• HOME
  • »
  • NEWS
  • »
  • money
  • »
  • Saudi Aramco | ആപ്പിളിനെ മറികടന്നു; സൗദി അരാംകോ ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനി

Saudi Aramco | ആപ്പിളിനെ മറികടന്നു; സൗദി അരാംകോ ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനി

എണ്ണവില വർധനയാണ് അരാംകോയുടെ നേട്ടത്തിന് വഴിയൊരുക്കിയത്. ബുധനാഴ്ച, ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരത്തിനടുത്താണ് അരാംകോ വ്യാപാരം നടത്തിയത്.

  • Share this:
    ഐഫോൺ നിർമാതാക്കളായ ആപ്പിളിനെ (Apple) മറികടന്ന് എണ്ണ കമ്പനിയായ സൗദി അരാംകോ (Saudi Aramco) ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി (most valuable company) മാറി. എണ്ണവില വർധനയാണ് അരാംകോയുടെ നേട്ടത്തിന് വഴിയൊരുക്കിയത്. അതേസമയം ഉയർന്ന പണപ്പെരുപ്പം മൂലം ടെക്നോളജി ഓഹരികളുടെ (technology stocks) ആവശ്യകത കുറഞ്ഞത് ആപ്പിളിന് തിരിച്ചടിയായി. 2020 ന് ശേഷം ഇത് ആദ്യമായാണ് അരാംകോ ആപ്പിളിനെ മറികടക്കുന്നത്.

    ബുധനാഴ്ച ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരത്തിനടുത്താണ് അരാംകോ വ്യാപാരം നടത്തിയത്. കമ്പനിയുടെ വിപണി മൂല്യം 2.43 ട്രില്യൺ ഡോളർ ആയി ഉയർന്നു. അതേസമയം ആപ്പിളിന്റെ വിപണി മൂല്യം 2.37 ട്രില്യൺ ഡോളറായി കുറഞ്ഞു. ആപ്പിളിന്റെ ഓഹരി വിലയിൽ 5.2 ശതമാനത്തോളം ഇടിവുണ്ടായി ഓഹരി വില 146.50 ഡോളറിലെത്തി.

    ഈ നീക്കം ഒരുപ​ക്ഷെ ഹ്രസ്വകാലയളവിലേക്ക് മാത്രമായിരിക്കാം, ആപ്പിൾ വീണ്ടും ഒന്നാം സ്ഥാനം തിരിച്ചുപിടിക്കുകയും ചെയ്തേക്കാം. എങ്കിലും ആഗോള സമ്പദ്‌വ്യവസ്ഥയെ സ്വാധീനിക്കുന്ന സുപ്രധാന ശക്തികളുടെ കരുത്താണ് ഇപ്പോഴത്തെ ഈ മാറ്റത്തിലൂടെ പ്രകടമാകുന്നത്.

    എണ്ണ വില കുതിച്ചുയരുന്നത് അരാംകോയുടെ ലാഭം ഇനിയും ഉയരാൻ സഹായിച്ചേക്കും. അതേസമയം പണപ്പെരുപ്പത്തിലുണ്ടാകുന്ന വർധന ടെക്നോളജി കമ്പനികളുടെ ഓഹരികൾക്ക് പ്രതികൂല സാഹചര്യമാണ് ഒരുക്കുന്നത്. പണപ്പെരുപ്പം രൂക്ഷമാകുന്നത് വളരെ വേ​ഗത്തിൽ പലിശ നിരക്ക് ഉയർത്താൻ ഫെഡറൽ റിസർവിനെ പ്രേരിപ്പിക്കുന്നുണ്ട്. പലിശ നിരക്ക് ഉയരുന്നതോടെ ടെക്നോളജി കമ്പനികളിൽ നിന്നും നിക്ഷേപകർ പിൻവലിഞ്ഞേക്കാം. ഇത് ടെക്നോളജി മേഖലയിലെ കമ്പനികളുടെ ഓഹരി വില വീണ്ടും കുറയാൻ കാരണമാകും.

    ഏകദേശം 3 ട്രില്യൺ ഡോളർ വിപണിമൂല്യം ഉണ്ടെന്നാണ് ഈ വർഷം തുടക്കത്തിൽ ആപ്പിൾ അറിയിച്ചത്. അരാംകോയേക്കാൾ ഏകദേശം 1 ട്രില്യൺ ഡോളർ കൂടുതലായിരുന്നു ഇത്. എന്നാൽ, അതിനുശേഷം, ഏകദേശം 20 ശതമാനത്തോളം ഇടിവാണ് ആപ്പിളിന് നേരിടേണ്ടി വന്നത്. അതേസമയം അരാംകോയ്ക്ക് 28 ശതമാനത്തോളം വളർച്ച നേടാൻ കഴിഞ്ഞു. ഫെഡറൽ റിസർവ് ഈ വർഷം നിരക്കുകൾ കുറഞ്ഞത് 150 ബേസിസ് പോയിന്റുകളെങ്കിലും ഉയർത്താനുള്ള നീക്കത്തിലാണ്, മാത്രമല്ല യുക്രെയ്നിലെ സംഘർഷത്തിന് ഇതുവരെ ഒരു പരിഹാരവും ആയിട്ടില്ല. ഈ പശ്ചാത്തലത്തിൽ ടെക്നോളജി കമ്പനികൾ ആധിപത്യം വീണ്ടെടുക്കുന്നതിന് കുറച്ച് സമയം എടുത്തേക്കുമെന്നാണ് ഈ രം​ഗത്തെ വിദ​ഗ്ധർ അഭിപ്രായപ്പെടുന്നത്. പണപ്പെരുപ്പവും ഫെഡറൽ റിസർവിന്റെ കർശനമായ സമീപനം സംബന്ധിച്ച ആശങ്കകളുമാണ് ടെക്നോളജി കമ്പനികളുടെ ഓഹരികൾക്ക് ഈ വർഷം തിരിച്ചടിയായിരിക്കുന്നത്. ആപ്പിളിന്റെ സമീപകാല ഫലങ്ങൾ വിതരണ പരിമിതികൾ മൂലം കമ്പനി നേരിടുന്ന ബുദ്ധിമുട്ടുകൾ അടിവരയിടുന്നു. എങ്കിലും ഈ മേഖലയിലെ മറ്റ് ഓഹരികളെ അപേക്ഷിച്ച് ഇപ്പോഴും സുരക്ഷിതമായ നീക്കമാണ് കമ്പനി നടത്തുന്നത്. സ്ഥിരതയാർന്ന വളർച്ചയും ശക്തമായ ബാലൻസ് ഷീറ്റും കമ്പനിയുടെ ഇടിവ് പരിമിതപ്പെടുത്താൻ സഹായിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് നാസ്‌ഡാക്ക് 100 ഇൻഡക്‌സിൽ 24.8 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇതിലും കുറവാണ് കമ്പനിയുടെ ഓഹരിയിൽ ഉണ്ടായിരിക്കുന്ന ഇടിവ്. ഇപ്പോഴും യുഎസ് കമ്പനികളിലെ ഏറ്റവും വലിയ ഓഹരിയായി തുടരുന്നത് ആപ്പിൾ ആണ്. രണ്ടാം സ്ഥാനത്തുള്ള മൈക്രോസോഫ്റ്റ് കോർപ്പറേഷന്റെ വിപണി മൂലധനം 1.95 ട്രില്യൺ ഡോളറാണ്.

    അതേസമയം, എസ്& പി 500 എനർജി മേഖല ഈ വർഷം 40 ശതമാനം കുതിച്ചുയർന്നു, ഈ വർഷം തുടക്കത്തിൽ ബാരലിന് 78 ഡോളർ ആയിരുന്ന ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില 108 ഡോളറിലെത്തി. ഈ വർഷം എസ് & പി 500-ൽ 107 ശതമാനം വളർച്ച നേടിയ ഓക്‌സിഡന്റൽ പെട്രോളിയം കോർപ്പറേഷനാണ് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച ഓഹരി.
    Published by:Sarath Mohanan
    First published: