അമേരിക്ക ആസ്ഥാനമാക്കി പ്രവർത്തിക്കുന്നതും സിലിക്കൺ വാലി ബാങ്കിന്റെ തകർച്ച ബാധിച്ചതുമായ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് അഭയസ്ഥാനമായി ഗുജറാത്ത് ഇന്റർനാഷണൽ ഫിനാൻസ് ടെക്-സിറ്റി അഥവാ ഗിഫ്റ്റ് സിറ്റി (GIFT City). പല ഇന്ത്യൻ സ്റ്റാർട്ട്അപ്പുകളും ഇന്ത്യൻ അമേരിക്കൻ സ്റ്റാർട്ട്-അപ്പുകളും തങ്ങളുടെ ഫണ്ടുകൾ നിക്ഷേപിക്കാൻ സുരക്ഷിതമായ ഇടം തേടുകയാണ്. കമ്പനി സ്ഥാപകരിൽ പലരും തങ്ങളുടെ പണം പിൻവലിക്കാനും അമേരിക്കയിലോ ഇന്ത്യയിലോ ഇതരമാർഗങ്ങൾ കണ്ടെത്താനും പരക്കം പായുകയാണ്.
ഗുജറാത്ത് ഇന്റർനാഷണൽ ഫിനാൻസ് ടെക്-സിറ്റിയിലേക്ക് ഫണ്ടുകൾ വേഗത്തിൽ കൈമാറ്റം ചെയ്യാൻ സാധിക്കുമെന്നും പ്രാദേശിക ബാങ്ക് ശാഖകളിൽ US$ അക്കൗണ്ടുകൾ തുറക്കുന്നതിനുള്ള ഓപ്ഷനും ഇവർ നൽകുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറയുന്നു. ”ഇവിടെ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് ഒറ്റ ദിവസം കൊണ്ട് അക്കൗണ്ട് തുറക്കാൻ കഴിയും. കാരണം അമേരിക്കയിൽ പല ഇന്ത്യക്കാരും രാത്രിസമയത്ത് ജോലി ചെയ്യുന്നുണ്ട്. കമ്പനികൾക്ക് അവരുടെ ഫണ്ടുകൾ വേഗത്തിൽ നീക്കാൻ കഴിയും”, ഒരു ഗിഫ്റ്റ് സിറ്റി എക്സിക്യൂട്ടീവ് പറഞ്ഞു.
Also read- അമേരിക്കയിൽ സിലിക്കൺ വാലി ബാങ്കിനു പിന്നാലെ സിഗ്നേച്ചർ ബാങ്കും തകർന്നതെന്തുകൊണ്ട് ?
സിലിക്കൺ വാലി നിക്ഷേപകർക്ക് തിങ്കളാഴ്ച മുതൽ അവരുടെ അക്കൗണ്ടുകൾ ആക്‌സസ് ചെയ്യാൻ സാധിക്കുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലൻ അറിയിച്ചിരുന്നു. സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചയ്ക്ക് ശേഷം, ബദൽ മാർഗങ്ങൾ സ്വീകരിക്കാൻ തങ്ങൾ ഇതിനകം 50-ഓളം സ്റ്റാർട്ടപ്പുകളെ സഹായിച്ചിട്ടുണ്ടെന്ന് റേസർപേയിലെ ഒരു മുതിർന്ന എക്‌സിക്യൂട്ടീവ് ബിസിനസ് ലൈനിനോട് പറഞ്ഞു.
ഗുജറാത്ത് ഇന്റർനാഷണൽ ഫിനാൻസ് ടെക്-സിറ്റി അഥവാ ഗിഫ്റ്റ് സിറ്റി എന്താണ്?
2008-ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഗിഫ്റ്റ് സിറ്റിക്ക് തറക്കല്ലിട്ടത്. ഒരു അന്താരാഷ്ട്ര സാമ്പത്തിക കേന്ദ്രമായാണ് ഇതിനെ വിഭാവനം ചെയ്തത്. രാജ്യത്തിന്റെ സാമ്പത്തിക, ഐടി ഹബ്ബായി മാറുക എന്നതാണ് ഗിഫ്റ്റ് സിറ്റിയുടെ ലക്ഷ്യം. ഗിഫ്റ്റ് സിറ്റിയിൽ യുഎസ് ഡോളർ ബാങ്കുകൾ സ്ഥാപിക്കുന്നതിന് ഫിൻടെക് പ്ലാറ്റ്‌ഫോമുകൾ ഇന്ത്യൻ ബാങ്കുകളായ ആർബിഎൽ, ഐസിഐസിഐ, കൊട്ടാക്ക് എന്നിവയുമായി സഹകരിച്ചു പ്രവർത്തിക്കുന്നുണ്ട്.
ഇന്ത്യൻ, ഇന്ത്യൻ അമേരിക്കൻ സ്റ്റാർട്ടപ്പുകൾ ഏകദേശം 150 മില്യൺ മുതൽ 200 മില്യൺ ഡോളർ വരെ സിലിക്കൺ വാലി ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അമേരിക്കൻ സർക്കാർ ഫണ്ടുകൾ പിൻവലിക്കാൻ അനുമതി നൽകിയതിനാൽ ഈ സ്റ്റാർട്ടപ്പുകൾക്ക് തങ്ങളുടെ ഫണ്ടുകൾ യുഎസ് ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കാനോ മറ്റ് വലിയ അമേരിക്കൻ ബാങ്കുകളിൽ അക്കൗണ്ട് തുറക്കാനോ മറ്റ് ഓപ്ഷനുകൾ തേടാനോ സാധിക്കും.
ഇന്ത്യയിലേതുൾപ്പെടെ ടെക്നോളജി സ്റ്റാർട്ടപ്പുകൾക്ക് സിലിക്കൺ വാലി ബാങ്കിൽ അക്കൗണ്ട് ഉണ്ടായിരുന്നു. യുഎസിൽ പ്രവർത്തിക്കുന്ന മലയാളി സംരംഭങ്ങൾ അടക്കം മിക്ക സ്റ്റാർട്ടപ്പുകൾക്കും സിലിക്കൺ വാലി ബാങ്കിലാണ് അക്കൗണ്ടുള്ളത്. ബാങ്ക് തകർന്നതോടെ അക്കൗണ്ടുകളിലുള്ള പണം മരവിച്ച അവസ്ഥയിലായി. ജീവനക്കാർക്കു ശമ്പളം അടക്കമുള്ള ചെലവു നടത്താൻ പണം വേറെ സംഘടിപ്പിക്കേണ്ട ഗതികേടിലാണു പല കമ്പനികളും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.