• HOME
 • »
 • NEWS
 • »
 • money
 • »
 • ഇലക്ട്രിക് വാഹനങ്ങൾക്ക് സാമ്പത്തികവർഷത്തിന്റെ ആദ്യപകുതിയിൽ വിൽപ്പന മൂന്ന് മടങ്ങ് വർദ്ധിച്ചു

ഇലക്ട്രിക് വാഹനങ്ങൾക്ക് സാമ്പത്തികവർഷത്തിന്റെ ആദ്യപകുതിയിൽ വിൽപ്പന മൂന്ന് മടങ്ങ് വർദ്ധിച്ചു

26 യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഡാറ്റ സമാഹരിച്ച റിപ്പോര്‍ട്ട് പ്രകാരം ഗ്യാസോലിന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ ഇപ്പോഴും 56% മാര്‍ക്കറ്റ് ഷെയറുമായി സെയില്‍സ് ചാര്‍ട്ടുകളില്‍ ഒന്നാമതാണ്.

 • Share this:
  ഇന്ത്യയിലെ ഇലക്ട്രിക് വാഹന വ്യവസായ രംഗത്ത് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം വളരെയധികം മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇന്ന് രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

  ഈ വ്യവസായ മേഖലയുടെ അടിത്തറ ഇതുവരെ ആഴത്തില്‍ വേരോടിയിട്ടില്ലെങ്കിലും, ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതില്‍ ആളുകള്‍ക്കുള്ള താല്‍പര്യം ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ട്. ഇക്കണോമിക് ടൈംസിന്റെ ഒരു റിപ്പോര്‍ട്ട് പറയുന്നത് പ്രകാരം, ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ തന്നെ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന മൂന്ന് മടങ്ങ് ഉയര്‍ന്നു.

  2022 സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 1.18 ലക്ഷത്തിലധികം ഇലക്ട്രിക് വാഹന യൂണിറ്റുകളാണ് വിറ്റഴിക്കപ്പെട്ടത്. ഇതില്‍ 58,264 ഇരുചക്ര വാഹനങ്ങളും 59,808 മുച്ചക്ര വാഹനങ്ങളും ഉള്‍പ്പെടുന്നു. കൂടാതെ, ഐ സി ഇ (ഇന്റേര്‍ണല്‍ കമ്പസ്ഷന്‍ എഞ്ചിന്‍) കാറുകളുടെ വില്‍പ്പനയുടെ വളര്‍ച്ച ഗണ്യമായി കുറയുകയും ചെയ്തു.

  മൊത്തത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ഡിമാന്‍ഡിലും അവയുടെ വിതരണത്തിലും വിപണിയില്‍ ഒരു കുതിച്ചുചാട്ടം തന്നെ ഉണ്ടായിട്ടുണ്ട്. ബാറ്ററിയുടെ വില കുറയല്‍, മെച്ചപ്പെട്ട ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍, ഇന്ധനവില വര്‍ദ്ധനവ് എന്നിവ ഉള്‍പ്പെടെ നിരവധി ഘടകങ്ങളാണ് ഈ വില്‍പ്പന വളര്‍ച്ചയുടെ കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

  ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇന്ത്യ ലോകത്തിലെ ഒന്നാം നമ്പര്‍ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളാകുമെന്ന് കഴിഞ്ഞ ഏപ്രിലില്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞിരുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ ഇന്ത്യ നല്ല രീതിയില്‍ മുന്നേറുകയാണ്.

  'ഇലക്ട്രിക് വാഹന നിര്‍മ്മാണത്തില്‍ ഇന്ത്യ മികച്ച രീതിയിലാണ് മുന്നേറുന്നത്. കാലക്രമേണ, ഇന്ത്യ ലോകത്തിലെ തന്നെ ഒന്നാം നമ്പര്‍ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായി മാറും. എല്ലാ പ്രശസ്ത ബ്രാന്‍ഡുകളും ഇന്ത്യയില്‍ ഉണ്ട്. എന്നാല്‍ മലിനീകരണ രഹിത ഗതാഗതം വികസിപ്പിക്കുന്നതിനുള്ള പ്രധാന ഉപാധിയാണ് ഇ മൊബിലിറ്റി, ' നിതിന്‍ ഗഡ്കരി പറഞ്ഞു.

  ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടും ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പനയില്‍ അസാധാരണമായ വളര്‍ച്ചയാണ് ഈ വര്‍ഷം ഉണ്ടായത്. ഉദാഹരണത്തിന്, യൂറോപ്പില്‍, 2021 ഓഗസ്റ്റില്‍, ഡീസല്‍ കാറുകളേക്കാള്‍ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പനയാണ് നടന്നത്. ഇവയില്‍ ഹൈബ്രിഡ് മോഡലുകളും 100% ഇലക്ട്രിക് മോഡലുകളും ഉള്‍പ്പെടുന്നു.

  26 യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഡാറ്റ സമാഹരിച്ച റിപ്പോര്‍ട്ട് പ്രകാരം ഗ്യാസോലിന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ ഇപ്പോഴും 56% മാര്‍ക്കറ്റ് ഷെയറുമായി സെയില്‍സ് ചാര്‍ട്ടുകളില്‍ ഒന്നാമതാണ്. യൂറോപ്പില്‍ ഇവി വില്‍പ്പനയില്‍ 7,904 യൂണിറ്റുകള്‍ വിറ്റ ഫോക്‌സ്വാഗണിന്റെ ഐഡി 3 ആണ് മുന്നില്‍. അതേ സമയം ടെസ്ല മോഡല്‍ 7,824 യൂണിറ്റുകളുമായി രണ്ടാം സ്ഥാനത്താണ്.

  അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനായി കാര്‍ബണ്‍ പുറന്തള്ളല്‍ സംബന്ധിച്ച മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയതും ഇലക്ട്രിക് വാഹനങ്ങളുടെ വില്പന പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ രാജ്യങ്ങള്‍ സ്വീകരിച്ചിട്ടുള്ള നടപടികളുമാണ് ഇലക്ട്രിക് വാഹന വില്‍പ്പനയിലെ ഈ കുതിപ്പിനു പിന്നിലെ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.
  First published: