• HOME
  • »
  • NEWS
  • »
  • money
  • »
  • ടാറ്റാ ഗ്രൂപ്പ് എയര്‍ലൈനുകൾ എയര്‍ ഇന്ത്യയിൽ ലയിപ്പിക്കാന്‍ പദ്ധതി

ടാറ്റാ ഗ്രൂപ്പ് എയര്‍ലൈനുകൾ എയര്‍ ഇന്ത്യയിൽ ലയിപ്പിക്കാന്‍ പദ്ധതി

എയര്‍ ഇന്ത്യയുടെ കീഴില്‍ ഏകദേശം 300 ജോഡി ജെറ്റ് വിമാനങ്ങള്‍ക്ക് ടാറ്റ ഗ്രൂപ്പ് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്

  • Share this:
ടാറ്റാ ഗ്രൂപ്പിന്റെ വ്യോമയാന വ്യവസായ രംഗത്തെ പുതിയ തീരുമാനങ്ങള്‍ ചര്‍ച്ചയാകുന്നു. ടാറ്റയ്ക്ക് കീഴിലുള്ള നിലവിലെ നാല് എയര്‍ലൈനുകളും എയര്‍ ഇന്ത്യയില്‍ ലയിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതിയെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. എയര്‍ ഇന്ത്യ തിരിച്ചുപിടിച്ച ശേഷമുള്ള ടാറ്റ ഗ്രൂപ്പിന്റെ പുതിയ തീരുമാനമാണിത്. എയര്‍ലൈന്‍ രംഗത്ത് തങ്ങളുടെ ബിസിനസ്സ് കൂടുതല്‍ ശക്തമാക്കാനാണ് ടാറ്റയുടെ ശ്രമമെന്ന് വിദഗ്ധര്‍ പറയുന്നു.

അതേസമയം ടാറ്റയുടെ സിംഗപ്പൂര്‍ കേന്ദ്രമായുള്ള എയര്‍ലൈന്‍ സര്‍വ്വീസായ വിസ്താര ബ്രാന്‍ഡിനെ ഒഴിവാക്കുന്നുവെന്നും വാര്‍ത്തകളുണ്ട്. എന്നാല്‍ ഇത്തരം ചര്‍ച്ചകള്‍ നടക്കുന്നുവെന്നല്ലാതെ അവയില്‍ ഔദ്യോഗികമായി ഒരു തീരുമാനം കമ്പനി അധികൃതര്‍ പുറപ്പെടുവിച്ചിട്ടില്ല. ടാറ്റയുടെയും വിസ്താരയുടെയും നിലവിലെ പ്രതിനിധികള്‍ ഈ പരാമര്‍ശങ്ങളോട് പ്രതികരിക്കാനും തയ്യാറായിട്ടില്ല.

നിലവില്‍ ടാറ്റയുടെ കീഴില്‍ എയര്‍ ഇന്ത്യയെ പൂര്‍ണ്ണമായി നവീകരിക്കാനുള്ള ശ്രമത്തിലാണ്. എയര്‍ലൈന്‍ ചരിത്രത്തില്‍ തന്നെ നിര്‍ണ്ണായകമായേക്കാവുന്ന ചില തീരുമാനങ്ങളും ടാറ്റ ഗ്രൂപ്പില്‍ നിന്ന് പുറത്തായിട്ടുണ്ട്. എയര്‍ ഇന്ത്യയുടെ കീഴില്‍ ഏകദേശം 300 ജോഡി ജെറ്റ് വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 113 എയര്‍ക്രാഫ്റ്റുകള്‍ കൂടി കമ്പനിയിലേക്ക് എത്തുമെന്ന് എയര്‍ ഇന്ത്യ ഗ്രൂപ്പ് മേധാവി കാംപെല്‍ വില്‍സണ്‍ പറഞ്ഞു. ഡിസംബറോടെ 25 എയര്‍ബസ് എസ്ഇയും അഞ്ച് ബോയിംഗ് വിമാനങ്ങളും കമ്പനി സേവനങ്ങളില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നതായും കമ്പനിയുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.

ടാറ്റയ്ക്ക് മൊത്തം നാല് എയര്‍ലൈന്‍ സര്‍വ്വീസുകളാണ് ഇപ്പോള്‍ ഉള്ളത്. എയര്‍ ഇന്ത്യ, വിസ്താര, എയര്‍ ഇന്ത്യ എക്‌സ്പ്രസ് ലിമിറ്റഡ്, എയര്‍ ഏഷ്യ ഇന്ത്യ എന്നിവയാണ് അവ. ഈ മാസം ആദ്യം എയര്‍ ഇന്ത്യ എയര്‍ഏഷ്യയുമായി ലയിപ്പിച്ച് പ്രവര്‍ത്തിക്കുമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞിരുന്നു. എയര്‍ ഇന്ത്യ എക്‌സ്പ്രസുമായി ലയിപ്പിച്ച് ചെലവ് കുറഞ്ഞ ഒറ്റ വിമാനക്കമ്പനിയാക്കി മാറ്റുമെന്നുമാണ് കമ്പനി മേധാവികള്‍ അറിയിച്ചത്. ഏകീകരണം 2023 അവസാനത്തോടെ പൂര്‍ണ്ണമാകും.

2022 ജനുവരിയിലാണ് എയര്‍ ഇന്ത്യയെ ഔദ്യോഗികമായി ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തത്. എയര്‍ ഇന്ത്യയുടെ ബോര്‍ഡ് അംഗങ്ങള്‍ രാജിവച്ച് സര്‍ക്കാര്‍ പ്രതിനിധികള്‍ക്ക് പകരം ടാറ്റയുടെ അംഗങ്ങള്‍ ചുമതലയേല്‍ക്കുകയായിരുന്നു. ഔദ്യോഗിക കൈമാറ്റത്തിന് മുന്നോടിയായി ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് കേന്ദ്ര സര്‍ക്കാര്‍ 18,000 കോടി രൂപയ്ക്ക് എയര്‍ ഇന്ത്യ കമ്പനി ടാറ്റ പ്രൈവറ്റ് ലിമിറ്റഡിന് വിറ്റത്. ഉടമ്പടി പ്രകാരം ടാറ്റ ഗ്രൂപ്പിന് എയര്‍ ഇന്ത്യ എക്‌സ്പ്രസും എയര്‍ ഇന്ത്യ ഗ്രൗണ്ട് ഹാന്‍ഡിലിങ് വിഭാഗത്തിന്റെ 50 ശതമാനം ഓഹരിയും കൈമാറിയിരുന്നു.

സ്‌പൈസ് ജെറ്റ് പ്രമോട്ടര്‍ അജയ് സിങ് നേതൃത്വം നല്‍കിയ കണ്‍സോര്‍ഷ്യം മുന്നോട്ടുവച്ച 15,100 കോടി രൂപ മറികടന്നാണു ടാറ്റ, എയര്‍ ഇന്ത്യ കമ്പനി ഓഹരികള്‍ സ്വന്തമാക്കിയത്. 12,906 കോടി രൂപയായിരുന്നു സര്‍ക്കാര്‍ നിശ്ചയിച്ച അടിസ്ഥാന വില.
Published by:Anuraj GR
First published: