കൊച്ചി: കേരളത്തിന്റെ തനത് ബിസിനസ്സ് സംസ്കാരത്തെപ്പറ്റി പഠിക്കാന്‍ ആറ് അമേരിക്കന്‍ വിദ്യാര്‍ത്ഥികള്‍ സംസ്ഥാനത്ത് എത്തി. അമേരിക്കയിലെ പിറ്റ്സ്ബെര്‍ഗ് സര്‍വ്വകലാശാലയിലെ ആറ് വിദ്യാര്‍ത്ഥികളും പ്രൊഫസറും ആണ് പഠനയാത്രയുടെ ഭാഗമായി കേരളത്തിലെത്തിയിരിക്കുന്നതെന്ന് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കേരളത്തിലെ പ്രമുഖ ബിസിനസ്സ് സംരംഭങ്ങളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തുകയാണ് ഈ വിദ്യാര്‍ത്ഥി സംഘം എന്ന് ഇവരുടെ ഗൈഡായ രാജേഷ് പി.ആര് പറയുന്നു. സിന്തൈറ്റ്, കൂട്ടുകാരന് ഗ്രൂപ്പ് എന്നിവയുടെ പ്രതിനിധികളുമായി വിദ്യാര്‍ത്ഥികള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
‘ഇന്ത്യയിലെ ബിസിനസ്സ് സംസ്കാരത്തെക്കുറിച്ച് ഒരു ധാരണ കിട്ടാന്‍ വിദ്യാര്‍ത്ഥികളെ ഈ പഠനയാത്ര സഹായിച്ചിട്ടുണ്ട്. പ്രത്യേകിച്ചും കേരളത്തിന്റെ ബിസിനസ്സ് സംസ്കാരം പഠിക്കാന്‍ കഴിഞ്ഞു. ബിസിനസ്സിന്റെ വ്യത്യസ്ത തലങ്ങളെക്കുറിച്ച് കുട്ടികള്‍ക്ക് അറിവ് നല്കാന് ഈ യാത്ര ഉപകരിച്ചു,’ എന്ന് പഠനയാത്ര നയിക്കുന്ന പ്രൊഫസര്‍ ബോപായ ബിഡാന്ഡ പറയുന്നു.
കോവിഡ് സാഹചര്യമായതിനാലാണ് ആറ് വിദ്യാര്‍ത്ഥികളെ മാത്രം ഉള്‍പ്പെടുത്തി യാത്ര സംഘടിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത വര്‍ഷം ഒരു 25 പേരെയെങ്കിലും പഠനയാത്രയ്ക്കായി ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
ബിസിനസ്സിനെ പറ്റി പഠിക്കാന്‍ ഏറ്റവും അനിയോജ്യമായ സ്ഥലം കേരളം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
എന്താണ് ഇന്ത്യന്‍ ബിസിനസ്സ് സംസ്കാരം എന്ന് അറിയണമെങ്കില്‍ കേരളത്തിലേക്ക് വരണം. പ്രാചീന കാലം മുതല്ക്കേ ലോകത്തിലെ പല രാജ്യങ്ങളുമായി വ്യാപാര ബന്ധങ്ങളുണ്ടായിരുന്ന സംസ്ഥാനമാണ് കേരളം. അതിപ്പോഴും തുടരുന്നു,’ പിറ്റ്സ്ബര്‍ഗ് സര്‍വ്വകലാശാല പ്രൊഫസര്‍ ജിജി ഹെഗ്ഡേ പറയുന്നു.
Also read- പവന് 120 രൂപ ഇന്നും കൂടി; ഇന്നത്തെ സ്വർണവില അറിയാം
അതേസമയം കൊച്ചിയിലെ പ്രമുഖ ബിസിനസ്സ് ഗ്രൂപ്പായ സിന്തൈറ്റുമായും എക്സ്ട്രാ വീവ്, എന്നീ ഗ്രൂപ്പുകളുമായി കൂടിക്കാഴ്ച നടത്താന്‍ കഴിഞ്ഞ സന്തോഷത്തിലാണ് ഈ ആറ് വിദ്യാര്‍ത്ഥികള്‍. കോട്ടയം ജില്ലയിലെ ട്രോപ്പിക്കല്‍ പ്ലാന്റേഷന്സുമായും സംഘം ചര്‍ച്ചകള്‍ നടത്തിയിരുന്നു.
പ്രമുഖ ബിസിനസ്സ് സംരംഭങ്ങളായ ikeaയെപ്പറ്റിയും തേയില വ്യാപാരത്തെപ്പറ്റിയും പഠിക്കുക എന്നതായിരുന്നു ഈ യാത്രയിലൂടെ ലക്ഷ്യമിട്ടിരുന്നതെന്ന് പ്രൊഫസര്‍ ബിഡാന്ഡ പറഞ്ഞു. ബിസിനസ്സിലെ കുടുംബപാരമ്പര്യം, സംരംഭങ്ങളിലെ സ്ത്രീ പ്രാതിനിധ്യം എന്നിവയെപ്പറ്റിയെല്ലാം ഈ യാത്രയിലൂടെ പഠിക്കാനായെന്നും പ്രൊഫസര്‍ ബിഡാന്ഡ പറഞ്ഞു.
അതേസമയം ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഗ്ലോബല്‍ കണ്‍സോര്‍ഷ്യം നടത്തിയ സര്‍വ്വേയില്‍ ലോകത്ത് പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ ഏറ്റവും എളുപ്പമുള്ള അഞ്ച് രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെട്ടിരുന്നു.
500ലധികം ഗവേഷകരടങ്ങുന്ന ഗ്ലോബല്‍ കണ്‍സോര്‍ഷ്യമാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കുറഞ്ഞ വരുമാനമുള്ള സമ്പദ്വ്യവസ്ഥകളിലാണ് രാജ്യം ഒന്നാം സ്ഥാനത്തെത്തിയത്. ദുബായ് എക്സ്പോയിലാണ് ഗ്ലോബല്‍ എന്റര്‍പ്രണര്‍ഷിപ്പ് മോണിറ്റര്‍ 2021/2022 റിപ്പോര്‍ട്ട് പ്രകാശനം ചെയ്തത്. ഉയര്‍ന്ന, ഇടത്തരം, താഴ്ന്ന വരുമാനമുള്ള 47 സമ്പദ്വ്യവസ്ഥകളില് നിന്നുള്ള 2,000 പേരില്‍ നിന്ന് സര്‍വ്വേയിലൂടെ ശേഖരിച്ച വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.
സംരംഭക പ്രവര്‍ത്തനം, സംരംഭത്തോടുള്ള മനോഭാവം, പ്രാദേശിക സംരംഭക ആവാസവ്യവസ്ഥയെക്കുറിച്ചുള്ള കാഴ്ചപ്പാട് എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കിയ ഇന്ത്യക്കാരില്‍ 82 ശതമാനം പേരും ഇന്ത്യയില്‍ ഒരു ബിസിനസ്സ് ആരംഭിക്കുന്നത് എളുപ്പമാണെന്ന് വ്യക്തമാക്കി. ഇതോടെ ഇന്ത്യ ആഗോളതലത്തില്‍ നാലാം സ്ഥാനത്തെത്തി.
കൂടാതെ, അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ പദ്ധതിയിടാത്തതിന്റെ കാരണമായി 54 ശതമാനം പേരും ചൂണ്ടിക്കാണിച്ച കാരണം പരാജയ ഭയമാണ്. ഈ പട്ടികയില്‍ ഇന്ത്യ 47 രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തി. സര്‍ക്കാര്‍ പിന്തുണയുടെ കാര്യത്തിലും ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനമാണ്. 80 ശതമാനത്തിലധികം ഇന്ത്യന്‍ സംരംഭകരും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വളരെ കുറഞ്ഞ വളര്‍ച്ചാ പ്രതീക്ഷകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.