സാധാരണയായി ഒരു പുതിയ മാസം തുടങ്ങുമ്പോൾ സാമ്പത്തിക രംഗത്ത് ചില മാറ്റങ്ങള്‍ക്ക് ഇന്ത്യക്കാർ സാക്ഷ്യം വഹിക്കാറുണ്ട്. ഫെബ്രുവരിയും (February) വ്യത്യസ്തമല്ല. ഫെബ്രുവരിയിൽ ആദ്യ ദിവസം മുതല്‍ സ്വകാര്യ ഫിനാന്‍സ് മേഖല ചില മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) ഐഎംപിഎസ് ഇടപാട് പരിധി ഉയർത്തിയത് മുതൽ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ (LPG Cylinder) വില പരിഷ്കരണം (Price Revision) വരെ ഇതിൽപ്പെടുന്നു.
ഫെബ്രുവരി 1 മുതല്‍ നടപ്പിലാക്കിയ ചില പ്രധാന മാറ്റങ്ങള്‍ ഇവയാണ്:
എസ്ബിഐ IMPS പരിധി ഉയര്‍ത്തി
രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അതിന്റെ ഐഎംപിഎസ് (ഇമ്മീഡിയറ്റ് പേയ്മെന്റ് സേവനം) ഇടപാടുകളുടെ പരിധി വര്‍ധിപ്പിച്ചു. ഇത് പ്രകാരം എസ്ബിഐ അക്കൗണ്ട് ഉടമകള്‍ക്ക് രണ്ട് ലക്ഷം രൂപയ്ക്ക് പകരം അഞ്ച് ലക്ഷം രൂപ വരെയുള്ള ഐഎംപിഎസ് ഇടപാടുകള്‍ നടത്താമെന്ന് ബാങ്ക് അറിയിച്ചു. ഇന്റര്‍നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ്, യോനോ എന്നിവ മുഖേന ഡിജിറ്റലായി നടത്തുന്ന 5 ലക്ഷം രൂപ വരെയുള്ള ഐഎംപിഎസ് ഇടപാടുകള്‍ക്ക് സേവന ചാര്‍ജുകളൊന്നും ഈടാക്കില്ലെന്ന് ബാങ്ക് അടുത്തിടെ ഒരു പ്രസ്താവനയില്‍ അറിയിച്ചു.
എന്നാൽ, 1,000 രൂപ മുതൽ 5 ലക്ഷം രൂപ വരെയുള്ള ഇടപാടുകൾ ബാങ്ക് ശാഖകള്‍ വഴി നടത്തുകയാണെങ്കിൽ ബാധകമായ ജിഎസ്ടിയ്ക്കൊപ്പം സേവന നിരക്കും ഈടാക്കുമെന്ന് ബാങ്ക് അറിയിച്ചു.
എല്‍പിജി വില പരിഷ്കരണം
ഫെബ്രുവരി ഒന്നിന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണ വിപണന കമ്പനികള്‍ 19 കിലോഗ്രാം ഭാരമുള്ള വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില 91.50 രൂപ കുറച്ചതായി അറിയിച്ചു. ഫെബ്രുവരി 1 ചൊവ്വാഴ്ച മുതല്‍ വില പ്രാബല്യത്തില്‍ വന്നു. ഡല്‍ഹിയില്‍ വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില 1,907 രൂപയാണ്. ഡിസംബര്‍ ഒന്നിന് 19 കിലോഗ്രാം എല്‍പിജി സിലിണ്ടറുകളുടെ വില 100 രൂപ കൂട്ടിയതോടെ വില 2,101 രൂപയായി.
കൊല്‍ക്കത്തയില്‍ വാണിജ്യ ഗ്യാസ് സിലിണ്ടറിന്റെ വില 89 രൂപ കുറച്ച് 1,987 രൂപയായി. മുംബൈയില്‍ വാണിജ്യ വാതകത്തിന് 91.50 രൂപ കുറഞ്ഞതോടെ 1,857 രൂപയാകും. 19 കിലോഗ്രാം ഭാരമുള്ള വാണിജ്യ ഗ്യാസ് സിലിണ്ടറിന്റെ വില 50.50 രൂപ കുറച്ചതോടെ ചെന്നൈയില്‍ 2,080.50 രൂപയായി.
പഞ്ചാബ് നാഷണല്‍ ബാങ്ക് മിനിമം ബാലന്‍സ്
അക്കൗണ്ട് ഉടമയുടെ അക്കൗണ്ടില്‍ മതിയായ ബാലന്‍സ് ഇല്ലാത്തതിനാൽ ഇഎംഐ അല്ലെങ്കില്‍ മറ്റേതെങ്കിലും ഇന്‍സ്റ്റാള്‍മെന്റുകള്‍ അടയ്ക്കാന്‍ കഴിയാതെ വന്നാല്‍ 250 രൂപ പിഴ ഈടാക്കുമെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് അറിയിച്ചു. നേരത്തെ, പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 100 രൂപയായിരുന്നു ഇതിന് പിഴ ഈടാക്കിയിരുന്നത്.
ബാങ്ക് ഓഫ് ബറോഡ പോസിറ്റീവ് പേ
ബാങ്ക് ഓഫ് ബറോഡ ഫെബ്രുവരി 1 മുതല്‍ അതിന്റെ ചെക്ക് പേയ്മെന്റ് സംവിധാനത്തില്‍ മാറ്റങ്ങള്‍ നടപ്പിലാക്കി. ''ഗുണഭോക്താക്കള്‍ക്ക് നല്കിയ ചെക്കുകളെ സംബന്ധിച്ച് ഞങ്ങൾക്ക് മുന്‍കൂര്‍ അറിയിപ്പ് നല്കാന് ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിക്കുന്നു. അതിലൂടെ, സിടിഎസ് ക്ലിയറിങ് മുഖേന പണമടയ്ക്കുന്ന സമയത്ത് (കൗണ്ടറിലും ഇത് ബാധകമാണ്) നിങ്ങളുടെ ബേസ് ബ്രാഞ്ച് വഴി വീണ്ടും സ്ഥിരീകരണമൊന്നും നടത്താതെ തന്നെ ഉയര്‍ന്ന മൂല്യമുള്ള ചെക്കുകള്‍ പാസാക്കാനാകും,'' ബാങ്ക് ഒരു പ്രസ്താവനയിലൂടെ അറിയിച്ചു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.