മുതിര്‍ന്ന പൗരന്മാരും ഭിന്നശേഷിക്കാരുമായ നിക്ഷേപകര്‍ക്കായി ചില ചട്ടഭേദങ്ങള് തപാല്‍ വകുപ്പ് ഈയിടെ നടപ്പില്‍ വരുത്തിയിരുന്നു. പോസ്റ്റ് ഓഫീസ് ബ്രാഞ്ച് സന്ദര്‍ശിക്കാതെ ചില സ്കീമുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള മുതിര്‍ന്ന പൗരന്മാര്ക്കും ഭിന്നശേഷിക്കാര്‍ക്കും തങ്ങള്‍ക്ക് വേണ്ടി ഇടപാടുകള്‍ നടത്താന്‍ അവരുടെ പേരില്‍ ഒരു അംഗീകൃത വ്യക്തിയെ നിയോഗിക്കാക്കാന് സാധിക്കുമെന്നതാണ് പുതിയ ചട്ടത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.
സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്സ് സ്കീം (എസ്സിഎസ്എസ്), പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റുകള്‍, സേവിംഗ്സ് അക്കൗണ്ടുകള്‍ തുടങ്ങിയ പോസ്റ്റ് ഓഫീസ് മുഖേനെയുള്ള ചെറിയ നിക്ഷേപങ്ങള്‍ പിന്‍വലിക്കാനും/അടയ്ക്കുന്നതിനുമാണ് മുതിര്‍ന്ന പൗരന്മാര്ക്കും ഭിന്നശേഷിക്കാര്‍ക്കും ഈ ഇളവുകള്‍ വരുത്തിയത്. കഴിഞ്ഞ മാസം പുറത്തിറക്കിയ സര്‍ക്കുലറില്‍ തപാല്‍ വകുപ്പ് ഈ പുതിയ പ്രഖ്യാപനം നടത്തിയിട്ടുണ്ട്. ഇതുവരെ ഈ സൗകര്യം ഉണ്ടായിരുന്നില്ല. നേരത്തെ, മുതിര്‍ന്ന പൗരന്മാര്ക്ക് പിന്‍വലിക്കല്‍, അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യുക അല്ലെങ്കില്‍ പോസ്റ്റ് ഓഫീസ് സ്കീമുകളില്‍ നിന്ന് അകാലത്തില്‍ പിന്‍വലിക്കല്‍ എന്നിവ നടത്തുന്നതിന് പോസ്റ്റ് ഓഫീസ് ബ്രാഞ്ചില്‍ നേരിട്ട് എത്തണമായിരുന്നു.
പിന്‍വലിക്കല്‍/ വായ്പ / അടയ്ക്കല്‍ അല്ലെങ്കില്‍ അവരുടെ അക്കൗണ്ടുകള്‍ അകാലത്തില്‍ അടയ്ക്കല്‍ എന്നിവയ്ക്കായി പോസ്റ്റ് ഓഫീസുകളില്‍ ഹാജരാകാന്‍ കഴിയാത്ത വാര്‍ധക്യം അല്ലെങ്കില്‍ ഭിന്നശേഷിക്കാരായ നിക്ഷേപകര്‍ക്ക് തപാല്‍ ഓഫീസിലേക്ക് അവരുടെ പ്രതിനിധികളെ അയക്കാന്‍ സാധിക്കുന്നു. മുതിര്‍ന്ന പൗരന്മാര് അല്ലെങ്കില്‍ ഭിന്നശേഷിക്കാരായ ആളുകള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് വിഷയത്തില്‍ ധനമന്ത്രാലയവുമായി ബന്ധപ്പെട്ടത്.
“സര്‍ക്കാര്‍ സേവിംഗ്സ് പ്രമോഷന് ജനറല്‍ റൂള്‍സ് -2018'ന്റെ ചട്ടം 11-ലെ വ്യവസ്ഥകള്‍ പ്രകാരം - ബന്ധപ്പെട്ട അധികൃതര്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍, അതായത് മുതിര്‍ന്ന പൗരന്മാര്/ രോഗികളായ അക്കൗണ്ട് ഉടമ/ ശാരീരിക അസ്വാസ്ഥ്യമുള്ളവരോ അല്ലെങ്കില്‍ ഭിന്നശേഷിക്കാരോ ആയിട്ടുള്ളവര്‍ക്ക് പിന്‍വലിക്കല്‍ അല്ലെങ്കില്‍ വായ്പ അല്ലെങ്കില്‍ അക്കൗണ്ട് അടച്ചുപൂട്ടല്‍ അല്ലെങ്കില്‍ അകാല അടച്ചുപൂട്ടല്‍ എന്നീ ഇടപാടുകള്‍, ഒരു അംഗീകൃത പ്രതിനിധി വഴി അനുവദിക്കും,'' സര്‍ക്കുലർ പറയുന്നു.
എന്നിരുന്നാലും, ഇടപാടുകള്‍ നടത്താന്‍ കഴിയുന്ന ഒരു അംഗീകൃത വ്യക്തിയെ നിയമിക്കുന്നതിന് മുതിര്‍ന്ന പൗരന്മാര് ചില നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്. അംഗീകൃത വ്യക്തിയെ നാമനിര്‍ദ്ദേശം ചെയ്യാന്‍ മുതിര്‍ന്ന പൗരന്മാര് പിന്തുടരേണ്ട സര്‍ക്കുലറില്‍ സൂചിപ്പിച്ചിരിക്കുന്ന നടപടിക്രമം ഇതാണ്:
ഘട്ടം 1: ഒരു വ്യക്തിക്ക് വേണ്ടി ഇടപാടുകള്‍ നടത്താന്‍ അധികാരപ്പെടുത്തുന്നതിന് ആ അക്കൗണ്ട് ഉടമ കൃത്യമായി പൂരിപ്പിച്ച ഫോം-എസ്ബി -12 പോസ്റ്റ് ഓഫീസ് ശാഖയില്‍ സമര്‍പ്പിക്കണം. സര്‍ക്കുലര്‍ അനുസരിച്ച്, അംഗീകൃത വ്യക്തി സാക്ഷരനായിരിക്കണം. http://utilities.cept.gov.in/dop/pdfbind.ashx?id=5764 ഈ ലിങ്കില്‍ SB-12 ഫോം ലഭിക്കുന്നതാണ്. സംയുക്തമായി പ്രവര്‍ത്തിക്കുന്ന അക്കൗണ്ടിന്റെ കാര്യത്തില്‍, എല്ലാ അക്കൗണ്ട് ഉടമകളും അംഗീകൃത വ്യക്തിയുടെ ഒപ്പ് സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്. അല്ലെങ്കില്‍ സര്‍വൈവര്‍ അക്കൗണ്ട് ഉണ്ടെങ്കില്‍, ഏതൊരു അക്കൗണ്ട് ഉടമയ്ക്കും അംഗീകൃത വ്യക്തിയുടെ ഒപ്പ് സാക്ഷ്യപ്പെടുത്താം.
ഘട്ടം 2: എസ്ബി -12 ഫോമിനൊപ്പം അക്കൗണ്ട് ഉടമ അയാള്‍/അവള് നടത്താന്‍ ആഗ്രഹിക്കുന്ന ഇടപാടിന്റെ അടിസ്ഥാനത്തില്‍ ഒരു പ്രത്യേക ഫോമില്‍ ഒപ്പിടേണ്ടതുണ്ട്. ഉദാഹരണത്തിന്, പിന്‍വലിക്കുന്നതിന് എസ്ബി-7 ഫോം ആവശ്യമാണ്, അക്കൗണ്ട് അവസാനിപ്പിക്കുന്നതിന് എസ്ബി-7 ബി ആവശ്യമാണ്. അക്കൗണ്ട് ഉടമയുടെയും അംഗീകൃത വ്യക്തിയുടെയും തിരച്ചറില് രേഖയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ക്കൊപ്പം വിലാസ തെളിവുകളും ഫോമുകള്‍ക്കൊപ്പം സമര്‍പ്പിക്കേണ്ടതുണ്ട്. ഒന്നിലധികം ഇടപാടുകള്‍ക്ക്, ഫോട്ടോയ്ക്കൊപ്പം ഒരു സെറ്റ് കെവൈസി രേഖകള്‍ മാത്രം സമര്‍പ്പിച്ചാല്‍ മതി.
ഘട്ടം 3: അംഗീകൃത വ്യക്തി പാസ്ബുക്ക്, എസ്ബി -12 ഫോം, ആവശ്യമായ ഇടപാട് ഫോം (എസ്ബി -7/എസ്ബി -7 ബി മുതലായവ), അക്കൗണ്ട് ഉടമയുടെയും തന്റെയും കെവൈസി രേഖകള്‍ ഇടപാടുകള്‍ നടത്തുന്നതിന് സമര്‍പ്പിക്കണം.
ഘട്ടം 4: പോസ്റ്റ് ഓഫീസ് ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അവരുടെ സിസ്റ്റത്തില്‍ ലഭ്യമായ വിവരങ്ങളും ഫോമിലെ അക്കൗണ്ട് ഉടമയുടെ ഒപ്പ് ഉള്‍പ്പടെയുള്ള എല്ലാ കാര്യങ്ങളും ചേര്‍ത്ത് വച്ച് പരിശോധിക്കും. ഇത് സൂപ്പര്‍വൈസറുടെ അംഗീകരവും വേണം. അക്കൗണ്ട് ഉടമയുടെ ഒപ്പിലും രേഖകളിലും പരിശോധനയ്ക്ക് ഒടുവില്‍ സൂപ്പര്‍വൈസര്‍ സംതൃപ്തനായി കഴിഞ്ഞാല്‍ മാത്രമേ പേയ്മെന്റ് അനുവദിക്കൂ. പണമടയ്ക്കല്‍, ഒരു ചെക്ക് വഴിയോ അല്ലെങ്കില്‍ പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യുകയോ അല്ലെങ്കില്‍ ബാങ്ക് അക്കൗണ്ട് വഴിയോ നടത്താം. ഇങ്ങനെ ചെയ്യുമ്പോള്‍ സേവിംഗ്സ് അക്കൗണ്ടുകളില്‍ നിന്ന് പിന്‍വലിച്ചാല്‍ മാത്രമേ പണമിടപാടുകള്‍ അനുവദിക്കൂ.
പോസ്റ്റ് ഓഫീസ് ബ്രാഞ്ചില്‍ ജോലി ചെയ്യുന്ന ഒരു ഏജന്റിനെയോ ജീവനക്കാരനെയോ അംഗീകൃത വ്യക്തി-യായി നിയോഗിക്കാന്‍ സാധിക്കില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.