ലോകത്ത് എവിടെയിരുന്നും ജോലി ചെയ്യാൻ പറ്റുന്ന രീതി അഥവാ വർക്ക് ഫ്രം ഹോമിന് (work from home) കാലമേറെയായി പ്രചാരമുണ്ട്. എന്നാൽ പല കമ്പനികളും ഈ രീതി ഏറ്റവും കൂടുതൽ നടപ്പിലാക്കിയത് കോവിഡ് (Covid) മഹാമാരിക്കാലത്താണ്. വർക്ക് ഫ്രം ഹോമിനോട് അതുവരെ മുഖം തിരിച്ചു നിന്നിരുന്ന പല കമ്പനികളും നിവൃത്തിയില്ലാതെ ആ രീതി നടപ്പിലാക്കി. സാധാരണയായി ഐടി (IT) മേഖലയിൽ ജോലി ചെയ്യുന്നവരാണ് അതുവരെ വർക്ക് ഫ്രം ഹോം സേവനം കൂടുതലായി ഉപയോഗപ്പെടുത്തിയിരുന്നത്. എന്നാൽ മഹാമാരിക്കാലത്ത് വിവിധ മേഖലകൾ ജീവനക്കാരെ വീടുകളിലിരുന്നു ജോലി ചെയ്യാൻ അനുവദിച്ചു. ക്രമേണ അതൊരു ട്രൻഡ് ആയി മാറി. ജീവനക്കാരുടെ യാത്രാച്ചെലവ് കുറയൽ, സമയലാഭം അങ്ങനെ പല ഗുണങ്ങളും വർക്ക് ഫ്രം ഹോമിനുണ്ട്. വാടക, കറണ്ട് ബിൽ, തുടങ്ങിയവ ലാഭിക്കാം എന്നതിനാൽ ചില കമ്പനികൾ പൂർണമായും വർക്ക് ഫ്രം ഹോം രീതിയിലേക്ക് മാറിയിരുന്നു.
എന്നാൽ കോവിഡ് ഒന്നൊടങ്ങി ജനജീവിതം സാധാരണ രീതിയിലായതോടെ പല കമ്പനികളും ജീവനക്കാരെ ഓഫീസുകളിലേക്ക് തിരിച്ചുവിളിച്ചു തുടങ്ങി എന്ന വാർത്തകളാണ് സമീപകാലത്തായി പുറത്തുവരുന്നത്. എന്നാൽ 95 ശതമാനം ടിസിഎസ് (TCS) ജീവനക്കാരും ഇപ്പോഴും വീടുകളിൽ ഇരുന്നാണ് ജോലി ചെയ്യുന്നത്. ആഴ്ചയിൽ മൂന്ന് ദിവസം എന്ന കണക്കിൽ കമ്പനി അൻപതിനായിരത്തോളം മുതിർന്ന ജീവനക്കാരെ ഓഫീസിലേക്ക് തിരിച്ചുവിളിക്കാൻ ഒരുങ്ങുകയാണെന്നും മണി കൺട്രോൾ (moneycontrol) റിപ്പോർട്ട് ചെയ്യുന്നു. ഈ മാസം മുതൽ തന്നെ ജീവനക്കാർ ഓഫീസിൽ എത്തിത്തുടങ്ങും. സാവധാനം കൂടുതൽ ജീവനക്കാരെ ഓഫീസിലേക്ക് തിരിച്ചെത്തിക്കാനാണ് തങ്ങളുടെ പദ്ധതിയെന്ന് കമ്പനി സിഇഒയും എംഡിയുമായ രാജേഷ് ഗോപിനാഥൻ പറയുന്നു. ഈ സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ ഓഫീസിൽ വന്ന് ജോലി ചെയ്യുന്ന 20 ശതമാനം ജീവനക്കാരും വർക്ക് ഫ്രം ഹോം സേവനം ഉപയോഗപ്പെടുത്തുന്ന 80 ശതമാനം ജീവനക്കാരും ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2020 ലാണ് ടിസിഎസ് 25 x 25 x 25 വർക്ക് ഫ്രം ഹോം (25 x 25 x 25 work-from-home model) രീതി നടപ്പിലാക്കിത്തുടങ്ങിയത്. ഈ രീതി അനുസരിച്ച് 2025-ഓടെ കമ്പനിയിലെ 25 ശതമാനം ജീവനക്കാർക്കു മാത്രമേ ഓഫീസിലെത്താതെ ജോലി ചെയ്യാനാകൂ. ജീവനക്കാർ അവരുടെ സമയത്തിന്റെ 25 ശതമാനത്തിൽ കൂടുതൽ ജോലിയിൽ ചെലവഴിക്കേണ്ടതില്ല.
2022 സാമ്പത്തിക വർഷത്തിലെ കണക്ക് അനുസരിച്ച് 592,195 പേരാണ് ടിസിഎസിൽ ജോലി ചെയ്യുന്നത്. ഇതിൽ ഒരു ലക്ഷത്തിലേറെ ആളുകൾ കമ്പനിയിൽ പ്രവേശിച്ചതും ഇതേ കാലയളവിലാണ്.
തങ്ങൾ തയ്യാറാക്കിയ 25 x 25 x 25 മോഡലിനെക്കുറിച്ച് തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും അത് കൂടുതൽ ഘടനാപരമായ രീതിയിൽ നടപ്പിലാക്കണമെന്നും രാജേഷ് ഗോപിനാഥൻ പറഞ്ഞു. ഈ വർഷം പകുതിയോടെ 80-20 മോഡൽ (20 ശതമാനം വർക്ക് ഫ്രം ഹോമും 80 ശതമാനം ഓഫീസിലും) നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.