• HOME
  • »
  • NEWS
  • »
  • money
  • »
  • Anti Bullying Squad| വിദ്യാർത്ഥികൾക്ക് നേരെയുള്ള അതിക്രമം തടയാൻ മൊബൈൽ ആപ്പുമായി 13കാരി; 50 ലക്ഷം രൂപ നിക്ഷേപം

Anti Bullying Squad| വിദ്യാർത്ഥികൾക്ക് നേരെയുള്ള അതിക്രമം തടയാൻ മൊബൈൽ ആപ്പുമായി 13കാരി; 50 ലക്ഷം രൂപ നിക്ഷേപം

'കവച്' എന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെ വിദ്യാര്‍ത്ഥികൾക്കും രക്ഷിതാക്കൾക്കും അധിക്ഷേപകരമായ സംഭവങ്ങൾ പേര് വെളിപ്പെടുത്താതെ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയും.

  • Share this:
    അഞ്ച് വര്‍ഷം മുമ്പ് തന്റെ സ്‌കൂളിലെ (School) ഒരു ചടങ്ങിനിടെ സഹ വിദ്യാര്‍ത്ഥിനി പലരുടെയും പരിഹാസത്തിനിരയായ (Bullying) കാഴ്ച അനൗഷ്‌ക ജോളിയുടെ മനസ്സിൽ ആഴത്തില്‍ പതിഞ്ഞിരുന്നു. ആ സംഭവം 13കാരിയായ ജോളിയെ സംബന്ധിച്ചിടത്തോളം, ഇത്തരം അധിക്ഷേപങ്ങൾ അവസാനിപ്പിക്കുന്നതിന് ഒരു സാമൂഹിക സംരംഭം ആരംഭിക്കുന്നതിനുള്ള പ്രേരണയായി മാറി. ഇത്തരം സംഭവങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പേര് വെളിപ്പെടുത്താതെ റിപ്പോര്‍ട്ട് ചെയ്യാനുള്ള വേദി ഒരുക്കുന്നതിലേക്കാണ് നയിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സാമൂഹിക സംഘടനകള്‍, വിദഗ്ദ്ധര്‍ എന്നിവരുടെ സഹായത്തോടെ ആരംഭിച്ച 'ആന്റി ബുള്ളിയിംഗ് സ്‌ക്വാഡ് (ABS - Anti Bullying Squad)' എന്ന പ്ലാറ്റ്‌ഫോം 100ലധികം സ്‌കൂളുകളിലും യൂണിവേഴ്സിറ്റികളിലും നിന്നുമുള്ള രണ്ടായിരത്തിലധികം വിദ്യാര്‍ത്ഥികളെ ഗുണപരമായി സ്വാധീനിച്ചതായി ജോളി പറയുന്നു. മൂന്ന് വർഷം മുമ്പാണ് ഈ പെൺകുട്ടി ഇത്തരമൊരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമിന് തുടക്കമിട്ടത്.

    എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ജോളി അവതരിപ്പിച്ച 'കവച്' എന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെ വിദ്യാര്‍ത്ഥികൾക്കും രക്ഷിതാക്കൾക്കും അധിക്ഷേപകരമായ സംഭവങ്ങൾ പേര് വെളിപ്പെടുത്താതെ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയും. അതിലൂടെ സ്‌കൂളുകള്‍ക്കും കൗണ്‍സിലര്‍മാര്‍ക്കും ഉചിതമായ രീതിയില്‍ ഇടപെടാനും നടപടിയെടുക്കാനും അവസരം ലഭിക്കുകയും ചെയ്യും. ''ഒരു പെണ്‍കുട്ടി അധിക്ഷേപത്തിന് ഇരയായ സംഭവം എന്റെ ഓര്‍മ്മയിലുണ്ട്. എനിക്ക് അവളുടെ മുഖം ഇപ്പോഴും മറക്കാന്‍ കഴിയുന്നില്ല'', ഒമ്പത് വയസുള്ളപ്പോൾ സാക്ഷ്യം വഹിച്ച സംഭവത്തെക്കുറിച്ച് ഓർത്തുകൊണ്ട് ജോളി പറഞ്ഞു.

    Also Read-Google | 2021ൽ കണ്ടെത്തിയത് 232 സുരക്ഷാ പാളിച്ചകൾ; ഇന്ത്യയിലെ സാങ്കേതികവിദ്യാ വിദഗ്ദ്ധന് ഗൂഗിളിന്റെ ആദരം

    ''ഞാന്‍ സ്‌കൂള്‍ വാര്‍ഷിക ദിനത്തില്‍ പങ്കെടുക്കുകയായിരുന്നു. എന്റെ സുഹൃത്തുക്കള്‍ ഒരു ആറ് വയസ്സുകാരിയ്ക്ക് നേരെ പരിഹാസവാക്കുകൾ ചൊരിയാന്‍ തീരുമാനിച്ചു. അവര്‍ അവളുടെ അടുത്തേക്ക് നടന്ന് ചെല്ലുകയും പല പേരുകളും വിളിച്ച് അവളെ അധിക്ഷേപിക്കുകയും പരിഹസിച്ച് ചിരിക്കുകയും ചെയ്തു. ക്രമേണ, ഇത്തരം സംഭവങ്ങൾ എത്രത്തോളം സാധാരണമാണെന്ന് ഞാന്‍ മനസ്സിലാക്കി. എന്റെ പ്രായത്തിലുള്ള മറ്റ് നിരവധി കുട്ടികളും ഇത്തരം പീഡനങ്ങൾക്ക് ഇരയാകുന്നതും അവരുടെ ആത്മവിശ്വാസം നഷ്ടപ്പെടുന്നതും ഞാൻ കണ്ടിട്ടുണ്ട്,'' ജോളി പറഞ്ഞു.

    ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമെന്ന് നിലയില്‍ ജോളി തയ്യാറാക്കിയ സംരംഭം, ടിവി റിയാലിറ്റി ഷോയായ ഷാര്‍ക്ക് ടാങ്ക് ഇന്ത്യയില്‍ (Shark Tank India) അവതരിപ്പിച്ചു. അവിടെ സംരംഭകത്വ ആശയം അവതരിപ്പിച്ച ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ത്ഥിയായി മാറിയ ജോളിക്ക് ഇതിലൂടെ 50 ലക്ഷം രൂപയുടെ ധനസഹായം ലഭിക്കുകയും ചെയ്തു. ഗുരുഗ്രാമിലെ പാത്ത്‌വെയ്‌സ് സ്‌കൂളിലെ ഈ വിദ്യാര്‍ത്ഥിനി തന്റെ പ്ലാറ്റ്‌ഫോമിലൂടെ ആന്റി-ബുള്ളിയിംഗ് അംബാസഡർമാരുടെ ശക്തമായ ശൃംഖല നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്നു. പ്ലാറ്റ്ഫോമിലൂടെയും ആപ്ലിക്കേഷനിലൂടെയും നേരിട്ടോ അല്ലാതെയോ ഗുണഭോക്താക്കളായവരുടെ പുരോഗതി ഈ അംബാസഡർമാർ ട്രാക്ക് ചെയ്യും.

    ''അനേകം ആളുകളെ മുറിവേല്‍പ്പിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്ന അധിക്ഷേപങ്ങളെക്കുറിച്ച് അവബോധം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഞാന്‍ മൂന്ന് വര്‍ഷത്തിലേറെയായി എബിഎസ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമിന് വേണ്ടി പ്രവര്‍ത്തിപ്പിക്കുന്നു. ഇത്തരം സംഭവങ്ങൾക്കെതിരെ വിദഗ്ധർക്ക് സ്‌കൂളുകളില്‍ പരിപാടികൾ സംഘടിപ്പിക്കുന്നതിനുള്ള ഒരു കമ്മ്യൂണിറ്റിയായി ഈ പ്ലാറ്റ്‌ഫോം പ്രവര്‍ത്തിക്കുന്നു'', ജോളി പിടിഐയോട് പറഞ്ഞു.

    Also Read-WhatsApp | ഉയർന്ന റെസൊല്യൂഷനിലുള്ള ചിത്രങ്ങൾ വാട്സ്ആപ്പിലൂടെ എങ്ങനെ പങ്കുവെയ്ക്കാം?

    ഭീഷണി/അധിക്ഷേപം തടയുന്നതിനുള്ള പ്രതിജ്ഞയെടുക്കുന്നതിനൊപ്പം ഇത്തരം സംഭവങ്ങളുടെ അനന്തരഫലങ്ങളെക്കുറിച്ച് ആളുകളെ ബോധ്യപ്പെടുത്താനും പ്ലാറ്റ്‌ഫോം സഹായിക്കുന്നു. ബുള്ളിയിങ് വിരുദ്ധ സന്ദേശങ്ങളും ഈ പ്ലാറ്റ്‌ഫോം പ്രചരിപ്പിക്കുന്നുണ്ടെന്ന് ജോളി പറഞ്ഞു. ''ഇത്തരം സംഭവങ്ങളില്‍ ഭൂരിഭാഗവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ലെന്നും അതിനാല്‍ അവ പരിഹരിക്കപ്പെടുന്നില്ലെന്നും എന്റെ പരിശ്രമത്തിനിടെ ഞാന്‍ മനസ്സിലാക്കി. അതിനാല്‍, സംഭവങ്ങള്‍ പേര് വെളിപ്പെടുത്താതെ തന്നെ റിപ്പോര്‍ട്ട് ചെയ്യാൻ കഴിയുന്ന ഒരു മൊബൈല്‍ ആപ്പ് സൃഷ്ടിക്കുക എന്ന ആശയത്തില്‍ ഞാന്‍ എത്തി'', ജോളി വിശദീകരിച്ചു.

    ''ഈ ആശയം ഷാർക്ക് ടാങ്കിലെ വിധികർത്താക്കൾ സ്വീകരിച്ചു. ആപ്പിന്റെ പ്രവർത്തനങ്ങൾ വിപുലപ്പെടുത്താൻ അവരില്‍ രണ്ട് പേര്‍ 50 ലക്ഷം രൂപ നിക്ഷേപം നടത്താൻ തയ്യാറായി മുന്നോട്ടു വരികയും ചെയ്തു'', ജോളി പറഞ്ഞു. ആഗോള സംരംഭക റിയാലിറ്റി ഷോയായ ഷാര്‍ക്ക് ടാങ്കിന്റെ തദ്ദേശീയ പതിപ്പാണ് ഷാര്‍ക്ക് ടാങ്ക് ഇന്ത്യ. ഇന്ത്യയില്‍ നിലവില്‍ ഷോയുടെ ആദ്യ സീസണ്‍ ആണ് നടക്കുന്നത്. ഇതുവരെ ഷാര്‍ക്ക് ടാങ്കിൽ 50,000 അപേക്ഷകളില്‍ നിന്ന് 198 മത്സരാർത്ഥികളെയാണ് തിരഞ്ഞെടുത്തത്.
    പീപ്പിള്‍ ഗ്രൂപ്പിന്റെ (ശാദി ഡോട്ട് കോം) സ്ഥാപകനും സിഇഒയുമായ അനുപം മിത്തല്‍, ബോട്ടിന്റെ സഹസ്ഥാപകന്‍ അമന്‍ ഗുപ്ത എന്നിവരാണ് ജോളിയുടെ സംരംഭത്തിന് വേണ്ടി പണം നിക്ഷേപകുന്നത്.

    ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെയും സംരംഭകന്റെയും മകളായ ജോളിക്ക് തന്റെ സംരംഭകത്വ യാത്ര മുന്നോട്ട് കൊണ്ടുപോകാന്‍ കൃത്യമായ പദ്ധതിയുണ്ട്. സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ തുടര്‍ന്ന് പഠിക്കേണ്ടതെന്തെന്ന് മിടുക്കിയായ ഈ പെൺകുട്ടി തീരുമാനിച്ചിട്ടില്ല. ''എനിക്ക് ഒരു സംരംഭകയാകാന്‍ മാത്രമേ ഇപ്പോൾ ആഗ്രഹമുള്ളൂ, ഞാന്‍ ഈ സംരംഭം മുന്നോട്ട് കൊണ്ടുപോകും. ആന്റിബുള്ളിയിംഗ് സന്ദേശങ്ങള്‍ കൂടുതല്‍ കുട്ടികളിലേക്ക് എത്തുന്നതിനായി രാജ്യത്തുടനീളവും ലോകമെമ്പാടും വെബിനാറുകളും ചര്‍ച്ചകളും സംഘടിപ്പിക്കുന്നതിനായി 'കവച്' ആപ്പിന്റെ പ്രവർത്തനങ്ങൾ വിപുലപ്പെടുത്താനാണ് ഞാന്‍ ആഗ്രഹിക്കുന്നത്'', ജോളി കൂട്ടിച്ചേര്‍ത്തു.

    ''സ്‌കൂളുകളിലും കാമ്പസുകളിലും വിദ്യാർത്ഥികൾക്ക് നേരിടേണ്ടി വരുന്ന പീഡനവും മറ്റ് അധിക്ഷേപങ്ങളും അവസാനിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഈ വിഷയത്തെക്കുറിച്ച് അവബോധം വ്യാപിപ്പിക്കുന്നതോടൊപ്പം യുവാക്കളെ ശാക്തീകരിക്കുകയും ചെയ്യുന്നു. തങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും വേണ്ടി നിലകൊള്ളുന്ന അനൗഷ്‌ക ജോളിയുടെ പ്രവർത്തനങ്ങളിൽ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്'', ഗുരുഗ്രാമിലെ പാത്ത്‌വെയ്‌സ് സ്‌കൂളിന്റെ ഡയറക്ടര്‍ ക്യാപ്റ്റന്‍ രോഹിത് സെന്‍ ബജാജ് പറഞ്ഞു.
    Published by:Naseeba TC
    First published: