ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് സന്തോഷ വാര്‍ത്തയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI). സ്ഥിര നിക്ഷേപ (Fixed Deposit), ആവര്‍ത്തന നിക്ഷേപ (Recurring Deposit) പദ്ധതികളുടെ പലിശ നിരക്ക് (Interest Rate) ഉയർത്തുന്നതായി ബാങ്ക് അടുത്തിടെ പ്രഖ്യാപിച്ചു. ഹ്രസ്വകാല, ദീര്‍ഘകാല സ്ഥിര നിക്ഷേപ പദ്ധതികൾക്കും പലിശ നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്.
സ്ഥിരനിക്ഷേപത്തിനുള്ള പലിശയിലെ വര്‍ദ്ധനവ്
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സ്ഥിരനിക്ഷേപങ്ങളുടെ പുതിയ പലിശ നിരക്ക് 2 കോടി രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് ബാധകമാകുമെന്ന് വെബ്സൈറ്റിലൂടെ അറിയിച്ചു. ഏഴ് ദിവസം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് ഇത് ബാധകമാണ്.
നിരക്കുകള്‍ 10 ബേസിസ് പോയിന്റ് അഥവാ 0.10 ശതമാനം വര്‍ധിപ്പിച്ചതായി ബാങ്ക് അറിയിച്ചു. ബാങ്കിന്റെ വെബ്സൈറ്റ് പ്രകാരം ജനുവരി 22 ശനിയാഴ്ച മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു.
എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, കാനറ എന്നീ ബാങ്കുകൾ എഫ്ഡി പലിശ നിരക്ക് വര്‍ധിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് എസ്ബിഐയുടെ നീക്കം. സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് ഉയര്‍ത്തുന്ന പൊതു പ്രവണതയിലേക്ക് ബാങ്കുകള്‍ നീങ്ങുന്നുവെന്നതിന്റെ സൂചനയാണ് ഇത്.
Also read-
Bank Holidays | ഫെബ്രുവരിയില്‍ 12 ദിവസം ബാങ്കുകള്‍ പ്രവർത്തിക്കില്ല; ഈ അവധി ദിനങ്ങള്‍ അറിയാം
2022 ജനുവരി 20 മുതല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 2 കോടി രൂപയില്‍ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പുതുക്കിയ പലിശ നിരക്കുകള്‍ ഇവയാണ്:
7 ദിവസം മുതല്‍ 45 ദിവസം വരെ: പൊതുജനങ്ങള്‍ക്ക് - 2.90 ശതമാനം, മുതിര്‍ന്ന പൗരന്മാര്ക്ക് - 3.40 ശതമാനം
46 ദിവസം മുതല്‍ 179 ദിവസം വരെ: പൊതുജനങ്ങള്‍ക്ക് - 3.90 ശതമാനം, മുതിര്‍ന്ന പൗരന്മാര്ക്ക് - 4.40 ശതമാനം
180 ദിവസം മുതല്‍ 210 ദിവസം വരെ: പൊതുജനങ്ങള്‍ക്ക് - 4.40 ശതമാനം മുതിര്‍ന്ന പൗരന്മാര്ക്ക് - 4.90 ശതമാനം
211 ദിവസം മുതല്‍ 1 വര്‍ഷത്തില്‍ താഴെ വരെ: പൊതുജനങ്ങള്‍ക്ക് - 4.40 ശതമാനം, മുതിര്‍ന്ന പൗരന്മാര്ക്ക് - 4.90 ശതമാനം
1 വര്‍ഷം മുതല്‍ 2 വര്‍ഷത്തില്‍ താഴെ വരെ: പൊതുജനങ്ങള്‍ക്ക് - 5.10 ശതമാനം, മുതിര്‍ന്ന പൗരന്മാര്ക്ക് - 5.60 ശതമാനം
2 വര്‍ഷം മുതല്‍ 3 വര്‍ഷത്തില്‍ താഴെ വരെ: പൊതുജനങ്ങള്‍ക്ക് - 5.10 ശതമാനം, മുതിര്‍ന്ന പൗരന്മാര്ക്ക് - 5.60 ശതമാനം
3 വര്‍ഷം മുതല്‍ 5 വര്‍ഷത്തില്‍ താഴെ വരെ: പൊതുജനങ്ങള്‍ക്ക് - 5.30 ശതമാനം, മുതിര്‍ന്ന പൗരന്മാര്ക്ക് - 5.80 ശതമാനം
5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെ: പൊതുജനങ്ങള്‍ക്ക് - 5.40 ശതമാനം, മുതിര്‍ന്ന പൗരന്മാര്ക്ക് - 6.20 ശതമാനം
Also read-Budget 2022 | കേന്ദ്ര ബജറ്റിൽ ഇന്ത്യയിലെ വിദ്യാഭ്യാസ മേഖല പ്രതീക്ഷിക്കുന്ന അഞ്ച് മാറ്റങ്ങൾ
ആവര്‍ത്തന നിക്ഷേപത്തിലെ പലിശ വര്‍ദ്ധനവ്
സാധാരണക്കാര്‍ക്കുള്ള എസ്ബിഐയുടെ ആര്‍ഡി പലിശ നിരക്ക് 5.1 ശതമാനം മുതല്‍ 5.4 വരെയാണ്. കൂടാതെ മുതിര്‍ന്ന പൗരന്മാര്ക്ക് 50 ബേസിസ് പോയിന്റുകളുടെ അധിക പലിശ നിരക്ക് വര്‍ധനയും നല്‍കും. ഈ നിരക്കുകള്‍ 2022 ജനുവരി 15 മുതല്‍ പ്രാബല്യത്തില്‍ വന്നു.
എസ്ബിഐ ആര്‍ഡി അക്കൗണ്ടില്‍ ഉപഭോക്താക്കള്‍ പ്രതിമാസം കുറഞ്ഞത് 100 രൂപയും 10 രൂപയുടെ ഗുണിതങ്ങളും നിക്ഷേപിക്കേണ്ടതുണ്ട്. നിക്ഷേപങ്ങള്‍ക്ക് ഉയർന്ന പരിധിയില്ല.
2022 ജനുവരി 15 മുതല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ആവര്‍ത്തന നിക്ഷേപങ്ങളുടെ പുതുക്കിയ പലിശ നിരക്കുകള്‍ ഇവയാണ്:
1 വര്‍ഷം മുതല്‍ 2 വര്‍ഷത്തില്‍ താഴെ വരെയുള്ള ആവര്‍ത്തന നിക്ഷേപം: 5.1 ശതമാനം പലിശ നിരക്ക്
2 വര്‍ഷം മുതല്‍ 3 വര്‍ഷത്തില്‍ താഴെ വരെയുള്ള ആവര്‍ത്തന നിക്ഷേപം: 5.1 ശതമാനം പലിശ നിരക്ക്
3 വര്‍ഷം മുതല്‍ 5 വര്‍ഷത്തില്‍ താഴെ വരെയുള്ള ആവര്‍ത്തന നിക്ഷേപം: 5.3 ശതമാനം പലിശ നിരക്ക്
5 വര്‍ഷത്തിലും 10 വര്‍ഷം വരെയുമുളള ആവര്‍ത്തന നിക്ഷേപം: 5.4 ശതമാനം പലിശ നിരക്ക്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.