2019ലെ ഇടക്കാല ബജറ്റിൽ നികുതി പിരിക്കാൻ ലക്ഷ്യമിട്ട തുകയിൽ കുറവ് വരുത്തണമെന്ന് വകുപ്പ് ഉദ്യോഗസ്ഥർ. ലക്ഷ്യമിട്ട തുകയിൽ 1.5 ലക്ഷം കോടിയുടെ കുറവ് വരുത്തണമെന്നാണ് ഇവരുടെ ആവശ്യം. പ്രത്യക്ഷ, പരോക്ഷ നികുതി വകുപ്പുകളാണ് കളക്ഷൻ ടാർഗറ്റിൽ കുറവ് വരുത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. അതേസമയം, ധനമന്ത്രി നിർമലാ സീതാരാമൻ ഇതിനോടകം നികുതിപിരിവുമായി ബന്ധപ്പെട്ട ആശങ്കകൾ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്ന് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു.
ഇടക്കാല ബജറ്റിൽ ലക്ഷ്യമിടുന്ന തുകയിൽ 60,000 മുതൽ 70,000 കോടിരൂപ (4.3-5.1 %)യുടെ കുറവ് വരുത്തണമെന്നാണ് പ്രത്യക്ഷ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നത്. 13.8 ലക്ഷം കോടിയാണ് ബജറ്റിൽ ലക്ഷ്യമിടുന്നത്. ഈ ആവശ്യം അംഗീകരിക്കപ്പെട്ടാൽ ലക്ഷ്യം 13 ലക്ഷം കോടിയായി കുറയും. 2018-19ലെ പ്രത്യക്ഷ നികുതി വരുമാനം ലക്ഷ്യമിട്ടത് 12 ലക്ഷം കോടിയായിരുന്നുവെങ്കിലും ആകെ ലഭിച്ചത് 11.18 ലക്ഷം കോടിയായിരുന്നു.
പരോക്ഷ നികുതി വിഭാഗത്തിൽ വരുന്ന ജി എസ് ടിയുടെ കാര്യത്തിൽ ലക്ഷ്യമിട്ട തുകയിൽ നിന്ന് 70,000 മുതൽ 80,000 കോടിവരെ കുറയ്ക്കണമെന്നാണ് ആവശ്യം. ഇടക്കാല ബജറ്റിൽ പറയുന്ന തുകയിൽ 11.5- 13 ശതമാനം വരെ കുറവ് കൊണ്ടുവരണമെന്നാണ് ഇവർ ലക്ഷ്യം വയ്ക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം ജിഡിപി നിരക്ക് 5.8 ശതമാനത്തിലേക്ക് താണിരുന്നു. സാമ്പത്തിക രംഗത്ത് മാന്ദ്യം നിലനിൽക്കുകയാണ്. ഈ സാഹചര്യത്തിൽ നികുതി പരിഷ്കരണവുമായി ബന്ധപ്പെട്ട നിർണായകമായ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.