• HOME
  • »
  • NEWS
  • »
  • money
  • »
  • Tata | സിം​ഗപ്പൂർ എയർ‌ലൈൻസും എയർ ഇന്ത്യയും വിസ്താരയും ഒരു കുടക്കീഴിൽ; ലയന നടപടികൾക്കൊരുങ്ങി ടാറ്റ

Tata | സിം​ഗപ്പൂർ എയർ‌ലൈൻസും എയർ ഇന്ത്യയും വിസ്താരയും ഒരു കുടക്കീഴിൽ; ലയന നടപടികൾക്കൊരുങ്ങി ടാറ്റ

ഇരുകമ്പനികളും തമ്മിലുള്ള ലയനം പൂര്‍ത്തിയാകാന്‍ ഏകദേശം ഒരു വര്‍ഷമെടുത്തേക്കാം

  • Share this:
ടാറ്റ ഗ്രൂപ്പ് തങ്ങളുടെ എയർലൈൻ കമ്പനികളെ ഒരു കുടകീഴിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികൾ ആരംഭിക്കാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ടാറ്റ, സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ലിമിറ്റഡ് എന്നിവ വിസ്താരയും എയര്‍ ഇന്ത്യയുമായി ലയിക്കാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. ടാറ്റ ഗ്രൂപ്പ്, സിംഗപ്പൂര്‍ എയര്‍ലൈന്‍സ് എന്നിവയുടെ സംയുക്ത സംരംഭമായ ടാറ്റ എസ്ഐഎ എയര്‍ലൈന്‍സ് ലിമിറ്റഡും കഴിഞ്ഞ വര്‍ഷം ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത എയര്‍ ഇന്ത്യയും ലയിപ്പിക്കാനാണ് ഇരു കമ്പനികളും പദ്ധതിയിടുന്നത്. പുതിയ സംയുക്ത സംരംഭത്തില്‍, സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് എയര്‍ ഇന്ത്യയിലും വിസ്താരയിലും 25 ശതമാനം വരെ ഓഹരികള്‍ സ്വന്തമാക്കാനാകും.

''എസ്ഐഎ വിസ്താരയിലെ ടാറ്റ സണ്‍സിന്റെ നിലവിലെ സംയുക്ത സംരഭ പങ്കാളിയാണ്. ഭാവിയില്‍ വ്യോമയാനരംഗത്ത് ഇന്ത്യയുടെ അവസരം എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെ കുറിച്ച് രണ്ട് പങ്കാളികളും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്ത് കോര്‍പ്പറേറ്റ് ഘടനയാണ് കൈവരിക്കുക എന്നതിനെ കുറിച്ച് ഇപ്പോഴും ചര്‍ച്ച നടക്കുകയാണ്, '' ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ലൈവ്മിന്റിനോട് പറഞ്ഞു.

ഇരുകമ്പനികളും തമ്മിലുള്ള ലയനം പൂര്‍ത്തിയാകാന്‍ ഏകദേശം ഒരു വര്‍ഷമെടുത്തേക്കാം. ചെലവ് ലാഭിക്കാനും ഇന്‍ഡിഗോയുമായി മത്സരിക്കുന്നതിന് വിപണി വിഹിതം നേടാനുമുള്ള ടാറ്റ സണ്‍സിന്റെ ഏകീകരണ തന്ത്രത്തിന്റെ ഭാഗമാണിത്. 59 ശതമാനം വിപണി വിഹിതമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ എയര്‍ലൈനാണ് ഇന്‍ഡിഗോ.

Also Read-UPI | യുപിഐ സേവനങ്ങൾക്ക് നിരക്ക് ഈടാക്കണോ? ആർബിഐ നീക്കം എങ്ങനെ ആയിരിക്കും

പുതിയ സംയുക്ത സംരംഭത്തില്‍ 5,000 മുതല്‍ 10,000 കോടി രൂപ വരെ മൂല്യമുള്ള ന്യൂനപക്ഷ ഓഹരി സിംഗപ്പൂര്‍ എയര്‍ലൈന്‍സ് കൈവശം വച്ചേക്കാമെന്നും വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. എയര്‍ ഇന്ത്യയുടെയും വിസ്താരയുടെയും സംയോജിത മൂല്യം കുറഞ്ഞത് 30,000 കോടി രൂപയായിരിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എയര്‍ ഇന്ത്യയും വിസ്താരയും ലയിപ്പിക്കാനുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് ഈ മാസം ആദ്യം വിസ്താര സിഇഒ വിനോദ് കാനന്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത അദ്ദേഹം നല്‍കിയിട്ടില്ല. നേരത്തെ, എയര്‍ ഏഷ്യ ഇന്ത്യയും എയര്‍ ഇന്ത്യയും ലയിപ്പിക്കുന്നതിനെക്കുറിച്ച് ഔദ്യോഗിക വൃത്തങ്ങള്‍ ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞിരുന്നു.

എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ബോയിംഗ് 737, എയര്‍ഏഷ്യയുടെ എയര്‍ബസ് 320 എന്നീ രണ്ട് വിമാനങ്ങളാണ് പിന്നീട് എയര്‍ലൈനിന്റെ പ്രവര്‍ത്തനം ഏറ്റെടുക്കുക. എയര്‍ ഏഷ്യ ഇന്ത്യയ്ക്കൊപ്പമുള്ള എല്ലാ വിമാനങ്ങളും എയര്‍ ഇന്ത്യ എക്സ്പ്രസിലേക്ക് മാറ്റാന്‍ പദ്ധതിയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ സിഇഒ, ന്യൂഡല്‍ഹിയിലെ എയര്‍ ഇന്ത്യ ഹെഡ് ഓഫീസില്‍ നിന്ന് പ്രവര്‍ത്തനം ആരംഭിച്ചതായും വൃത്തങ്ങള്‍ അറിയിച്ചു.

ടാറ്റ ഗ്രൂപ്പ്, ഈ വര്‍ഷമാദ്യം 18,000 കോടി രൂപയ്ക്ക് എയര്‍ ഇന്ത്യയെ സര്‍ക്കാരില്‍ നിന്ന് ഏറ്റെടുത്തിരുന്നു. കൂടാതെ എയര്‍ ഇന്ത്യയുടെ ഉപസ്ഥാപനമായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രവര്‍ത്തിപ്പിക്കാനുള്ള അധികാരവും ടാറ്റ ഗ്രൂപ്പിന് ലഭിച്ചിരുന്നു. ഇതിനുപുറമെ, ടാറ്റ ഗ്രൂപ്പിന് എയര്‍ ഏഷ്യ ഇന്ത്യയില്‍ 83.67 ശതമാനം ഉടമസ്ഥാവകാശവും വിസ്താരയില്‍ 51 ശതമാനം ഓഹരികളും ഉണ്ട്.
Published by:Jayesh Krishnan
First published: