മടക്കാവുന്ന സ്മാര്‍ട്ട്ഫോണുകളുടെ (Foldable Smartphone) ഷിപ്പ്മെന്റ് 2025ല്‍ 27.6 ദശലക്ഷം യൂണിറ്റോളമാകാൻ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. മടക്കാവുന്ന ഫോണുകള്‍ 2025ല്‍ 29 ബില്യണ്‍ ഡോളറിന്റെ വിപണി മൂല്യത്തില്‍ എത്തുമെന്ന് ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷന്‍ (ഐഡിസി) പ്രവചിക്കുന്നു. മടക്കാവുന്ന ഫോണുകളുടെ ലോകമെമ്പാടുമുള്ള കയറ്റുമതി (ഫ്‌ളിപ്പ്, ഫോള്‍ഡ് ഘടകങ്ങള്‍ ഉള്‍പ്പെടെ) 2021ല്‍ 7.1 ദശലക്ഷം യൂണിറ്റിലെത്തി. 2020ല്‍ ഷിപ്പ് ചെയ്ത 1.9 ദശലക്ഷം യൂണിറ്റുകളെ അപേക്ഷിച്ച് 264.3 ശതമാനം വര്‍ദ്ധനവാണ് 2021ല്‍ രേഖപ്പെടുത്തിയത്. കൊറിയന്‍ കമ്പനി സാംസങ്ങിന്റെ (Samsung) 2021ലെ വളര്‍ച്ചയുടെ പ്രധാന കാരണം ഫോൾഡബിൾ ഫോണുകളുടെ വിജയമാകാമെന്നും റിപ്പോര്‍ട്ട് പറയുന്നു.
''സാംസങ്ങിന്റ ഫോൾഡബിൾ ഫോണുകളുടെ വിജയം മൂലം ഈ വിഭാഗത്തില്‍ വിപണിയില്‍ പ്രവേശിക്കാനായി എതിരാളികൾ ധൃതി കൂട്ടുകയാണ്'', ഐഡിസിയുടെ വേള്‍ഡ് വൈഡ് ക്വാര്‍ട്ടര്‍ലി മൊബൈല്‍ ഫോണ്‍ ട്രാക്കര്‍ റിസര്‍ച്ച് മാനേജര്‍ ആന്റണി സ്‌കാര്‍സെല്ല പറഞ്ഞു. ''മടക്കാവുന്ന ഫോണുകള്‍ സാംസങ്ങ് ഗാലക്‌സി ഇസ്ഡ് ഫ്‌ളിപ്പ്, ഗാലക്‌സി ഇസ്ഡ് ഫോള്‍ഡ് എന്നിവയുടെ വിടവ് നികത്താൻ സഹായിച്ചു. പുതിയ ഉപഭോക്താക്കളെ ബ്രാന്‍ഡിലേക്ക് ആകര്‍ഷിക്കാനും ഇത് കാരണമായി''. സ്‌കാര്‍സെല്ല കൂട്ടിച്ചേര്‍ത്തു.
ഫ്‌ളിപ്പ് 3ന്റെ പുതിയ ഡിസൈന്‍, പോക്കറ്റിൽ ഒതുങ്ങുന്ന തരത്തിലുള്ള അതിന്റെ ഫോൾഡിങ് വലിപ്പം മൂലം വിജയമായി മാറി. വലിയ സെക്കന്റ് ഡിസ്‌പ്ലേയും അതിനെ ജനപ്രിയമാക്കി. 999 ഡോളര്‍ (ഏകദേശം 75000 രൂപ) വിലയും ആകർഷകമായിരുന്നു. പുതിയ ഫോള്‍ഡ് 3യിലും വലിയ മാറ്റങ്ങള്‍ ദൃശ്യമാണ്. വില കൂടുതലായിട്ടും ഈ മോഡല്‍ ഒരു പ്രധാന ഉല്‍പ്പന്നമായി തുടരുന്നു.
ഫോള്‍ഡബിള്‍ ഫോണുകള്‍ കമ്പനികള്‍ക്ക് മികച്ച അവസരമാണ് നല്‍കുന്നത്. ഫോണിനും ടാബ്ലെറ്റിനും പകരമായി ഫോള്‍ഡബിള്‍ ഫോണുകള്‍ മാറുന്നതിനും നാം സാക്ഷ്യം വഹിക്കുന്നു. ''മറ്റ് കമ്പനികളും ഈ വര്‍ഷം പുതിയ ഫോള്‍ഡബിൾ ഫോണുകൾ പുറത്തിറക്കിയിട്ടുണ്ട്. അവയുടെ ജനപ്രീതി വര്‍ദ്ധിക്കുന്നതിനനുസരിച്ച് കൂടുതല്‍ കമ്പനികൾ സാംസങ്ങിനോടൊപ്പം ഫോൾഡബിൾ ഫോൺ വിപണിയിൽ എത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു'', ഐഡിസി പറഞ്ഞു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.