• HOME
 • »
 • NEWS
 • »
 • money
 • »
 • IBMനെ പിന്തള്ളി TCS ആഗോളതലത്തില്‍ ഏറ്റവും മൂല്യമേറിയ രണ്ടാമത്തെ ഐടി കമ്പനിയായി; Infosysനും Wiproയ്ക്കും നേട്ടം

IBMനെ പിന്തള്ളി TCS ആഗോളതലത്തില്‍ ഏറ്റവും മൂല്യമേറിയ രണ്ടാമത്തെ ഐടി കമ്പനിയായി; Infosysനും Wiproയ്ക്കും നേട്ടം

ബ്രാൻഡ് ഫിനാൻസ് റിപ്പോർട്ട് പ്രകാരം, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ആഗോള റാങ്കിംഗില്‍ രണ്ടാം സ്ഥാനം സ്വന്തമാക്കി.

 • Share this:
  ടാറ്റ ഗ്രൂപ്പിന്റെ (Tata Group) ഉടമസ്ഥതയിലുള്ള ഐടി ഭീമൻ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് എന്ന ടിസിഎസ് (TCS) ഐടി സേവന മേഖലയിൽ ലോകത്തെ ഏറ്റവും മൂല്യമേറിയ രണ്ടാമത്തെ കമ്പനിയായി മാറിയെന്ന് റിപ്പോര്‍ട്ട്.

  ബ്രാന്‍ഡ് ഫിനാന്‍സിന്റെ ഏറ്റവും പുതിയ സര്‍വ്വേ റിപ്പോര്‍ട്ട് അനുസരിച്ച് ടിസിഎസിനെ കൂടാതെ ഇന്‍ഫോസിസ് (Infosys), വിപ്രോ (Wipro), ടെക് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, എല്‍ടിഐ തുടങ്ങിയ കമ്പനികളും ലോകത്തെ മികച്ച 25 ഐടി കമ്പനികളില്‍ ഇടംപിടിച്ചു.

  ബ്രാൻഡ് ഫിനാൻസ് റിപ്പോർട്ട് പ്രകാരം, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ആഗോള റാങ്കിംഗില്‍ രണ്ടാം സ്ഥാനം സ്വന്തമാക്കി. 36.2 ബില്യണ്‍ യുഎസ് ഡോളറിന്റെ റെക്കോര്‍ഡ് ബ്രാന്‍ഡ് മൂല്യവുമായി ലോകത്തെ ഏറ്റവും മൂല്യവത്തായ, ശക്തമായ ഐടി സർവീസസ് ബ്രാന്‍ഡ് എന്ന സ്ഥാനം ആക്സഞ്ചര്‍ നിലനിര്‍ത്തി.

  ''കോവിഡ് 19 മഹാമാരി ഉയര്‍ത്തിയ വെല്ലുവിളികളെ ടിസിഎസ് വിജയകരമായി മറികടക്കുകയും ലോകമെമ്പാടുമുള്ള ബിസിനസ്സ് പ്രവര്‍ത്തനങ്ങൾ തടസമില്ലാതെ തുടരുകയും ചെയ്തു. ബ്രാന്‍ഡ് പങ്കാളിത്തവും സ്‌പോര്‍ട്‌സ് സ്‌പോണ്‍സര്‍ഷിപ്പുകളും ഉപയോഗിച്ച് ടിസിഎസ് ബിസിനസ്സിന്റെ കുതിപ്പ് നിലനിര്‍ത്തി'' എന്ന് ബ്രാന്‍ഡ് ഫിനാന്‍സ് റിപ്പോര്‍ട്ടില്‍ പറഞ്ഞു.

  ''ടിസിഎസ് തങ്ങളുടെ ജീവനക്കാര്‍, ഉപഭോക്താക്കള്‍, കമ്മ്യൂണിറ്റികള്‍ എന്നിവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ കാണിക്കുന്ന പ്രതിബദ്ധത പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇത് എല്ലായ്‌പ്പോഴും, ദീര്‍ഘകാലാടിസ്ഥാനത്തില്‍ മികച്ച പ്രകടനത്തിലേക്ക് ബ്രാന്‍ഡിനെ നയിക്കുന്നു'', ബ്രാന്‍ഡ് ഫിനാന്‍സ് സിഇഒയും ചെയര്‍മാനുമായ ഡേവിഡ് ഹൈ പറഞ്ഞു.

  ''പുതിയ സാങ്കേതികവിദ്യകള്‍, ഗവേഷണം, നൂതനത്വം, ബൗദ്ധിക സ്വത്ത് തുടങ്ങിയവയിൽ പുതിയ സാധ്യതകളും ശേഷിയും കെട്ടിപ്പടുക്കുന്നതില്‍ ടിസിഎസ് നടത്തിയ സുസ്ഥിരമായ നിക്ഷേപത്തിലൂടെ ലോകമെമ്പാടുമള്ള പ്രമുഖ കോര്‍പ്പറേഷനുകളുടെ പങ്കാളിയായി ടിസിഎസ് മാറി'' എന്ന് കമ്പനി അതിന്റെ വെബ്‌സൈറ്റില്‍ പറയുന്നു.

  2021ലെ ശക്തമായ വരുമാന വളര്‍ച്ചയെ തുടര്‍ന്ന് ടിസിഎസ് ആദ്യമായി 25 ബില്യണ്‍ ഡോളര്‍ വരുമാനം നേടി. പ്രവര്‍ത്തന ലാഭം 25 ശതമാനത്തിലധികം ഉയര്‍ന്നു. ഇതോടെ ഐടി പ്രമുഖരായ ഐബിഎമ്മിനെ പിന്തള്ളി ടിസിഎസ് രണ്ടാം സ്ഥാനം ഉറപ്പിച്ചപ്പോള്‍ ഐബിഎം നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

  ഇന്ത്യ തങ്ങളുടെ ശക്തമായ ഐടി സേവന ബ്രാന്‍ഡുകളുടെയും ഡിജിറ്റല്‍ വൈദഗ്ധ്യമുള്ള ഒരു വലിയ തൊഴിലാളി സമൂഹത്തിന്റെയും സഹായത്തോടെ നിർമിത ബുദ്ധി, ഡാറ്റ അനലിറ്റിക്സ്, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് (ഐഒടി) എന്നിവയ്ക്കായുള്ള അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതില്‍ തുടർന്നും നിർണായകമായ പങ്ക് വഹിക്കും എന്നാണ് ബ്രാന്‍ഡ് ഫിനാന്‍സ് റിപ്പോര്‍ട്ട് പറയുന്നത്.

  ഇന്ത്യയിൽ നിന്ന് ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ, ടെക് മഹീന്ദ്ര എച്ച്‌സിഎല്‍ ടെക്‌നോളജീസ്, എല്‍ടിഐ എന്നീ ഐടി ഭീമന്മാർ ലോകത്തിലെ മികച്ച 25 ഐടി കമ്പനികളുടെ പട്ടികയിൽ ഇടംപിടിച്ചുവെന്നും റിപ്പോര്‍ട്ട് പറയുന്നു. ആഗോളതലത്തില്‍ അതിവേഗം വളരുന്ന ഐടി സേവന ബ്രാൻഡ് എന്ന നിലയിൽ ടിസിഎസിന് പിന്നാലെ ഇന്‍ഫോസിസാണ് മൂന്നാം സ്ഥാനത്തേക്ക് എത്തിയത്. കഴിഞ്ഞ വര്‍ഷം മുതല്‍ 52 ശതമാനം ബ്രാന്‍ഡ് മൂല്യ വളര്‍ച്ചയും 2020 മുതല്‍ 80 ശതമാനം വളര്‍ച്ചയും നേടി 12.8 ബില്യണ്‍ യുഎസ് ഡോളർ ബ്രാൻഡ് മൂല്യവുമായാണ് ഇന്‍ഫോസിസ് മൂന്നാം സ്ഥാനത്തെത്തിയത്. കഴിഞ്ഞ രണ്ട് വര്‍ഷമായി കോവിഡ് മഹാമാരി വെല്ലുവിളികൾ സൃഷ്‌ടിച്ച ഘട്ടത്തിലും കമ്പനി 80 ശതമാനം വളർച്ച രേഖപ്പെടുത്തിയത് ശ്രദ്ധേയമാണെന്നും ബ്രാന്‍ഡ് ഫിനാന്‍സ് റിപ്പോര്‍ട്ട് പറയുന്നു.

  കോവിഡ് -19 മഹാമാരിയുടെ കാലത്ത് ഡിജിറ്റല്‍ പരിവര്‍ത്തനം ത്വരിതഗതിയിലായപ്പോള്‍ വിപ്രോയും വരുമാനത്തിലും ബ്രാന്‍ഡ് മൂല്യത്തിലും ശക്തമായ വളര്‍ച്ച പ്രകടമാക്കിയെന്ന് റിപ്പോര്‍ട്ട് പറയുന്നു. വിവിധ മേഖലകളിലായി 58 പ്രോജക്ടുകളില്‍ ഒപ്പുവെച്ച എച്ച്‌സിഎല്‍ കഴിഞ്ഞ വര്‍ഷം 10 ശതമാനം വളര്‍ച്ച നേടി 6.1 ബില്യണ്‍ ഡോളറിന്റെ മൂല്യം സ്വന്തമാക്കി. ടെക് മഹീന്ദ്രയുടെ ബ്രാന്‍ഡ് മൂല്യം കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 45 ശതമാനം വര്‍ധിച്ച് 3 ബില്യണ്‍ ഡോളറായി. കേന്ദ്രീകൃത ബ്രാന്‍ഡ് നിര്‍മ്മാണ ശ്രമങ്ങളുടെ ഫലമാണ് വളര്‍ച്ചയെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

  അതേസമയം, ഇന്ത്യയിലെ ഐടി കമ്പനികൾ 2022ൽ ഒരു ലക്ഷത്തിലധികം ജീവനക്കാരെ നിയമിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വർഷം മുതൽ നിയമനങ്ങൾ വൻ തോതിൽ വർദ്ധിപ്പിച്ചിരുന്നെങ്കിലും 2022ലും നിയമനങ്ങൾ തുടരുമെന്ന് കമ്പനികൾ അറിയിച്ചു. ടിസിഎസ്, വിപ്രോ, ഇൻഫോസിസ് എന്നീ മൂന്ന് ഐടി ഭീമന്മാരും 2021ൽ 1.7 ലക്ഷം ജീവനക്കാരെ നിയമിച്ചിരുന്നു.

  2020ൽ ആകെ 31,000 പേരെ മാത്രമാണ് നിയമിച്ചതെന്നും കമ്പനികൾ വ്യക്തമാക്കി. കോവിഡ് മഹാമാരിക്കിടയിൽ ഇന്ത്യ കൂടുതൽ ഡിജിറ്റലായി മാറുന്ന സാഹചര്യത്തിലാണ് ഐടി കമ്പനികൾ നിയമനങ്ങളിൽ വൻ വർദ്ധനവ് രേഖപ്പെടുത്തുന്നത്. ഗ്ലോബൽ ഗ്രാജുവേറ്റ് റിക്രൂട്ട് പ്രോഗ്രാമിന്റെ ഭാഗമായി 2022 സാമ്പത്തിക വർഷത്തിൽ 55,000ലധികം പുതിയ ഉദ്യോഗാർത്ഥികളെ നിയമിക്കാൻ പദ്ധതിയിടുന്നതായി ഇന്ത്യയിലെ രണ്ടാമത്തെ വലിയ കമ്പനിയായ ഇൻഫോസിസ് അറിയിച്ചിരുന്നു.

  Meta AI Supercomputer | ലോകത്തിലെ ഏറ്റവും വേഗതയേറിയ AI സൂപ്പർ കമ്പ്യൂട്ടറിന്റെ നിർമ്മാണം 2022 അവസാനത്തോടെ പൂ‍ർത്തിയാകുമെന്ന് മെറ്റ

  ടാറ്റ കൺസൾട്ടൻസി സർവീസസും നിയമനങ്ങൾ തുടരുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, എത്ര പേരെ പുതുതായി നിയമിക്കുമെന്ന കാര്യത്തിൽ കമ്പനി വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. "നിയമനങ്ങൾ തുടരും, വരുന്ന പാദത്തിൽ എത്ര പേരെ നിയമിക്കുമെന്നതിൽ പ്രത്യേക കണക്കെടുപ്പ് നടത്തിയിട്ടില്ലെന്നും" ടിസിഎസിന്റെ മൂന്നാം പാദ ഫലങ്ങൾ പ്രഖ്യാപിക്കവെ കമ്പനിയുടെ ചീഫ് ഹ്യൂമൻ റിസോഴ്‌സ് ഓഫീസർ മിലിന്ദ് ലക്കാട് പറഞ്ഞു.
  Published by:Jayashankar AV
  First published: