എയർ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കൽ പ്രക്രിയ അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നു. ടാറ്റ സൺസും സ്പൈസ് ജെറ്റ് പ്രൊമോട്ടർ അജയ് സിംഗും ദേശീയ എയർലൈനിൽ 100% ഓഹരികൾ സ്വന്തമാക്കാൻ അന്തിമ ബിഡ് സമർപ്പിച്ചു. ഓഹരി വിൽപ്പനയിൽ എഐ എക്സ്പ്രസ് ലിമിറ്റഡിലെ 100% ഓഹരികളും എയർ ഇന്ത്യ SATS എയർപോർട്ട് സർവീസസ് പ്രൈവറ്റ് ലിമിറ്റഡിലെ 50% ഓഹരികളും ഉൾപ്പെടുന്നു. ഓഹരി വിൽപ്പന നടപടികൾ ഇപ്പോൾ അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻവെസ്റ്റ്മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് (DIPAM) സെക്രട്ടറി തുഹിൻ കാന്ത പാണ്ഡെ ട്വീറ്റ് ചെയ്തു.
എയർ ഇന്ത്യയുടെ മുഴുവൻ ഓഹരികൾക്കായി കഴിഞ്ഞ വർഷം ജനുവരിയിൽ സർക്കാർ താൽപ്പര്യപത്രം സമർപ്പിക്കാൻ ക്ഷണിക്കുകയും, താൽക്കാലിക കക്ഷികളെ എയർലൈനിന്റെ എന്റർപ്രൈസ് മൂല്യത്തിൽ ലേലം വിളിക്കാൻ അനുവദിക്കുകയും ഉൾപ്പെടെ, ബിഡ് വ്യവസ്ഥകളിൽ ചില മാറ്റങ്ങൾ വരുത്തിയിരുന്നു. പിന്നീട് കോവിഡ് 19 പ്രതിസന്ധി ലേലത്തെ ബാധിക്കുകയും നടപടികൾ വൈകുകയുമായിരുന്നു.
തുടർന്ന് ഈ വർഷം ഏപ്രിലിൽ, കേന്ദ്രം യോഗ്യതയുള്ള ലേലക്കാരോട് അന്തിമ ബിഡ് സമർപ്പിക്കാൻ ആവശ്യപ്പെട്ടു. ഓഹരി വിറ്റഴിക്കൽ പ്രക്രിയയിൽ തങ്ങളുടെ പങ്കാളിത്തം ഒരു ടാറ്റ സൺസ് വക്താവും അജയ് സിംഗുമായി അടുത്ത വൃത്തങ്ങളും സ്ഥിരീകരിച്ചിരുന്നു. അനുയോജ്യമായ സാഹചര്യമാണെങ്കിൽ ഡിസംബറോടെ ഓഹരി കൈമാറ്റം നടക്കുമെന്ന് വ്യോമയാന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കി. എന്നാൽ നടപ്പ് സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെയാകും ഓഹരി കൈമാറ്റത്തിന് സാധ്യതയെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു.
എയർലൈൻ വിൽക്കാനുള്ള സർക്കാരിന്റെ 2017ലെ ശ്രമം നിക്ഷേപകർ ആരും താത്പര്യം പ്രകടിപ്പിക്കാത്തതിനെ തുടർന്ന് പരാജയപ്പെട്ടിരുന്നു. എന്നാൽ പിന്നീട് ഓഹരി വാങ്ങാൻ സാധ്യതയുള്ള നിക്ഷേപകരിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിച്ച ശേഷം പുതിയ നിക്ഷേപകർക്ക് കടം കൈമാറുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സർക്കാർ ചില ഇളവുകൾ വരുത്തി. ലേലക്കാർക്ക് അവർ ഉൾക്കൊള്ളാൻ ആഗ്രഹിക്കുന്ന കടത്തിന്റെ അളവ് തീരുമാനിക്കാനുള്ള ഇളവാണ് സർക്കാർ നൽകിയത്.
Also Read-
900 കോടി രൂപ രണ്ടു സ്കൂൾ കുട്ടികളുടെ ബാങ്ക് അക്കൗണ്ടിൽ; അധികൃതർ അന്വേഷണം തുടങ്ങി2020 ജനുവരിയിൽ ഡിഐപിഎഎം അവതരിപ്പിച്ച താത്പര്യപത്രം പ്രകാരം, എയർ ഇന്ത്യയുടെ മൊത്തം കടബാധ്യത 2019 മാർച്ച് 31 വരെ 60,074 കോടി രൂപയായിരുന്നു. നിക്ഷേപകൻ സ്വീകരിക്കാത്ത കടം എയർ ഇന്ത്യ അസറ്റ്സ് ഹോൾഡിംഗ് ലിമിറ്റഡിന് കൈമാറും.
2007ൽ ഇന്ത്യൻ എയർലൈനിൽ ലയിപ്പിച്ചതു മുതൽ എയർ ഇന്ത്യ നഷ്ടത്തിലായിരുന്നു. 1932ൽ ടാറ്റാ ഗ്രൂപ്പ് സ്ഥാപിച്ച ഈ എയർലൈൻ 1953ൽ ദേശസാൽക്കരിക്കപ്പെട്ടു. മുംബൈ ആസ്ഥാനമായുള്ള ടാറ്റാ ഗ്രൂപ്പ് കഴിഞ്ഞ പല അവസരങ്ങളിലും എയർലൈൻ സ്വന്തമാക്കാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
2015ൽ, ടാറ്റ സിംഗപ്പൂർ എയർലൈൻസുമായി 51:49 സംയുക്ത സംരംഭത്തിൽ ഒരു എയർലൈൻ ആരംഭിച്ചു. ഇന്ന് എയർ ഏഷ്യ എയർലൈൻസിന്റെ 83.67% ഓഹരികളും ടാറ്റയ്ക്ക് സ്വന്തമാണ്. ടാറ്റാ ഗ്രൂപ്പിന് എയർ ഇന്ത്യയെ വീണ്ടും തങ്ങളുടെ കുടക്കീഴിൽ കൊണ്ടുവരാൻ കഴിഞ്ഞാൽ, എയർലൈൻ പ്രവർത്തനങ്ങൾ ഏകീകരിക്കാനാകുമെന്നാണ് വ്യോമയാന വ്യവസായ വൃത്തങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.