നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • SBI Credit Card | എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് ഇനി EMI ഇടപാടുകൾ ചെലവേറിയതാകും; വിശദാംശങ്ങൾ അറിയാം

  SBI Credit Card | എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് ഇനി EMI ഇടപാടുകൾ ചെലവേറിയതാകും; വിശദാംശങ്ങൾ അറിയാം

  റീട്ടെയ്ൽ ഔട്ട്ലെറ്റുകളിലും ആമസോൺ, ഫ്ലിപ്കാർട്ട്, മിന്ത്ര തുടങ്ങിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും നടത്തുന്ന ഇഎംഐ ഇടപാടുകൾക്ക് പുതിയ പ്രോസസിങ് ഫീ ബാധകമായിരിക്കും.

  • Share this:
   ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ എസ്ബിഐ (SBI) അതിന്റെ ക്രെഡിറ്റ് കാർഡുകൾ (Credit Cards) വഴിയുള്ള എല്ലാ ഇഎംഐ പണമിടപാടുകൾക്കും (EMI Transaction) ഡിസംബർ 1 മുതൽ പ്രോസസിങ് ഫീ (Processing Fee) ഈടാക്കും. 99 രൂപ പ്രോസസിങ് ഫീയും അതിന്മേൽ നികുതിയും ഈടാക്കുമെന്ന് എസ്ബിഐ കാർഡ് ആൻഡ് പേയ്‌മെന്റ് സർവീസസ് ലിമിറ്റഡ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. എസ്ബിഐ ക്രെഡിറ്റ് കാർഡ് സ്‌കീം ഉപയോഗിച്ച് സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ഇനി കൂടുതൽ തുക അടയ്‌ക്കേണ്ടി വരുമെന്നാണ് ഇതിലൂടെ അർത്ഥമാക്കുന്നത്. റീട്ടെയ്ൽ ഔട്ട്ലെറ്റുകളിലും ആമസോൺ, ഫ്ലിപ്കാർട്ട്, മിന്ത്ര തുടങ്ങിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും നടത്തുന്ന ഇഎംഐ ഇടപാടുകൾക്ക് പുതിയ പ്രോസസിങ് ഫീ ബാധകമായിരിക്കും.

   ഈ നീക്കത്തെ സംബന്ധിച്ച വിജ്ഞാപനം നവംബർ 12ന് ബാങ്ക് പുറത്തു വിട്ടിരുന്നു. എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് ഇ-മെയിൽ സന്ദേശം വഴിയാണ് വിജ്ഞാപനം അയച്ചത്. ക്രെഡിറ്റ് കാർഡ് മുഖേനയുള്ള പർച്ചേസുകളിൽ പ്രതിമാസ ഇൻസ്റ്റാൾമെന്റുകളായി പണം അടയ്‌ക്കേണ്ടി വരുന്ന ഉപഭോക്താക്കൾക്കെല്ലാം പുതിയ നയം ബാധകമാകും. പ്രതിമാസം അടയ്‌ക്കേണ്ടി വരുന്ന ഇൻസ്റ്റാൾമെന്റുകൾക്ക് ഈടാക്കുന്ന പലിശയ്ക്ക് പുറമെയാണ് ഈ പ്രോസസിങ് ഫീ ഈടാക്കുക എന്നും ബാങ്ക് വ്യക്തമാക്കിയിരുന്നു. നിലവിൽ ലക്ഷക്കണക്കിന് പൗരന്മാർ പണമിടപാടുകൾക്കായി ഇഎംഐ സംവിധാനത്തെ ആശ്രയിക്കുന്നുണ്ട്.

   ചിലപ്പോഴൊക്കെ പല മെർച്ചന്റുകളും ഇഎംഐ പണമിടപാടിൽ കിഴിവുകൾ നൽകാറുണ്ട്. ഉത്പന്നം വാങ്ങിയ ഉപഭോക്താവിന് നൽകേണ്ടി വരുന്ന പലിശ ബാങ്കിന് നൽകിക്കൊണ്ടാണ് വിൽപ്പനക്കാർ ഡിസ്‌കൗണ്ടുകൾ നൽകുക. എന്നാൽ ഇത്തരം സന്ദർഭങ്ങളിലും ഡിസംബർ 1 മുതൽ എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് പ്രോസസിംഗ് ഫീ അടയ്‌ക്കേണ്ടി വരുമെന്ന് ബാങ്ക് വ്യക്തമാക്കുന്നു.

   അതേസമയം, ഇഎംഐ ഇടപാട് പരാജയപ്പെടുകയോ റദ്ദാക്കപ്പെടുകയോ ചെയ്താൽ പ്രോസസിങ് ഫീ തിരികെ ലഭിക്കും. എന്നാൽ, ഇഎംഐ മുൻകൂറായി അവസാനിപ്പിച്ചാൽ പ്രോസസിങ് ഫീ തിരികെ ലഭിക്കില്ല. ഡിസംബർ 1ന് മുമ്പ് ഇഎംഐ ഇടപാട് നടത്തുകയും എന്നാൽ ആ തീയതിയ്ക്ക് ശേഷം പണമടച്ചു തുടങ്ങുകയും ചെയ്യുന്ന ഉപഭോക്താക്കൾക്ക് ഈ നയം ബാധകമാകില്ല.

   എങ്ങനെയാണ് ഈ പുതിയ നിയമം പ്രവർത്തിക്കുക? എസ്ബിഐയുടെ ഇഎംഐ പദ്ധതി പ്രകാരം നിങ്ങൾ ഒരു ഇ-കൊമേഴ്‌സ് വെബ്‌സൈറ്റിൽ നിന്ന് എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഒരു മൊബൈൽ ഫോൺ വാങ്ങിയെന്ന് കരുതുക. എങ്കിൽ, പണമിടപാട് തുടരാൻ ബാങ്ക്99 രൂപ അധികമായി ഈടാക്കും. കൂടാതെ അതിനുള്ള നികുതിയും ഈടാക്കും. എസ്ബിഐയുടെ ഈ നീക്കം 'ബയ്‌ നൗ, പേ ലേറ്റർ' പദ്ധതികളെ ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്.
   Published by:Jayesh Krishnan
   First published: