ഓർക്കാപ്പുറത്ത് ഗൂഗിൾ പേയിൽ 80000 രൂപ ലഭിച്ചാൽ എന്തു ചെയ്യും? ആരുമൊന്ന് അമ്പരന്നുപോകും. അത്തരത്തിൽ നിരവധി ഉപയോക്താക്കൾക്ക് 80000 രൂപ വരെ ഗൂഗിൾ പേ അക്കൌണ്ടിൽ ക്രെഡിറ്റായി. സംഭവം ഇവിടെയല്ല, അങ്ങ് അമേരിക്കിയിലാണെന്ന് മാത്രം. പത്തു മുതൽ 1000 ഡോളർ വരെയാണ് അബദ്ധത്തിൽ ഗൂഗിൾ പേയിലെ ചില ഉപയോക്താക്കളുടെ അക്കൌണ്ടിലെത്തിയത്. അതായത് 800 രൂപ മുതൽ 80000 രൂപ വരെ.
എന്നാൽ ഇത്തരത്തിൽ ക്യാഷ് ലഭിച്ചവരുടെ അമ്പരപ്പിനും സന്തോഷത്തിനും അധികം ആയുസില്ലായിരുന്നു. അബദ്ധത്തിൽ ഉപയോക്താക്കളുടെ അക്കൌണ്ടിലേക്ക് ക്രെഡിറ്റാക്കിയ തുക വൈകാതെ തന്നെ ഗൂഗിൾ പേ തിരിച്ചുപിടിച്ചു.
മാധ്യമപ്രവർത്തകനായ മിഷാൽ റഹ്‌മാൻ ട്വിറ്ററിലൂടെ തനിക്കുണ്ടായ അനുഭവം പങ്കുവെച്ചു, “അയ്യോ, ഗൂഗിൾ പേ ഇപ്പോൾ ഉപയോക്താക്കൾക്ക് പരിധിയില്ലാതെ സൗജന്യമായി പണം നൽകുന്നുണ്ട്. ഞാൻ ഇപ്പോൾ ഗൂഗിൾ പേ തുറന്ന്, “ഓൺലൈനായി ഒരു സാധനം വാങ്ങിയപ്പോ” എനിക്ക് ലഭിച്ച “റിവാർഡ്” $46 ആയിരുന്നു. ശരിക്കും ഞെട്ടിപ്പോയി. ”
‘റിവാർഡ്’ ലഭിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് ആളുകൾ എങ്ങനെ പരിശോധിക്കണമെന്നും റഹ്മാൻ നിർദേശിക്കുന്നുണ്ട്. “ആദ്യം GPay തുറക്കുക, “ഡീൽസ്” ടാബിലേക്ക് സ്വൈപ്പ് ചെയ്യുക, നിങ്ങൾക്ക് മുകളിൽ എന്തെങ്കിലും “റിവാർഡ്സ്” ഉണ്ടോയെന്ന് നോക്കുക. അവിടെയാണ് ഞാൻ ഇത് കണ്ടത്. ഇത് ഗൂഗിൾ പേയ്ക്ക് സംഭവിച്ച പിശകാണെന്ന് ഞാൻ സംശയിക്കുന്നു, അതിനാൽ ആ പണം ഞാൻ ഉപയോഗിച്ചില്ല. അത് എന്റെ അക്കൗണ്ടിൽ ഉണ്ട്”
നിരവധി റെഡ്ഡിറ്റ് ഉപയോക്താക്കൾ തങ്ങൾക്കും സമാനമായ അനുഭവം ഉണ്ടായതായി അറിയിച്ചു. ഒരു ഉപയോക്താവ് തന്റെ അക്കൗണ്ടിലേക്ക് എങ്ങനെയാണ് 1072 യുഎസ് ഡോളർ ക്രെഡിറ്റ് ആയതെന്ന് അറിയില്ലെന്ന് പറഞ്ഞപ്പോൾ മറ്റൊരാൾ തനിക്ക് 240 ഡോളറാമ് ക്രെഡിറ്റായതെന്ന് പറഞ്ഞു.
ഏതായാലും അബദ്ധം മനസിലാക്കിയ ഗൂഗിൾ പേ അറിയാതെ നൽകിയ പണമെല്ലാം ഉപയോക്താക്കളിൽനിന്ന് തിരിച്ചുപിടിച്ചുകൊണ്ടിരിക്കുകയാണ്. ഈ സംഭവത്തിൽ ഗൂഗിൾ പേ അധികൃതർ മിഷാൽ റഹ്മാൻ ഇ മെയിൽ അയച്ചു. അതിൽ പറയുന്നത് ഇങ്ങനെയാണ്, “നിങ്ങളുടെ ഗൂഗിൾ പേ അക്കൗണ്ടിലേക്ക് ആസൂത്രിതമല്ലാത്ത ക്യാഷ് ക്രെഡിറ്റ് ഡെപ്പോസിറ്റ് ചെയ്തതിനാലാണ് നിങ്ങൾക്ക് ഈ ഇമെയിൽ അയയ്ക്കുന്നത്. പ്രശ്നം പരിഹരിച്ചിരിക്കുന്നു, ക്രെഡിറ്റായ തുക തിരിച്ചെടുത്തിരിക്കുന്നു.”
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Google pay, Gpay