• HOME
  • »
  • NEWS
  • »
  • money
  • »
  • SBI, HDFC മുതലായ ബാങ്കുകൾ സ്ഥിരനിക്ഷേപ പലിശനിരക്ക് വർദ്ധിപ്പിച്ചു; വിശദാംശങ്ങൾ അറിയാം

SBI, HDFC മുതലായ ബാങ്കുകൾ സ്ഥിരനിക്ഷേപ പലിശനിരക്ക് വർദ്ധിപ്പിച്ചു; വിശദാംശങ്ങൾ അറിയാം

ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 4 ശതമാനത്തിലാണ് നിലവിൽ റിപ്പോ നിരക്കുള്ളത്. 2020 മെയ് മുതൽ റിസർവ് ബാങ്ക് (RBI) റിപ്പോ നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല.

  • Share this:
    ബാങ്കുകൾ സ്ഥിരനിക്ഷേപത്തിനുള്ള (Fixed Deposit) പലിശ നിരക്ക് (Interest Rate) വർദ്ധിപ്പിക്കുന്നു. സ്ഥിര നിക്ഷേപം ആഗ്രഹിക്കുന്നവർക്ക് സന്തോഷം നൽകുന്ന വാർത്തയാണ് ഇത്. ഫിക്സഡ് ഡിപ്പോസിറ്റ് (എഫ്ഡി) പലിശ നിരക്ക് കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഗണ്യമായി കുറഞ്ഞിരുന്നു. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 4 ശതമാനത്തിലാണ് നിലവിൽ റിപ്പോ നിരക്കുള്ളത്. 2020 മെയ് മുതൽ റിസർവ് ബാങ്ക് (RBI) റിപ്പോ നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല.

    സാമ്പത്തിക വളർച്ചയെ സഹായിക്കുന്നതിന് നയപരമായ പിന്തുണ തുടരേണ്ടതിനാലാണ് നിരക്കുകളിൽ മാറ്റം വരുത്താത്തത് എന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കിയിരുന്നു. ഈ വേളയിലാണ് ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) ഉൾപ്പെടെയുള്ള ചില ധനകാര്യ സ്ഥാപനങ്ങൾ ഫിക്സഡ് ഡെപ്പോസിറ്റ് പലിശ നിരക്കുകളിൽ വർദ്ധനവ് വരുത്താനുള്ള തീരുമാനം കൈക്കൊള്ളുന്നത്. സ്ഥിര നിക്ഷേപം ആഗ്രഹിക്കുന്ന വ്യക്തികൾക്ക് ഈ അവസരം പരമാവധി പ്രയോജനപെടുത്താൻ കഴിയും.

    READ ALSO- Online Courses | ബാങ്കിംഗ് മേഖലയിൽ ജോലി തേടുന്നവരാണോ? SBI അഞ്ച് ഓൺലൈൻ കോഴ്സുകളിലേയ്ക്ക് രജിസ്ട്രേഷൻ ആരംഭിച്ചു

    ഇന്ത്യയിൽ പലിശനിരക്കുകളുടെ മാനദണ്ഡമായി വർത്തിക്കുന്ന ജി-സെക് (G-Sec) നിരക്ക് 2022 ജനുവരി 3ലെ 6.46 ശതമാനത്തിൽ നിന്ന് 2022 ജനുവരി 27ൽ 6.74 ശതമാനമായി ഉയർന്നിരുന്നു. ഇതോടെ ബാങ്കുകൾ സ്ഥിര നിക്ഷേപങ്ങളുടെ (എഫ്ഡി) പലിശ നിരക്ക് ഉയർത്താനുള്ള തീരുമാനം കൈക്കൊള്ളുകയായിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി ബാങ്കുകൾ നിരന്തരമായി സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്ക് വെട്ടി കുറച്ചിരുന്നു.

    ഈ സമയങ്ങളിൽ നിക്ഷേപകർ ഒരു ദശാബ്ദക്കാലത്തെ തന്നെ ഏറ്റവും കുറഞ്ഞ പലിശ നിരക്കിലാണ് നിക്ഷേപം നടത്തിയിട്ടുണ്ടാവുക. ഫിക്സഡ് ഡെപ്പോസിറ്റ് പലിശ നിരക്കുകൾ ബാങ്കുകൾ വർദ്ധിപ്പിക്കുന്നതോടെ നിക്ഷേപകർക്ക് അത് വളരെയധികം ആശ്വാസം നൽകും.

    READ ALSO- HDFC ബാങ്ക് ഫെസ്റ്റീവ് ട്രീറ്റ്‌സിലൂടെ ഈ ദീപാവലിക്ക് ചെറിയ ഇഎംഐകളില്‍ വലിയ പര്‍ച്ചേസുകള്‍ നടത്തൂ

    കഴിഞ്ഞ രണ്ടാഴ്‌ചയ്‌ക്കിടെ എച്ച്‌ഡിഎഫ്‌സി ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ), ഇൻഡസ്‌ഇൻഡ് ബാങ്ക്, ഐഡിബിഐ ബാങ്ക് തുടങ്ങിയ വിവിധ ബാങ്കുകളാണ് എഫ്‌ഡി പലിശ നിരക്ക് ഉയർത്തിയത്. മറ്റു ബാങ്കുകളും താമസിയാതെ എഫ്ഡി നിരക്കുകൾ വര്ധിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.

    സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (State Bank of India)

    2 വർഷത്തിന് മുകളിലുള്ള ടേം ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) വർധിപ്പിച്ചിട്ടുണ്ട്. രണ്ട് മുതൽ മൂന്നു വർഷം വരെ നീളുന്ന സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.10 ശതമാനത്തിൽ നിന്ന് 5.20 ശതമാനമായി ഉയർത്തി. രണ്ട് മുതൽ അഞ്ച് വർഷം വരെ നീളുന്ന സ്ഥിര നിക്ഷേപങ്ങളുടെ നിരക്കുകൾ 15 ബേസിസ് പോയിന്റ് വർധിപ്പിച്ച് 5.45 ശതമാനമാക്കി. അഞ്ച് മുതൽ പത്ത് വർഷം കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.50 ശതമാനമായും ഉയർത്തി. പുതുക്കിയ പലിശ നിരക്കുകൾ 2022 ഫെബ്രുവരി 15 മുതൽ പ്രാബല്യത്തിൽ വന്നു.

    എച്ച്‌ഡിഎഫ്‌സി ബാങ്ക് (HDFC Bank)

    എച്ച്‌ഡിഎഫ്‌സി ബാങ്ക് ഒരു വർഷം കാലാവധി വരുന്ന സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് 10 ബേസിസ് പോയിന്റ് വർധിപ്പിച്ച് 5 ശതമാനമാക്കി. മൂന്നു മുതൽ അഞ്ച് വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ നിരക്ക് 5 ബേസിസ് പോയിന്റ് വർധിപ്പിച്ച് 5.45 ശതമാനമാക്കി. എച്ച്‌ഡിഎഫ്‌സിയുടെ പുതുക്കിയ എഫ്ഡി പലിശ നിരക്കുകൾ 2022 ഫെബ്രുവരി 14 മുതൽ നിലവിൽ വന്നു. 10 വര്‍ഷത്തേക്കുള്ള നിക്ഷേപങ്ങൾക്ക് 5.50 ശതമാനം മുതൽ 6.25 ശതമാനം വരെ പലിശ ലഭിക്കും. അഞ്ച് കോടി രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് ഈ കാലയളവിൽ 4.40 ശതമാനം മുതൽ 5.15 ശതമാനം വരെയാണ് പലിശ.

    ഇൻഡസ്ഇൻഡ് ബാങ്ക് (IndusInd Bank)

    ഇൻഡസ്‌ഇൻഡ് ബാങ്ക് വിവിധ കാലയളവുകളിലേക്കുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ 25 ബേസിസ് പോയിന്റ വർദ്ധിപ്പിച്ചു. 2022 ഫെബ്രുവരി 16 മുതൽ ഇത് പ്രാബല്യത്തിൽ വന്നു.

    ഐഡിബിഐ ബാങ്ക് (IDBI Bank)

    സ്വകാര്യമേഖലയിലെ വായ്പാദാതാക്കളായ ഐഡിബിഐ ബാങ്ക് ദീർഘകാല സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്ക് 25 ബേസിസ് പോയിന്റ് ഉയർത്തുകയും ബാക്കി കാലയളവിലെ പലിശ നിരക്ക് മാറ്റമില്ലാതെ നിലനിർത്തുകയും ചെയ്തു.

    ഫെഡറൽ ബാങ്ക് (Federal Bank)

    സ്ഥിര നിക്ഷേപങ്ങൾക്ക് (എഫ്ഡി) ഫെഡറൽ ബാങ്ക് പ്രതിവർഷം 2.50 ശതമാനം മുതൽ 5.60 ശതമാനം വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഒരു ഫിക്സിഡ് ഡെപ്പോസിറ്റ് അക്കൗണ്ടിന്റെ കാലാവധി ഏഴ് ദിവസം മുതൽ പത്ത് വർഷം വരെയാകാം. പുതിയ നിരക്കുകൾ ഫെബ്രുവരി 17 മുതൽ പ്രാബല്യത്തിൽ വന്നു.

    നിക്ഷേപകർ എന്താണ് ചെയ്യേണ്ടത്?

    ഒരു പുതിയ എഫ്‌ഡി തുറക്കാനോ നിലവിലുള്ളത് പുതുക്കാനോ പദ്ധതിയിടുകയാണെങ്കിൽ നിക്ഷേപകർ ചെയ്യേണ്ടത് ഒരു വർഷമോ അതിൽ കുറവോ കാലാവധി വരുന്ന ഒരു ഹ്രസ്വകാല നിക്ഷേപം തിരഞ്ഞെടുക്കുക എന്നതാണ്. കാരണം ഇതിലൂടെ നിങ്ങളുടെ പണം കുറഞ്ഞ നിരക്കിൽ വളരെക്കാലം നിക്ഷേപിക്കേണ്ടി വരുന്നില്ല. ഇടയ്ക്ക് ഇതുപോലെ സ്ഥിരനിക്ഷേപത്തിന്റെ പലിശ നിരക്കുകളിൽ വ്യതിയാനം ഉണ്ടാകുമ്പോൾ നിങ്ങൾക്ക് നിങ്ങളുടെ പണം ഉചിതമായ മറ്റു സ്ഥലങ്ങളിൽ നിക്ഷേപിക്കാനും സാധിക്കും. നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ ഉയരുമ്പോൾ നിങ്ങൾക്ക് എളുപ്പത്തിൽ നിക്ഷേപങ്ങൾ മാറ്റാനും കഴിയും.
    Published by:Arun krishna
    First published: