ജീവിതത്തില്‍ പ്രതിസന്ധികളെ അഭിമൂഖീകരിക്കാതെ കടന്നുപോകാന്‍ ആര്‍ക്കും സാധിക്കില്ല. അന്നന്ന് കിട്ടുന്ന വരുമാനം കൊണ്ട് കുടുംബം പുലര്‍ത്തുന്ന സാധാരണക്കാരന്റെ കാര്യം പ്രത്യേകം പറയേണ്ടതില്ല. സാമ്പത്തിക ബുദ്ധിമുട്ടില്‍ നട്ടം തിരിയുന്ന ഒരു ശരാശരി മലയാളിയുടെ ജീവിതത്തില്‍ ഭാഗ്യത്തിന്റെ ചെറിയൊരു പ്രതീക്ഷ തെളിയിക്കുന്നവയാണ് കേരള സംസ്ഥാന ഭാഗ്യക്കുറികള്‍. തകര്‍ച്ചയുടെ വക്കില്‍ നിന്ന എത്രയോ പേരാണ് ഈ ഭാഗ്യം മൂലം സന്തോഷകരമായ ഒരു ജീവിതം തിരികെ പിടിച്ചത്. അങ്ങനെ ഭാഗ്യം തുണച്ചത് കൊണ്ട് മാത്രം ഇന്ന് തകര്‍ന്ന് പോയ ജീവിതം വെട്ടിപ്പിടിക്കാനുള്ള പോരാട്ടം തുടരുന്ന ഒരു യുവതിയുണ്ട് തിരുവനന്തപുരത്ത്.
തലസ്ഥാന നഗരത്തില്‍ വഴുതയ്ക്കാട് ഈശ്വരവിലാസം ജംഗ്ഷനില്‍ സ്വന്തം പേരിലുള്ള ഒരു ടീ ഷോപ്പ് നടത്തുന്ന ജയ ആണ് ആ ഭാഗ്യശാലി. ടീ ഷോപ്പിനൊപ്പം വലിയൊരു തുകയുടെ കടബാധ്യത കൂടി ഉണ്ടാക്കി വച്ച ശേഷമാണ് ജയയുടെ ഭര്‍ത്താവ് നാടുവിട്ടുപോയത്. ജീവിതം പകച്ചുപോയ നിമിഷങ്ങള്‍ മാറ്റിവെച്ച് ഏകമകനൊപ്പം പോരാടാന്‍ തന്നെ ജയ തീരുമാനിച്ചു. ഭര്‍ത്താവിന്റെ ചായക്കട ഏറ്റെടുത്ത് നടത്താന്‍ തീരുമാനിച്ച ജയ അതിനുവേണ്ടി കഠിനാധ്വാനം ചെയ്തു. ചായക്കട നടത്തി മുന്‍ പരിചയം ഇല്ലാത്തതിന്റെ ബുദ്ധിമുട്ടുകള്‍ ആദ്യ നാളുകളില്‍ നേരിട്ടെങ്കിലും സാവാധാനം അതിനെ തരണം ചെയ്ചാന്‍ ജയയ്ക്ക് സാധിച്ചു.
Also Read-തിരുവോണം ബമ്പർ 25 കോടി ലഭിച്ച അനൂപ് ഇനി ഭാഗ്യക്കുറി കച്ചവടത്തിലേക്ക്
നാട്ടുകാരും പരിസരത്തെ ഓട്ടോ ഡ്രൈവര്‍മാരും പിന്തുണ നല്‍കിയതോടെ ജയയുടെ കട വിജയം കണ്ടു. ഇതിനിടെ ഒരു സ്ഥാപനത്തിലെ ക്ലീനിങ് ജോലിയും ജയ ചെയ്തു തുടങ്ങി.
അപ്പോഴും ഭര്‍ത്താവ് വരുത്തിവെച്ച കടബാധ്യത ഒരു ചോദ്യ ചിഹ്നമായി അവശേഷിച്ചു. ഒരു ദിവസം ചില്ലറമാറാനായി ക്ലീനിങ് ജോലി ചെയ്യുന്ന സ്ഥാപനത്തിന് സമീപത്ത് നിന്നും ജയ ഒരു സീരിസിലുള്ള അഞ്ച് ലോട്ടറികള്‍ വാങ്ങി. പക്ഷെ ജോലി തിരക്കുകള്‍ക്കിടയില്‍ ഫലം നോക്കാന്‍ ജയ മറന്നുപോയി. ലോട്ടറി വാങ്ങിയ കാര്യം പോലും വിട്ടുപോയി. പിന്നീട് ഏറെ നാളുകള്‍ക്ക് ശേഷം അവിചാരതമായി താനെടുത്ത ലോട്ടറിയുടെ ഫലം പരിശോധിച്ച ജയ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. ഭാഗ്യദേവത ജയയെ തുണച്ചിരിക്കുന്നു. 5 ടിക്കറ്റിന് 5000 രൂപ വെച്ച് 25000 രൂപ സമ്മാനമായി ജയയ്ക്ക് ലഭിച്ചു.
ലോട്ടറി ടിക്കറ്റ് നൽകി പണം വാങ്ങാനായി ചെന്നപ്പോൾ സ്വാഭാവികമായും കുറച്ച് തുകയ്ക്ക് ടിക്കറ്റ് കൂടി നൽകുന്ന പതിവ് ഏജൻസിക്കാർക്കുണ്ട്. അതിവിടെയും ആവർത്തിച്ചു. അന്നെടുത്ത ടിക്കറ്റിന് ലഭിച്ചത് 12000 രൂപയായിരുന്നു. ആ ലോട്ടറി മാറാൻ പോയപ്പോൾ വീണ്ടും ടിക്കറ്റ് എടുക്കുകയും അതിനും സമ്മാനം ലഭിക്കുകയും ചെയ്തു. അന്ന് ലഭിച്ചത് 60000 രൂപയായിരുന്നു. വീണ്ടും ഈ സംഭവം തന്നെ ആവർത്തിച്ചു. ലഭിച്ചത് 6000 രൂപ. അതോടുകൂടി ആ ഘട്ടം അവസാനിച്ചു.
Also Read- പതിനാറുകോടി ലഭിച്ച ആ ഭാഗ്യശാലി എത്തി; പേരും വിവരങ്ങളും വെളിപ്പെടുത്തില്ല
അതിനുശേഷം ജയ അവിടെ നിന്നും ടിക്കറ്റ് എടുത്തില്ല. രണ്ടുദിവസത്തിന് ശേഷം മറ്റൊരു ഏജൻസിയിൽ നിന്നും അപ്രതീക്ഷിതമായി വീണ്ടും ജയയ്ക്ക് ടിക്കറ്റ് എടുക്കേണ്ടി വന്നു. അപ്പോഴും ജയയെ ഭാഗ്യം തുണച്ചു. ആ ടിക്കറ്റിനും ലഭിച്ചു 8000 രൂപ. പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പമെത്തിയ ഭാഗ്യം പിന്നീട് ജയയെ വിട്ടുപോയില്ല എന്ന് സാരം.
സ്വന്തമായി ഒരു വീട്, ഏകമകൻ്റെ വിദ്യാഭ്യാസം. ഇങ്ങനെ ഒരു ശരാശരി മലയാളിക്കുള്ള ചെറിയ ആഗ്രഹം മാത്രമാണ് ജയയ്ക്കുള്ളത്. ആ മോഹങ്ങൾക്ക് അടിത്തറയൊരുക്കിയത് ലോട്ടറി ടിക്കറ്റിലൂടെ ലഭിച്ച സമ്മാനത്തുകയും. നഷ്ടപ്പെടുമെന്ന് കരുതിയ ജീവിതം തിരിച്ചു നല്കിയ സർവ്വേശ്വരനോട് നന്ദി പറയുകയാണ് ജയ. ആഗ്രഹങ്ങള്‍ എല്ലാം സാക്ഷാത്കരിക്കാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസത്തോടെ..
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.