തിരുവനന്തപുരം: വിഷു ബംപര്‍ ഭാഗ്യക്കുറി നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ പത്തുകോടി രൂപക്ക് അര്‍ഹമായ ആളെ കണ്ടെത്താനായില്ലെന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം, ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റുമായി രണ്ട് തമിഴ്നാട് സ്വദേശികൾ ലോട്ടറി ഡയറക്ട്രേറ്റിൽ എത്തിയെങ്കിലും അവരുടെ ടിക്കറ്റ് സ്വീകരിക്കാൻ അധികൃതർ തയ്യാറായില്ല. കന്യാകുമാരിക്കടുത്ത് മണവാളക്കുറിച്ചി സ്വദേശികളായ ഡോ. പ്രദീപ് കുമാറും ബന്ധു രമേശനുമാണ് തിരുവനന്തപുരത്ത് ലോട്ടറി ഡയറക്ട്രേറ്റിൽ എത്തിയത്. എന്നാൽ കേരളത്തിനു പുറത്തുള്ളവര്‍ ലോട്ടറി സമ്മാനത്തിനായി അവകാശവാദം ഉന്നയിക്കുമ്പോള്‍ ടിക്കറ്റിനും തിരിച്ചറിയല്‍ രേഖകള്‍ക്കുമൊപ്പം നോട്ടറിയുടെ ഒപ്പും, പേരും സീലും, ഉദ്യോഗപ്പേരും നോട്ടറി സ്റ്റാമ്ബും സമര്‍പ്പിക്കണമെന്നാണ് വ്യവസ്ഥ. ഇത് ഇല്ലാത്തതിനാലാണ് അധികൃതർ ടിക്കറ്റ് സ്വീകരിക്കാതിരുന്നത്.
കൂടാതെ തിരിച്ചറിയല്‍ രേഖകള്‍ക്കൊപ്പം ടിക്കറ്റ് എടുത്ത സമയത്ത് കേരളത്തില്‍ വരാനുള്ള സാഹചര്യം വിശദീകരിച്ചുള്ള കത്തോ, കേരള സര്‍ക്കാര്‍ നല്കിയ തിരിച്ചറിയല്‍ രേഖയോകൂടി ഹാജരാക്കേണ്ടതുണ്ട്. ലോട്ടറി ടിക്കറ്റ് 90 ദിവസത്തിനുള്ളില്‍ ഹാജരാക്കിയാല്‍ മതിയാകുമെന്ന് അധികൃതർ ഇവരോട് പറഞ്ഞു.
ഈ മാസം 15ന് രാവിലെ വിദേശത്തുനിന്ന് വന്ന രമേശന്റെ ബന്ധുവിനെ വിളിക്കാന്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോള്‍ രാവിലെ അഞ്ചരക്കും ആറിനും ഇടയ്ക്കാണ് ലോട്ടറിയെടുത്തതെന്ന് ഡോ. പ്രദീപ് മാധ്യമങ്ങളോട് പറഞ്ഞു. നറുക്കെടുപ്പിനുശേഷം രണ്ടു ദിവസം കഴിഞ്ഞ് പത്രം നോക്കിയപ്പോഴാണ് സമ്മാനം ലഭിച്ചതറിഞ്ഞത്. ഒരു മരണവും ആരോഗ്യപ്രശ്നങ്ങളും കാരണമാണ് സമ്മാനം ലഭിച്ച ടിക്കറ്റുമായി കേരളത്തിലേക്ക് എത്താൻ വൈകിയത്. സ്ഥിരമായി ലോട്ടറി ടിക്കറ്റ് എടുക്കാറുണ്ടെന്നും ഡോ. പ്രദീപ് പറഞ്ഞു. എപ്പോഴും രമേശനുമായി ചേര്‍ന്നാണ് ഡോ. പ്രദീപ് ലോട്ടറി എടുക്കാറുള്ളത്. ചെറിയ സമ്മാനങ്ങളൊക്കെ ലഭിച്ചിട്ടുണ്ടെന്നും ഡോ. പ്രദീപ് പറഞ്ഞു.
കേരള സര്‍ക്കാരിന്റെ വിഷു ബമ്പര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ പത്തുകോടി രൂപ ലഭിച്ചയാളെ ഇതുവരെ കണ്ടെത്താനായില്ലെന്ന് കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ടുണ്ടായിരുന്നു. നറുക്കെടുപ്പ് നടക്കുന്നതിന് അഞ്ച് ദിവസം മുന്‍പ് വിറ്റ ടിക്കറ്റിനാണ് 10 കോടി അടിച്ചതെന്ന് സംശയമുണ്ട്. ടിക്കറ്റ് വിറ്റ ഏജന്റാണ് ഇക്കാര്യം സൂചിപ്പിച്ചത്. ഗൾഫിൽനിന്ന് എത്തിയ ഒരു യുവാവ് ദിര്‍ഹം നല്കി തന്റെ പക്കല്‍ നിന്നും ബമ്പർ ടിക്കറ്റ് എടുത്തിരുന്നു. ഇയാൾക്കാണോ സമ്മാനമെന്ന് സംശയിക്കുന്നതായും ഏജന്റ് പറഞ്ഞിരുന്നു.
Also Read-
Vishu Bumper BR-85 | വിഷു ബമ്പര്‍ BR-85 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 10 കോടിയുടെ ഭാഗ്യം ആര്‍ക്ക്?തിരുവനന്തപുരം ചൈതന്യ ലക്കി സെന്ററില്‍ നിന്ന് വിറ്റ എച്ച്.ബി 727990 എന്ന നമ്പരുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ പത്തുകോടി രൂപ അടിച്ചത്. ചൈതന്യ ലക്കി സെന്ററിൽ നിന്ന് ഈ ടിക്കറ്റ് അടങ്ങിയ ബുക്ക് ലെറ്റ് വാങ്ങിയത് ദമ്ബതികളായ ജസീന്ത, രംഗന് എന്നിവരാണ്. ഇവർ വലിയതുറയിൽവെച്ച് ടിക്കറ്റ് വിൽപന നടത്തിയത്.
അതേസമയം ഒരു മാസത്തിനുള്ളില്‍ ടിക്കറ്റുമായി എത്തിയില്ലെങ്കില്‍ കമ്മീഷൻ കഴിച്ചുള്ള ആറ് കോടി 16 ലക്ഷം സര്‍ക്കാര്‍ ഖജനാവിലേക്ക് പോകും. നറുക്കെടുപ്പ് നടന്ന് 30 ദിവസത്തിനുള്ളില്‍ സമ്മാനാര്‍ഹമായ ടിക്കറ്റ് ഹാജരാക്കണമെന്നാണ് ചട്ടം. ഈ സമയത്തിനുള്ളില്‍ ടിക്കറ്റ് ഹാജരാക്കാന്‍ സാധിച്ചില്ലെങ്കില്‍ മതിയായ കാരണം ചൂണ്ടിക്കാട്ടി ലോട്ടറി ഓഫീസില്‍ അപേക്ഷ നല്‍കണമെന്നും വ്യവസ്ഥയുണ്ട്.
60 ദിവസം വരെയുള്ള ടിക്കറ്റ് ജില്ലാ ലോട്ടറി ഓഫീസര്‍മാര്‍ക്ക് പാസാക്കാനാകും. ഈ സമയപരിധിയും കഴിഞ്ഞാണ് ടിക്കറ്റ് ഹാജരാക്കുന്നതെങ്കില്‍ തീരുമാനമെടുക്കേണ്ടത് ലോട്ടറി ഡയറക്ടറേറ്റാണ്. 90 ദിവസം വരെയുള്ള ടിക്കറ്റുകള്‍ ഡയറക്ട്രേറ്റിന് പാസാക്കാനാകും. ഏതായാലും ഉടൻ തന്നെ സമ്മാനാർഹമായ ടിക്കറ്റുമായി ആ ഭാഗ്യവാൻ തങ്ങളെ തേടി വരുമെന്ന പ്രതീക്ഷയിലാണ് ടിക്കറ്റ് വിറ്റ ഏജന്റ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.