പ്രമുഖ ഐടി (IT) കമ്പനികളായ ടിസിഎസ് (TCS), വിപ്രോ (Wipro), ഇൻഫോസിസ് (Infosys) എന്നിവ അടുത്തിടെ കമ്പനികളുടെ മൂന്നാംപാദ സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചിരുന്നു. കമ്പനികൾ എല്ലാം തന്നെ ഈ കാലയളവിൽ വൻ തോതിൽ സാമ്പത്തിക ലാഭം രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം മുതൽ നിയമനങ്ങൾ വൻ തോതിൽ വർദ്ധിപ്പിച്ചിരുന്നെങ്കിലും 2022ലും നിയമനങ്ങൾ തുടരുമെന്ന് കമ്പനികൾ അറിയിച്ചു. മൂന്ന് ഐടി ഭീമന്മാരും 2021ൽ 1.7 ലക്ഷം ജീവനക്കാരെ നിയമിച്ചിരുന്നു. 2020ൽ ആകെ 31,000 പേരെ മാത്രമാണ് നിയമിച്ചതെന്നും കമ്പനികൾ വ്യക്തമാക്കി. കോവിഡ് മഹാമാരിക്കിടയിൽ ഇന്ത്യ കൂടുതൽ ഡിജിറ്റലായി മാറുന്ന സാഹചര്യത്തിലാണ് ഐടി കമ്പനികൾ നിയമനങ്ങളിൽ വൻ വർദ്ധനവ് രേഖപ്പെടുത്തുന്നത്.
ഇൻഫോസിസ്
ഗ്ലോബൽ ഗ്രാജുവേറ്റ് റിക്രൂട്ട് പ്രോഗ്രാമിന്റെ ഭാഗമായി 2022 സാമ്പത്തിക വർഷത്തിൽ 55,000ലധികം പുതിയ ഉദ്യോഗാർത്ഥികളെ നിയമിക്കാൻ പദ്ധതിയിടുന്നതായി ഇന്ത്യയിലെ രണ്ടാമത്തെ വലിയ കമ്പനിയായ ഇൻഫോസിസ് ബുധനാഴ്ച അറിയിച്ചു. 2021 ഡിസംബറിൽ അവസാനിച്ച പാദത്തിലെ സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിക്കുന്നതിനിടെയാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. “മികച്ച പ്രതിഭകളെ കണ്ടെത്തുന്നതിനും പരിശീലനം നൽകുന്നതിനുമുള്ള നിക്ഷേപങ്ങൾക്ക് ഞങ്ങൾ മുൻഗണന നൽകുന്നത് തുടരും. കമ്പനിയുടെ വളർച്ചാ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനായി 2022 സാമ്പത്തിക വർഷത്തിൽ 55000ലധികം പേരെ നിയമിക്കുന്ന ഗ്രാജ്വേറ്റ് റിക്രൂട്ട്മെന്റ് പ്രോഗ്രാം നടപ്പിലാക്കുമെന്നും ഇൻഫോസിസ് ചീഫ് ഫിനാൻഷ്യൽ ഓഫീസർ നിലഞ്ജൻ റോയ് പറഞ്ഞു. 2021 ഡിസംബറിൽ കമ്പനിയിലെ മൊത്തം ജീവനക്കാരുടെ എണ്ണം 2,92,067 ആയി ഉയർന്നു. മുൻ പാദത്തിൽ ഇത് 2,79,617 ആയിരുന്നു.
ടിസിഎസ്
ടാറ്റ കൺസൾട്ടൻസി സർവീസസും നിയമനങ്ങൾ തുടരുമെന്ന് ബുധനാഴ്ച പ്രഖ്യാപിച്ചു. എത്ര പേരെ പുതുതായി നിയമിക്കുമെന്ന കാര്യത്തിൽ കമ്പനി വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. എന്നാൽ "നിയമനങ്ങൾ തുടരും, വരുന്ന പാദത്തിൽ എത്ര പേരെ നിയമിക്കുമെന്നതിൽ പ്രത്യേക കണക്കെടുപ്പ് നടത്തിയിട്ടില്ലെന്നും" ടിസിഎസിന്റെ മൂന്നാം പാദ ഫലങ്ങൾ പ്രഖ്യാപിക്കവെ കമ്പനിയുടെ ചീഫ് ഹ്യൂമൻ റിസോഴ്സ് ഓഫീസർ മിലിന്ദ് ലക്കാട് മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യൻ ഐടി ഭീമനായ ഈ സോഫ്റ്റ്വെയർ കയറ്റുമതി കമ്പനിയിലെ ആകെ ജീവനക്കാരുടെ എണ്ണം അടുത്തിടെ 2 ലക്ഷം കടന്നിരുന്നു. മാർച്ചോടെ 34,000 പുതിയ നിയമനങ്ങൾ നടത്തുമെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. ജനുവരി മുതൽ മാർച്ച് വരെയുള്ള പാദത്തിൽ കമ്പനി നിയമന നടപടികൾ തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്.
വിപ്രോ
2022-23 സാമ്പത്തിക വർഷത്തിൽ ഏകദേശം 30,000 പുതിയ ഉദ്യോഗാർത്ഥികളെ നിയമിക്കുമെന്നാണ് വിപ്രോ ബുധനാഴ്ച അറിയിച്ചത്. മുൻ വർഷത്തെ അപേക്ഷിച്ച് 2022 സാമ്പത്തിക വർഷത്തിൽ കാമ്പസ് റിക്രൂട്ട്മെന്റെ വഴി 70 ശതമാനത്തിലധികം പുതിയ പ്രതിഭകളെ നിയമിക്കാൻ തയ്യാറെടുക്കുകയാണ് വിപ്രോ. 2023 സാമ്പത്തിക വർഷത്തിൽ 30,000 ഫ്രെഷർമാരെ നിയമിക്കുമെന്ന് വിപ്രോയുടെ പ്രസിഡന്റും സിഎച്ച്ആർഒയുമായ സൗരഭ് ഗോവിൽ പറഞ്ഞു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.