രാജ്യത്തുടനീളം എടിഎം (ATM) തട്ടിപ്പുകൾ സർവസാധാരണമായിരിക്കുകയാണ്. വിവിധ ബാങ്കുകൾ എടിഎം തട്ടിപ്പിന്റെ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഈ സമയത്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) തങ്ങളുടെ എടിഎം കാർഡ് ഉപയോക്താക്കളെ തട്ടിപ്പിനിരയാകാതെ സംരക്ഷിക്കാൻ പുതിയ ചുവടുവെയ്പുമായി മുന്നോട്ട് വന്നിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ ഇത്തരം കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള പരിഹാര മാർഗങ്ങൾ കണ്ടെത്തി. ഉപഭോക്താക്കളെ അവരുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്നതിനും ഒപ്പം ഓൺലൈൻ ബാങ്കിങുമായോ എടിഎമ്മുമായോ ബന്ധപ്പെട്ട് നടക്കുന്ന തട്ടിപ്പുകളിൽ സംരക്ഷിക്കുന്നതിനുമായി സുരക്ഷിതവും സൗകര്യപ്രദവുമായ ഫീച്ചറുകൾ അവതരിപ്പിക്കുന്ന ബാങ്കിന്റെ സംരംഭത്തിന്റെ ഭാഗമാണ് ഈ പുതിയ നീക്കം.
എസ്ബിഐയുടെ എടിഎമ്മുകളിൽ നിന്നും ഇനി ഒടിപി (OTP) സംവിധാനത്തിലൂടെ മാത്രമായിരിക്കും പണം പിൻവലിക്കാൻ സാധിക്കുക. എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്ന അക്കൗണ്ട് ഉടമകൾക്ക് അവരുടെ മൊബൈൽ ഫോണുകളിൽ ഒടിപി നമ്പർ ലഭിക്കുന്നതായിരിക്കും. ഈ ഓടിപി നൽകിയാൽ മാത്രമേ ഇനി പണം പിൻവലിക്കാൻ കഴിയു.
Also Read-
Coin to Earn in Lakhs: വൈഷ്ണോ ദേവിയുടെ ചിത്രമുളള 5, 10 രൂപ നാണയം കൈയിലുണ്ടോ? ലക്ഷങ്ങൾ സമ്പാദിക്കാംഒക്ടോബർ 24 ന് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ബാങ്ക് പുതിയ തീരുമാനം പ്രഖ്യാപിച്ചത്. "തട്ടിപ്പിൽ നിന്നും വഞ്ചനകളിൽ നിന്നും ബാങ്കിന്റെ ഉപഭോക്താക്കളെ സംരക്ഷിക്കാൻ ഒടിപി അടിസ്ഥാനമാക്കിയുള്ള പണം പിൻവലിക്കൽ സംവിധാനം ഏർപ്പെടുത്തുകയാണ്. ഇത് തട്ടിപ്പുകാർക്കെതിരെയുള്ള പ്രതിരോധ വാക്സിൻ ആണ്. ഉപഭോക്താക്കളുടെ സുരക്ഷയ്ക്കാണ് ബാങ്ക് മുൻഗണന നൽകുന്നത്", എസ്ബിഐ ട്വീറ്റ് ചെയ്തു. ട്വീറ്റിനൊപ്പം ഓടിപി ഉപയോഗിച്ച് പണം പിൻവലിക്കുന്നത് എങ്ങനെയെന്നും എസ്ബിഐ ലളിതമായി വിശദീകരിച്ചിട്ടുണ്ട്.
എങ്ങനെയാണ് ഈ സംവിധാനം പ്രവർത്തിക്കുക?ഓടിപിയുടെ സ്ഥിരീകരണത്തിലൂടെ എടിഎമ്മിൽ പണമിടപാട് നടത്താനുള്ള സംവിധാനം 2020 ൽ തന്നെ എസ്ബിഐ അവതരിപ്പിച്ചിരുന്നു. ഇപ്പോൾ ഓടിപി അധിഷ്ഠിത പണം പിൻവലിക്കൽ സൗകര്യം കൂടി ഏർപ്പെടുത്തിക്കൊണ്ട് ബാങ്ക് ആ സംവിധാനം വിപുലീകരിക്കുകയാണ്. ബാങ്കിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് വരുന്ന ഓടിപി നൽകിയാൽ മാത്രമേ ഇനി ഉപഭോക്താക്കൾക്ക് എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാനാകൂ. ഓടിപി തെറ്റായി നൽകിയാൽ പണം പിൻവലിക്കാനാകില്ല.
ആർക്കൊക്കെ ഈ സേവനം ഉപയോഗിക്കാം?എസ്ബിഐ എടിഎം കാർഡ് ഉപയോഗിച്ച് എസ്ബിഐയുടെ എടിഎമ്മിൽ നിന്ന് തന്നെ പണം പിൻവലിക്കുകയാണെങ്കിൽ മാത്രമേ നിങ്ങൾക്ക് ഈ സേവനം ലഭ്യമാകൂ. മറ്റ് ബാങ്കുകളുടെ എടിഎമ്മുകൾ ആണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ ഈ സൗകര്യം ലഭിക്കില്ല.
ഒടിപി നൽകി എങ്ങനെ പണം പിൻവലിക്കാം?നിങ്ങൾ പണം പിൻവലിക്കാൻ ആവശ്യപ്പെടുമ്പോൾ എസ്ബിഐയിൽ രജിസ്റ്റർ ചെയ്ത നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് ബാങ്ക് നാലക്ക ഓടിപി അയയ്ക്കും. ഒരൊറ്റ ഇടപാടിനായി മാത്രം ബാങ്ക് നൽകുന്ന നമ്പറാണ് ഇത്. എടിഎം മെഷീനിൽ നിങ്ങൾ പിൻവലിക്കാൻ ആഗ്രഹിക്കുന്ന പണം എത്രയെന്നു ടൈപ്പ് ചെയ്ത് നൽകിയാൽ, ഓടിപി കോഡ് നൽകേണ്ട ഒരു വിൻഡോ സ്ക്രീൻ തുറക്കും. അവിടെ ഈ ഓടിപി ടൈപ് ചെയ്ത് നൽകിയാൽ മാത്രമേ നിങ്ങൾക്ക് പണം ലഭിക്കുകയുള്ളു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.