• HOME
  • »
  • NEWS
  • »
  • money
  • »
  • Uber | ഊബർ യാത്രക്കാരുടെ വ്യക്തിവിവരം ചോർന്നത് ഒളിച്ചുവച്ചു: പുറത്താക്കിയ മുൻ സുരക്ഷാ തലവൻ കുറ്റക്കാരനെന്ന് കോടതി

Uber | ഊബർ യാത്രക്കാരുടെ വ്യക്തിവിവരം ചോർന്നത് ഒളിച്ചുവച്ചു: പുറത്താക്കിയ മുൻ സുരക്ഷാ തലവൻ കുറ്റക്കാരനെന്ന് കോടതി

കേസ് വന്നപ്പോൾ ഹാക്കർമാർക്ക് പ്രതിഫലം നൽകി കേസിൽ നിന്ന് രക്ഷപെടാനും ഇയാൾ ശ്രമിച്ചിരുന്നു

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
അമേരിക്ക ആസ്ഥാനമായുള്ള യാത്രാ സേവന കമ്പനിയായ ഊബറിൻ്റെ മുൻ സുരക്ഷാ തലവൻ ഡാറ്റാ ചോർച്ച ഒളിച്ചുവെച്ചതിൽ കുറ്റക്കാരനാണെന്ന് സാൻഫ്രാൻസിസ്കോയിലെ കോടതി വിധിച്ചു. 2016-ൽ നടന്ന സൈബർ സുരക്ഷാ ലംഘടനം നടന്നത് അധികൃതർക്ക് റിപ്പോർട്ട് ചെയ്യുന്നതിൽ കമ്പനിയുടെ മുൻ ചീഫ് സെക്യൂരിറ്റി ഓഫീസർ ജോസഫ് സള്ളിവൻ കുറ്റം ചെയ്തതായാണ് ജ്യൂറി വിധിച്ചത്.

അധികൃതരുടെ അന്വേഷണത്തിന് തടസ്സം നിൽക്കും വിധമുള്ള ക്രിമിനൽ ഒബ്സ്‌ട്രക്ഷനാണ് സള്ളിവൻ നടത്തിയത് എന്ന് കോടതി കണ്ടെത്തി. ഡിപ്പാർട്ട്മെൻ്റ് ഓഫ് ജസ്റ്റിസ് വക്താവ് ഇക്കാര്യം വ്യക്തമാക്കിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇതിനു പുറമേ കുറ്റകൃത്യം മനഃപൂർവ്വം മറച്ചുവെച്ചു എന്നുള്ള കുറ്റവും ഇദ്ദേഹത്തിനെതിരെ തെളിഞ്ഞിട്ടുണ്ട്. സള്ളിവനെ ഊബർ 2017-ൽ പുറത്താക്കിയിരുന്നു.

ഡാറ്റാ ചോർച്ചയെ കുറിച്ച് ഫെഡറൽ ട്രേഡ് കമ്മീഷൻ (എഫ്ടിസി) അറിയരുത് എന്ന ഉറപ്പോടുകൂടി സള്ളിവൻ പ്രവർത്തിച്ചുവെന്നും ഹാക്കർമാർ പിടിക്കപ്പെടാതിരിക്കാനുള്ള നടപടികൾ കൈക്കൊണ്ടു എന്നും കാലിഫോർണിയയിലെ നോർത്ത് ഡിസ്ട്രിക്ട് അറ്റോർണി സ്റ്റെഫാനി ഹിൻഡ്സിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

ഊബറിൻ്റെ സിസ്റ്റത്തിൽ നടന്ന സുരക്ഷാ പിഴവ് യാത്രക്കാരുടെയും ഡ്രൈവർമാരുടെയും ഡാറ്റയെ ബാധിച്ചു എന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ, ഇക്കാര്യം മനസ്സിലാക്കിയിട്ടും കമ്പനി ഒരു വർഷം വിവരം പുറം ലോകത്തെ അറിയിച്ചില്ല. 50 ദശലക്ഷം ഉപഭോക്താക്കളുടെയും ഏഴ് ദശലക്ഷം ഡ്രൈവർമാരുടെയും ഡാറ്റ വെളിപ്പെടുത്തിയ 2016ലെ കേസിൽ പേരുകൾ, ഇമെയിൽ വിലാസം, ഫോൺ നമ്പറുകൾ, യുഎസ് ഡ്രൈവർമാർക്കുള്ള 600,000 ഡ്രൈവർ ലൈസൻസ് നമ്പറുകൾ എന്നിവയുൾപ്പെടെ യൂബർ സിസ്റ്റത്തിൽ ലംഘനം നടത്തി എന്നാണ് കേസ്.

സ്ഥാപനത്തിലെ ഡാറ്റാ ചോർച്ച മനസ്സിലാക്കിയ സള്ളിവൻ ഇത് അധികൃതരെ അറിയിച്ചില്ല എന്ന് മാത്രമല്ല അധികൃതരെ അറിയിക്കാൻ കഴിയുമായിരുന്ന, സ്വന്തം സ്ഥാപനത്തിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്നുപോലും ഇക്കാര്യം മറച്ചുവെക്കുകയും ചെയ്തു. ഇത് കുറ്റകരമായ ദുരുദ്ദേശ്യമാണെന്ന് വിലയിരുത്തപ്പെടുന്നു. പിന്നീട് കേസ് വന്നപ്പോൾ ഹാക്കർമാർക്ക് പ്രതിഫലം നൽകി കേസിൽ നിന്ന് രക്ഷപെടാനും ഇയാൾ ശ്രമിച്ചിരുന്നു. ഒരു ലക്ഷം ഡോളറിൻ്റെ ബിറ്റ് കോയിൻ പ്രതിഫലമായി നൽകി, തങ്ങൾ ഡാറ്റ ചോർത്തിയിട്ടില്ല എന്ന് ഹാക്കർമാരിൽ നിന്ന് എഴുതി ഒപ്പിട്ടുവാങ്ങി തടിതപ്പാനായിരുന്നു ശ്രമം. ഇതും പിന്നീട് പുറത്തുവന്നു.

2020 സെപ്റ്റംബറിലാണ് സള്ളിവനെ പ്രതി ചേർത്തത്. ഡാറ്റാ ചോർച്ച മറച്ചുവെച്ചതിൻ്റെ ഉത്തരവാദിത്തം ഈ വർഷം ജൂലൈയിൽ ഊബർ ഏറ്റെടുത്തിരുന്നു. കമ്പനിക്കെതിരായ കൂടുതൽ ക്രിമിനൽ നടപടികൾ ഒഴിവാക്കുന്നതിനായി, യുഎസ്സിലെ പ്രോസിക്യൂട്ടർമാരുമായുള്ള ധാരണ പ്രകാരം സള്ളിവനെതിരായ അന്വേഷണത്തിൽ പൂർണ്ണ പിന്തുണ നൽകാമെന്നും ഊബർ ഉറപ്പു നൽകി.

2014-ലും സമാനമായ രീതിയിൽ ഊബറിൻ്റെ ഡാറ്റ ചോർത്തപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ഊബറിൻ്റെ ഡാറ്റാ സുരക്ഷയെ കുറിച്ച് ഫെഡറൽ ട്രേഡ് കമ്മീഷൻ നിരീക്ഷിച്ചു വരികയായിരുന്നു. ഇതിനിടയിലാണ് വീണ്ടും ഡാറ്റാ ചോർച്ച ഉണ്ടായിരിക്കുന്നത്.

ഹാക്കിംഗ് നടന്ന കാര്യം വെളിപ്പെടുത്താൻ വളരെ വൈകിയതിന് മുൻപ് ഊബർ വൻ തുക നഷ്ടപരിഹാരം നൽകേണ്ടി വന്നിട്ടുണ്ട്. അമേരിക്കയിലെ 50 സംസ്ഥാനങ്ങളും വാഷിംഗ്ടൺ ഡിസിയും ഉന്നയിച്ച ക്ലെയിമുകൾക്കായി 148 ദശലക്ഷം ഡോളറാണ് 2018 സെപ്റ്റംബറിൽ അമേരിക്കൻ കമ്പനി നൽകിയത്.
Published by:user_57
First published: