഹനത്തിൽ അതിർത്തി കടന്ന് ഡൽഹിയിലേക്ക്; സഹായിച്ചത് ഉന്നത ഉദ്യോഗസ്ഥർ [NEWS]ലുലു ഗ്രൂപ്പിന്റെ 20 % ഓഹരികൾ അബുദാബി രാജകുടുംബാംഗത്തിന്; ഇടപാട് 7600 കോടിയോളം രൂപയുടെ [NEWS]

പണം ദുരിതാശ്വാസ നിധിയിലേക്ക് മാറ്റില്ല

ശമ്പളത്തിൽ നിന്ന് പിടിക്കുന്ന തുക സംഭാവനയായി കണക്കാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റാൻ സാധ്യതയില്ല. പകരം ചെലവിനത്തിൽ കുറയ്ക്കാനാകും സർക്കാർ ശ്രമിക്കുക.

ശമ്പളം പിടിക്കുന്നത് ഇങ്ങനെ

20,000 രൂപവരെ - സാലറി കട്ട് ഇല്ല
20,000 (4000 രൂപ)
25,000 (5000 രൂപ)
30,000 (6000 രൂപ)
35,000 (7000 രൂപ)
40,000 (8000 രൂപ)
45,000 (9000 രൂപ)
50,000 (10,000 രൂപ)
55,000 (11,000 രൂപ)
60,000 (12,000 രൂപ)
65,000 (13,000 രൂപ)
70,000 (14,000 രൂപ)
75,000 (15,000 രൂപ)
80,000 (16,000 രൂപ)
85,000 (17,000 രൂപ)
90,000 (18,000 രൂപ)
95,000 (19,000 രൂപ)
1,00,000 (20,000 രൂപ)

പിടിക്കുന്ന ശമ്പളം തിരികെ നൽകുമോ?

ഇപ്പോൾ പിടിക്കുന്ന പണം സർക്കാരിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടാൽ തിരികെ നൽകുമെന്നാണ് സർക്കാരിന്റെ വാഗ്ദാനം. അതിന് നികുതി വരുമാനം കുതിച്ചുയരേണ്ടതുണ്ട്. അല്ലാത്തപക്ഷം കൂടുതൽ കടമെടുക്കാൻ കേന്ദ്രാനുമതി ലഭിക്കണം. അടുത്ത മാസം ശമ്പള പരിഷ്കരണം നടപ്പാക്കേണ്ടതുണ്ടെന്ന് മാത്രമല്ല, 12 ശതമാനം ഡി എ കുടിശ്ശിക കൊടുത്തുതീർക്കേണ്ടതുമുണ്ട്.

മന്ത്രിയിൽ നിന്ന് 3.24 ലക്ഷം; എംഎൽഎയിൽ നിന്ന് 2.53 ലക്ഷം

മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം ഒരു വർഷക്കാലം 30 ശതമാനം വെട്ടിക്കുറക്കാനും സർക്കാർ തീരുമാനിച്ചു. ഇതോടെ മന്ത്രിമാരിൽ നിന്ന് മാത്രം ഒരു വര്‍ഷം സംഭാവനയായി ലഭിക്കുക 3.24 ലക്ഷം രൂപയാണ്. എംഎൽഎമാരിൽ നിന്ന് 2.52 ലക്ഷം രൂപയും ലഭിക്കും. മേയർമാർ, ജില്ലാ പ‍ഞ്ചായത്ത് പ്രസിഡന്റുമാർ, ഡെപ്യൂട്ടി മേയർമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, അംഗങ്ങൾ, മുനിസിപ്പാലിറ്റി ചെയർമാന്മാർ, വൈസ് ചെയർമാന്മാർ, കൗൺസിലർമാർ എന്നിവരുടെ പ്രതിമാസ ഓണറേറിയത്തിൽ നിന്നും 30 ശതമാനം കുറവ് ചെയ്യും.

കഷ്ടത്തിലാവുക കുറഞ്ഞ ശമ്പളക്കാർ

ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ സർക്കാരിന്റെ സാലറി കട്ടിന് ഇരയാകും. 20,000 രൂപയോ അതിലും അൽപം കൂടുതലോ ശമ്പളം വാങ്ങുന്നവർക്ക് 4000 രൂപയുടെ കുറവ് എന്നത് ചെറിയ കാര്യമല്ല. വാഹന വായ്പയും ഹൗസ് ലോണും കുട്ടികളുടെ വിദ്യാഭ്യാസ വായ്പയും അടച്ചതിന് ശേഷം മിച്ചം വരുന്ന തുക പിശുക്കി ചെലവാക്കുന്നവർക്ക് ഈ തീരുമാനം തിരിച്ചടി തന്നെയാണ്. എന്നാൽ സാലറി കട്ട് നടപ്പാക്കാനുള്ള തീരുമാനം എടുത്ത ഉന്നത ഐഎഎസ് ഉദ്യോഗസ്ഥരിൽ പ്രതിമാസം അഞ്ചു ലക്ഷം രൂപവരെ ശമ്പളം വാങ്ങുന്നവരുമുണ്ട്. അവരെ ഇതൊന്നും ബാധിച്ചില്ലെങ്കിലും സാധാരണ സർക്കാർ ജീവനക്കാരുടെ അവസ്ഥ ഇതല്ല.

കോടതി കയറുമോ?

നിർബന്ധിത സാലറി കട്ടിനെ ചോദ്യം ചെയ്ത് ജീവനക്കാർ കോടതിയിൽ പോകുമെന്ന കാര്യം ഉറപ്പാണ്. എന്നാൽ പിടിച്ച പണം സാമ്പത്തിക സ്ഥിതി മെച്ചമാകുന്ന മുറയ്ക്ക് തിരികെ നൽകുമെന്ന് ചൂണ്ടിക്കാട്ടിയാകും കോടതിയിൽ സർക്കാർ ഇതിനെ നേരിടുക. കേന്ദ്ര സർക്കാരിന്റെയും മറ്റു സംസ്ഥാനങ്ങളുടെയും സമാന നടപടികൾ ചൂണ്ടിക്കാട്ടിയാകും സർക്കാർ പ്രതിരോധം തീർക്കുക.First published: April 23, 2020, 10:52 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading