വാട്സാപ്പിൻ്റെ പുതിയ സ്വകാര്യത നയം വന്നിതിലൂടെ ശ്രദ്ധാ കേന്ദ്രമായ മേസേജിംഗ് ആപ്ലിക്കേഷനാണ് സിഗ്നൽ. ടെസ്ല സിഇഒ യും ലോകത്തെ തന്നെ ഒന്നാം നമ്പർ കോടിശ്വരനുമായ എലോൺ മസ്ക്ക് പോലും ആപ്പിനായി രംഗത്തെത്തുകയുണ്ടായി. സിഗ്നൽ ഉപയോഗിക്കൂ എന്നായിരുന്നു എലോണിൻ്റെ ട്വീറ്റ്. ഫെയ്സ്ബുക്കിൻ്റെ ഉടമസ്ഥതയിലുള്ള വാട്സാപ്പിൻ്റെ സ്വകാര്യത നയം സ്വീകരിക്കാതെ ആപ്പ് ഉപയോഗിക്കാനാകില്ലെന്ന് വന്നതോടെയാണ് സമാനമായ മറ്റ് ആപ്പുകളിലേക്ക് മാറാൻ ആളുകൾ ഒരുങ്ങിയത്.
2014 ൽ സിഗ്നൽ ഫൌണ്ടേഷനാണ് എൻഡ് റ്റു എൻഡ് എൻക്രിപ്ഷനോട് കൂടിയ സിഗ്നൽ ആപ്പ് അവതരിപ്പിച്ചത്. ഫെയ്സ്ബുക്കുമായി വേർപിരിഞ്ഞ് ഏതാനും മാസങ്ങൾക്ക് ശേഷം വാട്സാപ്പിൻ്റെ സ്ഥാപകനായിരുന്ന ബ്രിയാൻ അക്ടോൺ 50 മില്യൺ ഡോളർ നിക്ഷേപം നടത്തിയതോടെയാണ് കമ്പനിക്ക് അടിത്തറ പാകിയത്
മറ്റ് മെസേജിംഗ് ആപ്പുകളിൽ നിന്നും വ്യത്യസ്ഥമായി ഗ്രാൻ്റുകളും സംഭാവവകളും ഉപയോഗിച്ചാണ് സിഗ്നൽ പ്രവർത്തന മൂലധനം കണ്ടെത്തുന്നത്. ഉപഭോക്താക്കളുടെ സ്വകാര്യതയും ഡാറ്റാ സംരക്ഷണവുമാണ് സിഗ്നലിൻ്റെ പ്രഥമ പരിഗണനയെന്ന് സിഗ്നൽ ഫൗണ്ടേഷൻ്റെ എക്സിക്യൂട്ടീവ് ചെയർമാൻ ബ്രിയാൻ ആക്ടോൺ വ്യക്തമാക്കുന്നു.
അദ്ദേഹവുമായി ഒരു ടെലിവിഷൻ നടത്തിയ അഭിമുഖത്തിൻ്റെ പ്രസക്ത ഭാഗങ്ങൾ ഇതാ
Q) കണക്കുകൾ പ്രകാരം ജനുവരി ആദ്യ വാരം 1.8 മില്ല്യൺ ആളുകളാണ് ഇന്ത്യയിൽ സിഗ്നൽ ഡൗൺലോഡ് ചെയ്തത്. ഒരാഴ്ച്ചക്കുള്ളിൽ മൊത്തം ഡൗൺലോഡിൽ 14 ശതമാനത്തിൻ്റെ വർദ്ധനവുണ്ടായി. അടുത്തിടെയുണ്ടായ ഈ വലിയ മുന്നേറ്റത്തിന് എലോൺ മസ്കിനോട് കടപ്പാടുണ്ടോ?
തീർച്ചയായും അദ്ദേഹത്തിൻ്റെ ട്വീറ്റിന് ശേഷമാണ് ഡൗൺലോഡിൽ വർദ്ധനവും ആളുകൾക്ക് സിഗ്നലിൽ കൂടുതൽ താൽപര്യവും വർദ്ധിച്ചത്. എലോൺ മസ്ക്കിനോടും ആനന്ദ് മഹീന്ദ്രയോടും നന്ദിയുണ്ട്. ഞങ്ങളുടെ ആപ്പ് ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട പ്രമുഖരിൽ ചിലരാണ് ഇവർ.
Q) കൂടുതൽ പരിചിതവും സൗകര്യപ്രഥവുമായ വാട്സാപ്പ് പോലുള്ള ആപ്പിൽ നിന്ന് വൻതോതിൽ സിഗ്നലിലേക്ക് മാറുകയെന്നത് സാധ്യമാണോ?
പകരം വെക്കാൻ മറ്റൊന്ന് ആളുകൾക്ക് നൽകുക എന്നത് പ്രധാനമാണ്. സ്വകാര്യതക്ക് പ്രഥമ പരിഗണന നൽകുന്ന മറ്റൊരു സമാന ആപ്പ് നൽകുക മാത്രമാണ് സിഗ്നൽ ചെയ്യുന്നത്
Q) താങ്കൾ നിർമ്മിച്ച ആപ്പിൽ മാർക്ക് സുക്കൻബർഗിനുണ്ടായ വീക്ഷണം താങ്കളുടേതിനുമായി ഒത്തുപോകാൻ കഴിയാത്തത് കൊണ്ടാണല്ലോ നിങ്ങൾ വേർപിരിഞ്ഞത്. വാട്സാപ്പിനെ എങ്ങനെ മുന്നോട്ട് നയിക്കണം എന്നാണ് താങ്കൾ കരുതിയിരുന്നത്?
പലർക്കും അറിയാത്തതും മനസിലാകാത്തതുമായ ഒരു കാര്യമുണ്ട് വാട്സാപ്പ് സ്വയം പര്യാപ്തവും സ്വതന്ത്രവുമായിരുന്നു. വർഷത്തിൽ 99 സെൻ്റ് എന്ന ചെറിയ ഒരു തുക ഈടാക്കി പ്രവർത്തനം നടത്തിക്കൊണ്ടുപോകുന്നതിനാവശ്യമായ വരുമാനം കണ്ടെത്തുമായിരുന്നു. ഫെയ്സ്ബുക്ക് ഏറ്റെടുത്തതോടുകൂടി കാര്യങ്ങൾ മാറി. ഫെയ്സ്ബുക്കിന് വരുമാനം ഉണ്ടാക്കുന്ന രീതിയിൽ വാട്സാപ്പിനെ എങ്ങനെ ഉപയോഗിക്കണമെന്ന ക്യത്യമായ അജൻഡ അവർക്കുണ്ടായിരുന്നു. പരസ്യ മേഖലയിലും ബിസിനസ് ബന്ധങ്ങളിലും അവർക്കുള്ള മേൻമ ഉപയോഗിച്ചാണ് തീരുമാനങ്ങൾ കൈക്കൊണ്ടത്. ഇത് എൻ്റെ താൽപര്യങ്ങളുമായി ഒത്തുപോകുന്നതായിരുന്നില്ല.
ആശയവിനിമയത്തിൽ കൂടുതൽ സുരക്ഷിതവും വിശ്വാസ്യതയും കൊണ്ടുവരികയാണ് എൻ്റെ ലക്ഷ്യം
Q) തുടക്കകാലത്ത് താങ്കൾ നടപ്പാക്കിയ മോണിറ്റൈസേഷൻ പ്ലാൻ കൂടുതൽ കാലം മുന്നോട്ട് പോകാൻ പര്യാപ്തമായിരുന്നോ?
തീർച്ചയായും . വിശ്വസിക്കിുമോ ഇല്ലെയോ എന്ന് അറിയില്ല. സ്മാർട്ടായി കാര്യക്ഷമമായ രീതിയിൽ ചെലവ് നിയന്ത്രിക്കുകയാണെങ്കിൽ തീർച്ചയായും ആളുകൾ ചിന്തിക്കുന്ന തരത്തിൽ വലിയ ചിലവൊന്നും ഇതിനുണ്ടാകില്ല. വർഷത്തിൽ 99 സെൻ്റ് എന്ന ഞങ്ങളുടെ പ്ലാൻ വഴി ബിസിനസ് വർദ്ധിപ്പിക്കാനും ചെലവുകൾ നടത്താനും സാധിക്കും
Q) വാട്സാപ്പിൻ്റെ പുതിയ സ്വകാര്യത നയത്തെക്കുറിച്ച് എന്താണ് അഭിപ്രായം?
മനസിലാക്കാൻ ബുദ്ധിമുട്ടുള്ള സങ്കീർണ്ണമായ ഒന്നാണിത്. ശ്രദ്ധയോടെ വായിച്ചാൽ മാത്രമേ മനസിലാക്കാനാകൂ. സ്വകാര്യതക്കും മോണിറ്റൈസേഷനും തമ്മിൽ നേരിയ വേർതിരിവാണ് ഫെയ്സ്ബുക്ക് നൽകിയിരിക്കുന്നത്. ഒരു പക്ഷെ ഞാൻ കൂടുതൽ ഇഷ്ടപ്പെടാത്ത കാര്യം അതാണ്. ആളുകൾ പലപ്പോഴും അതിലേക്ക് വഴുതി വീണേക്കാം.
എന്നാൽ സിഗ്നലിനെ സംബന്ധിച്ച് അങ്ങനെ ഒരു പ്രശ്നം ഇല്ല. ആപ്പ് ഡൗൺലോഡ് ചെയ്യുന്നവർക്ക് മനസിലാകുന്ന രീതിയിൽ നേർവഴിക്കാണ് സ്വകാര്യതാ നയത്തെക്കുറിച്ച് പഞ്ഞിട്ടുള്ളത്.
Q) തങ്ങളുടെ ഡാറ്റ അത്ര വലിയ കാര്യമല്ല എന്ന് ചിന്തിക്കുന്നവരോട് താങ്കൾക്ക് എന്താണ് പറയാനുള്ളത്
നിങ്ങളുടെ ഡാറ്റ കയ്യാളുന്ന കമ്പനികളുമായി ഇത്തരം ബന്ധമാണ് ഉള്ളതെങ്കിൽ നിങ്ങൾ ഒരിക്കലും പ്രതീക്ഷിക്കാത്ത സർപ്രൈസുകൾ തരാൻ അവർക്ക് കഴിയും
Q) സിഗ്നലിനെ സാമ്പത്തികമായി സ്വയം പര്യാപ്തതയിൽ എത്തിക്കാനും താങ്കൾ ശ്രമിക്കുന്നുണ്ടല്ലോ, എന്താണ് ഇതിനുള്ള പ്ലാൻ
ഡാറ്റയിലെ സ്വകാര്യത, വിവരങ്ങളുടെ സുരക്ഷിതത്വം എന്നിവയിൽ സിഗ്നലിന് ചെയ്യാവുന്ന കാര്യങ്ങളിൽ കൂടുതൽ പര്യവേഷണം നടത്തണം. ഭാവിയിൽ മെസേജിംഗിന് അപ്പുറത്തേക്ക് വളരണം. ഒരു മികച്ച ഉത്പന്നം ഉണ്ടെന്ന് ഉറപ്പാക്കലാണ് ഇപ്പോഴത്തെ പ്രഥമ ദൗത്യം. സംഭാവനകൾ തന്നെയാണ് പ്രധാന വരുമാന മാർഗമായി കാണുന്നത്. ആളുകൾക്ക് ദിവസേന ഉപയോഗിക്കേണ്ട കൂടുതൽ കാര്യങ്ങൾ നിർമ്മിക്കുകയാണെങ്കിൽ സംഭാവനയും ലഭിക്കും. വിക്കിപീഡിയയുടെ സേവനം അതിന് ഉദാഹരണമാണ്.
Q) ടെലഗ്രാമിൽ നിന്ന് സിഗ്നൽ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു. എന്തുകൊണ്ട് ടെലഗ്രാമിൽ നിന്ന് ആളുകൾ സിഗ്നലിലേക്ക് വരണം?
വാട്സാപ്പിനേയും മറ്റ് മെസഞ്ചറുകളുടേയും പോലെ ടെലഗ്രാമും ബിസിനസാണ്. വരാനിരിക്കുന്ന മോണിറ്റൈസേഷൻ തന്ത്രങ്ങളെക്കുറിച്ച് ടെലഗ്രാമിന് വ്യക്തതയില്ല. ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിനുമായി അവർ പരീക്ഷണം നടത്തിയെങ്കിലും പിന്നീട് വേണ്ടെന്ന് വച്ചു. മറ്റ് പരസ്യ രീതികളക്കുറിച്ചും അവർ ആലോചിക്കുന്നു. അവരുടെ സുസ്ഥിര മാതൃക എന്താണെന്ന കാര്യം അവർക്ക് കണ്ടെത്താൻ ആയിട്ടില്ല
Q) ഇന്ത്യയെക്കുറിച്ച് മാത്രം സംസാരിക്കുകയാണെങ്കിൽ കമ്പനിയുടെ ഇന്ത്യയിലെ ദീർഘ നാളത്തേക്കുള്ള പ്ലാനുകൾ എന്തെല്ലാമാണ്?
ഇൻ്റർനെററ്റ് മേഖലയിലെ ലീഡറായാണ് ഇന്ത്യയെ കാണുന്നത്.ഞങ്ങളുടെ ഉത്പന്നത്തെ കൂടുതൽ മികച്ചതാക്കാനാ
വശ്യമായ സഹായങ്ങളും നിർദേശങ്ങളും ഇന്ത്യയിൽ നിന്നും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആപ്പിലെ എൻഗേജ്മെൻ്റ് വർദ്ധിപ്പിക്കുന്നതിനായി ഇന്ത്യയിൽ കൂടുതൽ സമയം ചെലവഴിക്കേണ്ടതുണ്ട്. ഇന്ത്യയിലെ ജനങ്ങളെ എങ്ങനെ സ്വാധീനിക്കാം എന്നത് ഞങ്ങൾ എപ്പോഴും ചിന്തിക്കുന്ന കാര്യമാണ്.
Q) സിഗ്നലുമായി എത്തുമ്പോൾ നിങ്ങൾ പരാജയം ഭയന്നിരുന്നോ?
തീർച്ചയായും, വളരയേറെ മത്സരം നടക്കുന്ന ഇടമാണ് ടെക്നോളജി മേഖല. തുറന്ന് പറയുകയാണെങ്കിൽ ഞങ്ങൾക്ക് ഇപ്പോഴും ധാരാളം കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. വിവരങ്ങൾ സംരക്ഷിച്ചുകൊണ്ടുള്ള മേസേജിംഗ് ആപ്പ് എന്ന നിലയിൽ തുടരാൻ ഞങ്ങൾ കഠിന പ്രയത്നം തുടർന്ന് കൊണ്ടിരിക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Brian Acton, Signal App