ശതകോടീശ്വരൻ ഇലോൺ മസ്ക് (Elon Musk) ട്വിറ്റർ (Twitter) ഏറ്റെടുക്കാൻ പോകുന്നു എന്ന വാർത്തയെ ആകാംക്ഷയോടെയാണ് സോഷ്യൽ ലോകം നോക്കിക്കാണുന്നത്. ഒരു വിഭാഗം മസ്ക് ട്വിറ്റർ ഏറ്റെടുക്കുന്നതിനെ മഹത്തരമായി കാണുമ്പോള്‍ ഇതേക്കുറിച്ച് ആശങ്കപ്പെടുന്നവരുമുണ്ട്.
ഏതായാലും മസ്കിന്റെ കയ്യിലേക്ക് ലോകത്തിലെ തന്നെ ഏറ്റവും വലിയ സമൂഹമാധ്യമങ്ങളിലൊന്നായ ട്വിറ്റർ എത്തിച്ചേരുമ്പോൾ മാറ്റങ്ങൾ പലതും സംഭവിക്കുമെന്നുറപ്പ്. ട്വിറ്ററിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് ഇലോൺ മസ്ക് മുൻപ് പല തവണ തുറന്നു പറഞ്ഞിട്ടുമുണ്ട്.
ട്വിറ്ററിൽ പ്രധാനമായും അഞ്ച് മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് ഏറ്റെടുക്കൽ വാർത്ത പ്രഖ്യാപിച്ചതിനു ശേഷം ഇലോൺ മസ്ക് അറിയിച്ചിരിക്കുന്നത്. സോഫ്റ്റ്വെയർ ഡെവലപ്പറായ പ്രണയ് പത്തോളെ എന്നയാളുടെ ട്വീറ്റിന് മറുപടി ആയാണ് ട്വിറ്ററിൽ വരുത്താൻ ആഗ്രഹിക്കുന്ന മാറ്റങ്ങളെക്കുറിച്ച് മസ്ക് തുറന്നു പറഞ്ഞത്.
ട്വിറ്ററിന്റെ അൽഗോരിതം ഒരു ഓപ്പൺ സോഴ്സ് ആക്കും എന്നതാണ് മസ്ക് വരുത്താൻ പോകുന്ന മാറ്റങ്ങളിൽ ഒന്ന്. ട്വിറ്ററിൽ നിന്നും സ്കാം ബോട്ടുകൾ ഇല്ലാതാക്കുന്നതാണ് (scam bots) മറ്റൊരു മാറ്റം. ട്വിറ്റർ ഉപഭോക്താക്കൾ ആകാംക്ഷയോടെ കാത്തിരുന്ന എഡിറ്റ് ബട്ടൺ അവതരിപ്പിക്കുന്നതാണ് ആകർഷകമായ മറ്റൊരു കാര്യം. ഏപ്രിൽ അഞ്ചിന് ഇലോൺ മസ്കിന്റെ ട്വിറ്റര്‍ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പോളിലെ ചോദ്യം ട്വിറ്ററിൽ എഡിറ്റ് ബട്ടൺ വേണോ എന്നായിരുന്നു. ഭൂരിഭാഗം പേരും എഡിറ്റ് ബട്ടൺ വേണം എന്നാണ് പറഞ്ഞത്. ഉപയോക്താക്കൾക്ക് അവരുടെ ട്വീറ്റുകൾ പോസ്റ്റ് ചെയ്തതിന് ശേഷം എഡിറ്റ് ചെയ്യാനുള്ള സൗകര്യം നൽകുന്നതായിരിക്കും പുതിയ ഫീച്ചർ.
സ്വതന്ത്രമായ അഭിപ്രായ പ്രകടനം അനുവദിക്കുന്നതായിരിക്കും ട്വിറ്ററിൽ ഇലോൺ മസ്ക് അവതരിപ്പിക്കുന്ന മറ്റൊരു ശ്രദ്ധേയമായ മാറ്റം. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ നിയന്ത്രണ ചട്ടക്കൂടുകളെ പല തവണ മസ്ക് വിമർശിച്ചിട്ടുണ്ട്. ട്വിറ്റർ സ്വന്തമാക്കിയാൽ സ്വതന്ത്രമായ അഭിപ്രായപ്രകടനം ഉറപ്പു വരുത്തും എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. അഭിപ്രായ സ്വാതന്ത്ര്യമുള്ള പ്ലാറ്റ്ഫോം ആയി മാറണമെങ്കില്‍ ട്വിറ്റര്‍ സ്വകാര്യ ഉടമസ്ഥതയിലുള്ളതാവണം എന്നായിരുന്നു മസ്കിന്റെ നിലപാട്. എന്നാൽ, ട്വിറ്ററിൽ പ്രത്യക്ഷപ്പെടുന്ന തെറ്റായ വിവരങ്ങൾ, വ്യാജവാർത്തകൾ, വിദ്വേഷ പ്രസംഗങ്ങൾ എന്നിവ എങ്ങനെ തടയാം എന്നതു സംബന്ധിച്ച് ഇനിയും പദ്ധതികൾ ആവിഷ്കരിക്കേണ്ടിയിരിക്കുന്നു.
ട്വിറ്ററിലെ വേരിഫിക്കേഷൻ നടപടികൾ ലളിതമാക്കുമെന്നും പത്തോളെക്കു നൽകിയ മറുപടിയിൽ ഇലോൺ മസ്ക് വ്യക്തമാക്കിയിട്ടുണ്ട്.
43 ബില്യന്‍ ഡോളറിനാണ് (മൂന്ന് ലക്ഷം കോടി രൂപ) ഇലോൺ മസ്ക് ട്വിറ്റർ സ്വന്തമാക്കുന്നത്. മസ്കിന്റെ ഉടമസ്ഥതയിലേക്ക് മാറുന്നതോടെ ട്വിറ്റര്‍ പൂര്‍ണമായും സ്വകാര്യ കമ്പനിയായി മാറും.
ലോകത്തിലെ ഏറ്റവും വലിയ ധനികനും ടെസ്ല കമ്പനിയുടെ സിഇഒയുമാണ് ഇലോണ്‍ മസ്ക്. ഇലോണ്‍ മസ്കിന്റെ ആസ്തിയുടെ മൂന്നില്‍ രണ്ടും അദ്ദേഹം 2003 ല്‍ സ്ഥാപിച്ച ഇലക്ട്രിക് വാഹന കമ്പനിയായ ടെസ്ലയുടേതാണെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. മസ്കിന്റെ ആകെ ആസ്തിയുടെ ഭൂരിഭാഗവും ടെസ്ലയുടെ ഓഹരികളുമായി ബന്ധപ്പെട്ടുള്ളതാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.